ധരംശാലയിലും വിജയം സ്വന്തമാക്കി ഇന്ത്യ; നൂറാം ടെസ്റ്റിൽ മിന്നും തിളക്കവുമായി അശ്വിൻ, കരുത്തുകാട്ടി യുവനിര

ധരംശാല: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരവും സ്വന്തമാക്കി ഇന്ത്യ. ധരംശാലയിൽ നടന്ന അഞ്ചാം മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കാലിടറിയ ഇംഗ്ലണ്ടിന് മൂന്നാം ദിനം അവസാനിക്കും മുൻപ് അടിയറവ് പറയേണ്ടി വന്നു. ഇന്നിംഗ്‌സിലും 64 റൺസിനുമാണ് ജയം. 4-1നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. മുതിര്‍ന്ന താരങ്ങള്‍ പലരും ഇല്ലാതിരുന്നിട്ടും അനായാസം പരമ്പര നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞു.

ഒന്നാം ഇന്നിംഗ്സ് 218, രണ്ടാം ഇന്നിംഗ്സ് 195 എന്നിങ്ങനെയാണ് ഇംഗ്ലണ്ട് നേടിയത്. ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 477 റൺസ് എടുത്തു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്ര അശ്വിനാണ് ഇംഗ്ലണ്ടിൻ്റെ പതനം വേഗത്തിലാക്കിയത്. ജസ്പ്രീത് ബുംറയും കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ശേഷിച്ച ഒരു വിക്കറ്റ് ജഡേജ തന്‍റെ പേരിലാക്കി. നൂറാം ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സുകളിലുമായി 9 വിക്കറ്റ് നേടിയ രവിചന്ദ്ര അശ്വിനാണ് കളിയിലെ താരം.

84 റൺസെടുത്ത ജോ റൂട്ടാണ് ഇംഗ്ലീഷ് നിരയിലെ ടോപ്പ് സ്കോറർ. ജോണി ബെയർസ്റ്റോ 39 റൺസെടുത്തു. രണ്ടാം ദിനത്തിലെ 473 ന് 8 എന്ന നിലയിൽ മൂന്നാം ദിനം തുടങ്ങിയ ഇന്ത്യയ്ക്ക് നാല് റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ ശേഷിച്ച വിക്കറ്റുകളും നഷ്ടമായി. ഷോയ്ബ് ബഷീർ അഞ്ച് വിക്കറ്റും, ജയിംസ് ആൻഡേഴ്സൺ രണ്ട് വിക്കറ്റും വീഴ്ത്തി. കുൽദീപ് യാദവിൻ്റെ വിക്കറ്റ് വീഴ്ത്തിയതോടെ ആൻഡേഴ്സൻ ടെസ്റ്റ് ക്രിക്കറ്റിൽ 700 വിക്കറ്റ് എന്ന നേട്ടത്തിലെത്തി. സര്‍ഫറാസ് ഖാന്‍, ദേവ്ദത്ത് പടിക്കല്‍, ദ്രുവ് ജുറെല്‍ എന്നിവരുടെ അരങ്ങേറ്റ മത്സരമായിരുന്നു. തുടക്കം തന്നെ മികച്ച പ്രകടനം കാഴ്ചവക്കാന്‍ സാധിച്ചതും ഇന്ത്യയുടെ ജയത്തിന് മാറ്റ് കൂട്ടി. പരമ്പര വിജയിച്ചതോടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഒന്നാം സ്ഥാനം ഇന്ത്യ അരക്കിട്ടുറപ്പിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top