‘രാമക്ഷേത്രം നിർമ്മിച്ചത് ആർഎസ്എസ് അല്ല എന്നത് ഭരണഘടന എഴുതിയത് മോഹൻ ഭാഗവതല്ല എന്നപോലെ മറ്റൊരു സത്യം’; പുതിയ വിവാദം കൊഴുക്കുന്നു
ഇന്ത്യയ്ക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചത് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിലാണെന്ന ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിൻ്റെ അവകാശവാദത്തിന് എതിരെ ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം). രാമക്ഷേത്രത്തിന് പിന്നിൽ ആർഎസ്എസിന് ഒരു റോളുമില്ലെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു. രാജ്യത്തിൻ്റെ ഭരണഘടന എഴുതിയത് മോഹൻ ഭാഗവത് അല്ല എന്ന യാദാർത്ഥ്യം പോലെ രാമക്ഷേത്ര നിർമ്മിച്ചത് ആർഎസ്എസ് അല്ലെന്നാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. ആർഎസ്എസ് മേധാവി അസത്യം പ്രചരിപ്പിക്കുകയാണെന്നും റാവത്ത് കുറ്റപ്പെടുത്തി.
രാമക്ഷേത്രം ആയിരക്കണക്കിന് വർഷങ്ങളായി ഇവിടെയുണ്ട്. അതിന് വേണ്ടി ശിവസേന പോരാടിയിട്ടുണ്ട്. അത് എതെങ്കിലും രാഷ്ട്രീയ നേട്ടത്തിനായല്ല. രാമക്ഷേത്ര വിഷയത്തിൽ രാഷ്ട്രീയം കലർത്താൻ പാടില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിക്ക് ദേശീയ ദേവി അഹല്യ അവാർഡ് സമ്മാനിച്ച് സംസാരിക്കുമ്പോഴായിരുന്നു ആർഎസ്എസ് മേധാവിയുടെ വിവാദ പരാമർശം. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനം പ്രതിഷ്ഠാ ദ്വാദശിയായി ആഘോഷിക്കണമെന്നും ഭാഗവത് ആവശ്യപ്പെട്ടിരുന്നു.
ആരേയും എതിർക്കാനല്ല രാമക്ഷേത്രപ്രസ്ഥാനം ആരംഭിച്ചത്. രാജ്യത്തിന് സ്വന്തം കാലിൽ നിൽക്കാനും ലോകത്തിന് വഴികാണിക്കാനും ഭാരതത്തെ സ്വയം ഉണർത്താനുമാണെന്നും ഭാഗവത് കൂട്ടിച്ചേർത്തു. അതേസമയം കഴിഞ്ഞ വർഷം ജനുവരി 22നായിരുന്നു അയോധ്യയിൽ പ്രതിഷ്ഠ നടത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ നടത്തിയത്. അതിനെതിരെ പ്രതിപക്ഷ പാർട്ടികൾ വലിയ വിമർശനമാണ് ഉന്നയിച്ചിരുന്നത്. ഇന്ത്യയുടെ മതേതരത്വം അപ്രസക്തമായി എന്നായിരുന്നു പ്രധാന വിമർശനം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയായിരുന്നു പ്രതിഷ്ഠാ ചടങ്ങ് സംഘടിപ്പിച്ചത്. ഇത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here