പോപ്പ് വേറെ പണിനോക്കാൻ ഇന്ത്യയിലെ കത്തോലിക്കാസഭ!! സ്ത്രീകളുടെ കാൽകഴുകൽ, സ്വവർഗാനുരാഗം, മതസൗഹാർദം തുടങ്ങിയൊന്നിലും മാർപ്പാപ്പയെ ഉൾക്കൊണ്ടില്ല

കത്തോലിക്കരുടെ മരണാനന്തര ചടങ്ങുകളിൽ നടത്തുന്ന ചരമപ്രസംഗത്തിൻ്റെ തനിപകർപ്പായി ഫ്രാൻസിസ് മാർപ്പാപ്പയുടെ മരണശേഷം അദ്ദേഹത്തെക്കുറിച്ച് കേരളത്തിലെ കത്തോലിക്കാ മെത്രാന്മാർ മാധ്യമങ്ങളിൽ നടത്തുന്ന അനുസ്മരണങ്ങൾ. പോപ്പിൻ്റെ മഹത്വം വർണിച്ചുകൊണ്ട്, അദ്ദേഹം സർവമത സാഹോദര്യത്തിന് വേണ്ടി നിലകൊണ്ടുവെന്നും, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഒപ്പം നിന്നുവെന്നുമെല്ലാം ഇപ്പോൾ വലിയവായിൽ പറയുന്ന ഇവരിലാരാളും പക്ഷെ ഇക്കാര്യത്തിലൊന്നും പോപ്പ് ഫ്രാൻസിസിൻ്റെ വഴി പിന്തുടർന്നില്ല എന്നതാണ് സത്യം; എന്ന് മാത്രമല്ല അതിന് കടകവിരുദ്ധമായി നിലപാടെടുത്ത് വിശ്വാസികളെ ഉദ്ബോധിപ്പിച്ചവരുമാണ്.

മതസൗഹാർദം, പ്രത്യേകിച്ച് ഇസ്ലാമുമായുള്ള ബന്ധം

മതങ്ങൾക്കിടയിലെ ബന്ധം ഊഷ്മളമായി കൊണ്ടുപോകണമെന്ന് ശക്തമായി നിലപാടെടുത്തിട്ടുള്ള ഫ്രാൻസിസ് പാപ്പ, കിട്ടിയ അവസരങ്ങളിലൊക്കെ അതിന് പ്രായോഗിക മാർഗങ്ങളും അവതരിപ്പിച്ച് മാതൃക കാട്ടിയിട്ടുണ്ട്. ചരിത്രത്തില്‍ ആദ്യമായി ഒരു മാര്‍പാപ്പ ഗള്‍ഫ് നാടുകൾ സന്ദര്‍ശിച്ചത് 2019ലാണ്. അബുദാബിയിലെ ഷെയ്ഖ് സായിദ് മോസ്‌ക് സന്ദർശിച്ച മാർപാപ്പ, മാനവസാഹോദര്യ സമ്മേളനത്തിലും പങ്കെടുത്ത്, അബുദാബി ഗ്രാൻഡ് മോസ്ക് ഇമാമുമായി ഒപ്പിട്ട അബുദാബി ഡിക്ലറേഷൻ ചരിത്രത്തിൽ ഇടംപിടിച്ചതാണ്. ഏറ്റവുമൊടുവിൽ ശിവഗിരി മഠം മുൻകൈയ്യെടുത്ത് വത്തിക്കാനിൽ നടത്തിയ ലോകമത സമ്മേളനത്തിന് വേദിയൊരുക്കുകയും അതിൽ പങ്കെടുത്ത് അവരോട് തികഞ്ഞ സാഹോദര്യം കാട്ടുകയും ചെയ്തു.

