ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേനാ മേധാവി; ജൂൺ മുപ്പതിന് സ്ഥാനമേൽക്കും; നിയമനം സേനാ തലവന്‍ മനോജ് പാണ്ഡെയുടെ കാലാവധി അവസാനിക്കാനിരിക്കെ
ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദി കരസേനാ മേധാവിയായി നിയമിതനാകും. ജൂൺ മുപ്പതിന് സ്ഥാനമേൽക്കും. നിലവിലെ മേധാവി മനോജ് പാണ്ഡെയുടെ കാലാവധി ഈ മാസം 30ന് അവസാനിക്കുകയാണ്. അതിന് മുന്നോടിയായാണ് നിയമനം.
കരസേനാ ഉപമേധാവിയായി ഫെബ്രുവരിയിലാണ് ലഫ്.ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റത്. പാക്കിസ്ഥാൻ, ചൈന അതിർത്തികളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുള്ള ഉപേന്ദ്ര ദ്വിവേദി സേനാ മേധാവിയായേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ചതും വലുതുമായ സൈന്യങ്ങളിലൊന്നിന്‍റെ തലവനായാണ് ദ്വിവേദി തിരഞ്ഞെടുക്കപ്പെടുന്നത്.
1984ലാണ് സേനയിൽ ചേർന്നത്. അതിർത്തിപ്രശ്നങ്ങളിൽ ഇന്ത്യയ്ക്കായി നിർണായക ഇടപെടലുകൾ നടത്തിയിട്ടുണ്ട്. ഉധംപുർ ആസ്ഥാനമായ വടക്കൻ കമാൻഡിന്റെ മേധാവിയായും സേവനമനുഷ്ഠിച്ചു. നാഷനൽ ഡിഫൻസ് കോളജിലും യുഎസ് വാർ കോളജിലുമുൾപ്പെടെ ഉന്നത വിദ്യാഭ്യാസം നേടിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here