റഷ്യക്കെതിരെ യുക്രെയ്നിലേക്ക് ഇന്ത്യൻ ആയുധങ്ങളും; ഒളിച്ചുകളി തുടർന്ന് രാജ്യങ്ങൾ


റഷ്യൻ സമ്മർദങ്ങളെ മറികടന്ന് യുക്രെയ്നിലേക്ക് ഇന്ത്യൻ ആയുധങ്ങൾ വിതരണം ചെയ്യുന്നതായി റിപ്പോർട്ട്. യൂറോപ്യൻ രാജ്യങ്ങൾക്ക് വിറ്റ പീരങ്കി ഷെല്ലുകളാണിതെന്നാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഒരു വർഷത്തിലേറെയായി ഇത്തരം ആയുധങ്ങൾ റഷ്യയ്ക്കെതിരായി യുക്രെയ്ൻ ഉപയോഗിക്കുന്നതായി വാർത്തകൾ ഉണ്ടായിരുന്നു. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും തമ്മിൽ ഇക്കഴിഞ്ഞ ജൂലൈയിൽ നടന്ന കൂടിക്കാഴ്ചയിലും ഈ വിഷയം ചർച്ചയായെന്നായിരുന്നു വാർത്തകൾ.

റഷ്യയുടെയും ഇന്ത്യയുടെയും വിദേശ, പ്രതിരോധ മന്ത്രാലയങ്ങൾ റിപ്പോർട്ടിനോട് പ്രതികരിച്ചിരുന്നില്ല. ഇന്ത്യ യുക്രെയ്നിലേക്ക് പീരങ്കി ഷെല്ലുകൾ അയയ്ക്കുകയോ വിൽക്കുകയോ ചെയ്തിട്ടില്ലെന്ന് ജനുവരിയിൽ ഇന്ത്യൻ വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. റഷ്യ ഇന്ത്യൻ ആയുധങ്ങളെപ്പറ്റി പ്രതിഷേധം അറിയിച്ചെങ്കിലും ഇന്ത്യ വിതരണം അവസാനിപ്പിക്കാൻ ഇടപെട്ടില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ.

ഇന്ത്യൻ ആയുധ കയറ്റുമതി കരാറുകളിലെ നിയന്ത്രണങ്ങൾ പ്രകാരം വിതരണം ചെയ്യുന്ന ആയുധങ്ങളുടെ ഉപയോഗം വാങ്ങുന്ന രാജ്യത്തിന് മാത്രമായി പരിമിതപ്പെടുത്തുന്നു. ഇത് മറ്റൊരു രാജ്യത്തിന് ഉപയോഗത്തിനായി കൈമാറാനാകില്ല. അനധികൃത കൈമാറ്റങ്ങൾ നടന്നാൽ ഭാവിയിൽ വിൽപ്പന അവസാനിപ്പിക്കുമെന്നാണ് ഉടമ്പടി. വളരെ ചെറിയൊരു ശതമാനം മാത്രമാണ് യുക്രെയ്ൻ യുദ്ധത്തിൽ ഉപയോഗിക്കുന്ന ഇന്ത്യൻ നിർമിത ആയുധങ്ങൾ. യുദ്ധാനന്തരം ഇറക്കുമതി ചെയ്ത മൊത്തം ആയുധങ്ങളുടെ ഒരു ശതമാനത്തിൽ താഴെയാണിത്. ഇന്ത്യയുടെ യൂറോപ്യൻ ഉപഭോക്താക്കൾ ആയുധങ്ങൾ വീണ്ടും വിറ്റതാണോ അതോ യുക്രെയ്ന് സംഭാവന നൽകിയതാണോ എന്ന് വാർത്താ ഏജൻസിക്ക് സ്ഥിരീകരിക്കാനായിട്ടില്ല.


ഇറ്റലി, സ്പെയിൻ, ചെക്ക് റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങളാണ് ഇന്ത്യയിൽ നിന്നും പ്രധാനമായി ആയുധങ്ങൾ വാങ്ങുന്നത്. ഈ രാജ്യങ്ങളുടേയും യുക്രെയ്നിൻ്റെയും പ്രതിരോധ മന്ത്രാലയങ്ങളോട് പ്രതികരണം ആരാഞ്ഞെങ്കിലും നിശബ്ദത പാലിക്കുകയാണ് ഉണ്ടായതെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ആയുധ കൈമാറ്റം നടക്കുന്നു എന്ന അറിവുണ്ടായിട്ടും യൂറോപ്പിലേക്കുള്ള വിതരണം തടയാൻ ഇന്ത്യ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും റോയിട്ടേഴ്സ് ആരോപിക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top