ഇവിടെയോ, ലൗജിഹാദിൻ്റെയും ലോകത്ത് പലയിടത്തുമുണ്ടായ മറ്റു വർഗീയ പ്രശ്നങ്ങളുടെയും പേരിൽ ആശങ്കയിലായ വിശ്വാസികളുടെ മനസുകളിലേക്ക്, എരിതീയിൽ എണ്ണയൊഴിക്കും വിധം മതവിദ്വേഷം നിറയ്ക്കുന്നവരാണ് സഭയെ നയിക്കുന്നത്. പ്രസംഗങ്ങളും പ്രവൃത്തികളും കൊണ്ട് ഇതിനെ ആളിക്കത്തിക്കാനല്ലാതെ ഒരുവിധത്തിലും നിയന്ത്രിക്കാനുളള ഒരുശ്രമവും ഒരു മെത്രാൻ്റെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ഏറ്റവുമൊടുവിൽ രാജ്യത്തെ മുസ്ലിങ്ങളാകെ ആശങ്കയോടെ കണ്ട വഖഫ് ഭേദഗതി ബില്ലിനെതിരെ പാർലമെൻ്റിൽ ശബ്ദമുയർത്താൻ എംപിമാരെ ആഹ്വാനം ചെയ്ത മെത്രാൻ സമിതിയാണ് രാജ്യത്തെ കത്തോലിക്കരെ നയിക്കുന്നത്.

ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം

ലൈംഗിക ന്യൂനപക്ഷങ്ങളും മനുഷ്യരാണെന്നും അവരും ദൈവത്തിൻ്റെ മക്കളാണെന്നും അവരെ ഉൾക്കൊള്ളണമെന്നും തുടരെ ആവശ്യപ്പെട്ട പോപ്പാണ് ഫ്രാൻസിസ്. സ്വവർഗാനുരാഗം കുറ്റമാണെന്ന് നിലപാടെടുത്ത രാജ്യങ്ങളെ അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും അവർ കുറ്റവാളികളല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ഏക മാർപാപ്പ. പരമ്പരാഗത വിവാഹത്തിൻ്റെ മഹത്വം എടുത്ത് പറയുമ്പോൾ തന്നെ സ്വവർഗ ദമ്പതികളെ അംഗീകരിക്കാനും തയ്യാറായി.

ഇവിടെയോ, പ്രസംഗത്തിലോ പ്രവൃത്തിയിലോ ഇവരെ ഉൾക്കൊള്ളുന്ന ഒരു സമീപനവും ഇന്ത്യയിലെ കത്തോലിക്കാ സഭകളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. എന്ന് മാത്രമല്ല അതെല്ലാം ഏറ്റുപറഞ്ഞ് കുമ്പസാരിച്ച് മാപ്പിരക്കേണ്ട കുറ്റകൃത്യമാണെന്ന് ഇന്നും പഠിപ്പിക്കുന്നുമുണ്ട്. മാതാപിതാക്കൾ സ്വവർഗഭോഗം നടത്തുന്നത് കൊണ്ടാണ് മക്കൾക്ക് ഓട്ടിസം ബാധിക്കുന്നതെന്ന് പ്രസംഗിച്ച് വിവാദത്തിൽപെട്ട പ്രമുഖ ധ്യാനകേന്ദ്രം നടത്തിപ്പുകാരനായ വൈദികനെ നാളിതുവരെ തിരുത്താൻ പോലും ഇവരിലാരും തയ്യാറായിട്ടില്ല. എന്നാലും അരികുവൽക്കരിക്കപ്പെട്ടവരെ സംരക്ഷിക്കുന്ന മാർപാപ്പയുടെ മഹത്വത്തെക്കുറിച്ച് പറയാൻ നൂറുനാവാണ്.

വൈദികർ ഉൾപ്പെട്ട ലൈംഗിക കുറ്റകൃത്യങ്ങൾ

സ്ത്രീകളോടും പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളോടും വിവിധ രാജ്യങ്ങളിലെ വൈദികർ നടത്തിയിട്ടുള്ള ലൈംഗിക അതിക്രമങ്ങൾക്ക് പലവട്ടം പരസ്യമായി മാപ്പിരന്ന സഭാതലവനാണ് ഫ്രാൻസിസ് മാർപാപ്പ. അവയൊന്നും മറച്ചുവയ്ക്കാനുള്ളത് അല്ലെന്നും മാതൃകാപരമായി ശിക്ഷ നൽകി നിയന്ത്രിക്കേണ്ടതാണ് എന്നുമുള്ള തികച്ചും സുതാര്യമായ നിലപാട് സ്വീകരിച്ച ഇത്തരമൊരു പോപ്പ് കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ വേറെയുണ്ടായിട്ടില്ല.

ഇവിടെയോ, വൈദികരും മെത്രാന്മാരും പ്രതികളായി വന്ന ലൈംഗികാതിക്രമ കേസുകളിൽ ഒന്നിൽപോലും ഫ്രാൻസിസ് മാർപാപ്പ മുന്നോട്ടുവച്ച ധാർമികത പുലർത്താൻ തയ്യാറായിട്ടില്ല. പകരം പ്രതികൾക്കൊപ്പം അടിയുറച്ച് നിന്ന് ഇരകളെ വീണ്ടും വേട്ടയാടുന്ന സമീപനമാണ് സാർവത്രികമായി ഇന്ത്യയിലെ കത്തോലിക്കാ സഭ സ്വീകരിച്ചു പോരുന്നത്. വൈദികരുടെ അതിക്രമം കോടതി ശരിവച്ച് ശിക്ഷവിധിച്ച കേസിൽ പോലും ഇതാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. പോപ്പ് ഫ്രാൻസിസിൻ്റെ ഇത്തരം ശുദ്ധീകരണ പരിപാടികളോട് എതിർപ്പുള്ള വലിയ വിഭാഗം വൈദികരും മെത്രാന്മാരും അദ്ദേഹത്തിൻ്റെ മഹത്വം പറയുമ്പോൾ ഇക്കാര്യം മിണ്ടാതെ വിടുകയാണ് പതിവ്.

ശുശ്രൂഷകളിൽ സ്ത്രീകളുടെ പങ്കാളിത്തം

സ്ത്രീകളുടെ പൗരോഹിത്യത്തിൻ്റെ കാര്യത്തിൽ പരമ്പരാഗത രീതി പിന്തുടർന്ന മാർപാപ്പ പക്ഷെ താൻ സ്ഥാനമേറ്റ 2013 മുതൽ പെസഹാ ദിനത്തിൽ സ്ത്രീകളുടെ കാലുകൾ കഴുകുകയും സഭയിലെ എല്ലാ വൈദികരെയും അതിന് അനുവദിക്കുകയും ചെയ്തു. പിന്നീട് തുടർച്ചയായ വർഷങ്ങളിൽ സ്ത്രീകളുടെ കാൽകഴുകിയ അദ്ദേഹം ഒന്നിലേറെ തവണ ജയിൽ അന്തേവാസികളായ സ്ത്രീകളെ അതിന് തിരഞ്ഞെടുത്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളെയും ഈ സംഘത്തിൽ ഉൾപ്പെടുത്തിയത് ലോകത്തിന് നൽകിയ സന്ദേശം ചെറുതല്ല.

ഇവിടെയോ, നാളിതുവരെ പെസഹാ ശുശ്രൂഷയിൽ ഏതെങ്കിലും ഒരു സ്ത്രീയുടെ കാൽകഴുകി സമത്വത്തിൻ്റെ സന്ദേശം നൽകാൻ കേരള കത്തോലിക്കാ സഭയിലെ ഒരു മെത്രാനും തയ്യാറായിട്ടുമില്ല, തൻ്റെ കീഴിലെ വൈദികർക്കാർക്കും അതിന് അനുമതി നൽകിയിട്ടുമില്ല. മാർപാപ്പയുടെ മാതൃക പിന്തുടർന്ന് 2016ലെ പെസഹാദിനത്തിൽ സ്ത്രീകളുടെ കാൽകഴുകാൻ തയ്യാറായ എറണാകുളം -അങ്കമാലി അതിരൂപതയിലെ വൈദികൻ ജോസ് വൈലിക്കോടത്തിന് തുടർന്നുള്ള വർഷങ്ങളിൽ അതിന് അനുമതി ലഭിച്ചില്ല. പിന്നീടൊരു വർഷവും താൻ സ്ത്രീകളുടെ കാൽ കഴുകിയിട്ടില്ലെന്ന് മാധ്യമ സിൻഡിക്കറ്റിനോട് സ്ഥിരീകരിച്ച ഫാദർ വൈലിക്കോടത്ത് പക്ഷെ ഇപ്പോൾ തനിക്ക് ഇടവകയുടെ ചുമതല ഇല്ലെന്നും വിശ്രമ ജീവിതത്തിലാണെന്നും വിശദീകരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top