‘സ്ത്രീകള്‍ക്ക് അധികാരം ലഭിച്ചാൽ രാജ്യത്തിൻ്റെ സർവനാശം’; ഇന്ദിരാഗാന്ധിയുടെ ഭരണകാലം ചൂണ്ടിക്കാട്ടി യുവരാജ് സിംഗിൻ്റെ പിതാവിൻ്റെ വിമർശനം

യുവരാജ് സിംഗിൻ്റെ പിതാവും മുൻ ക്രിക്കറ്റ് താരവുമായ യോഗരാജ് സിംഗിൻ്റെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ വിവാദത്തിൽ. സ്ത്രീകൾക്ക് അധികാരം നൽകരുതെന്ന പ്രസ്താവനക്കെതിരെ വിമർശനം ശക്തമാകുകയാണ്. വ്യാപക വിമർശമാണ് സോഷ്യൽ മീഡിയയിൽ പരാമർശത്തിന് എതിരെ ഉയരുന്നത്. സ്ത്രീകളെ അവഹേളിക്കുന്ന പരാമർശമാണ് ഇതെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. പുരുഷാധിപത്യ വീക്ഷണത്തിൻ്റെ ഉത്തമ ഉദാഹരണമായിട്ടാണ് അദ്ദേഹത്തിൻ്റെ വാക്കുകൾ വിമർശകർ ചൂണ്ടിക്കാട്ടുന്നത്.

സ്ത്രീകൾക്ക് അധികാരം ലഭിച്ചാൽ സർവ്വനാശമായിരിക്കും എന്ന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഭരണകാലം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. അവരുടെ ഭരണകാലത്ത് രാജ്യം വലിയ തകർച്ച നേരിട്ടുവെന്നാണ് അദ്ദേഹത്തിൻ്റെ ആരോപണം. “ഒരിക്കലും ഒരു സ്ത്രീക്ക് അധികാരം നൽകരുത്. പകരം അവർക്ക് സ്‌നേഹവും ആദരവും ബഹുമാനവും നൽകുക” എന്നും സിംഗ് ആവശ്യപ്പെട്ടു. യൂട്യൂബർ സംദിഷ് ഭാട്ടിയയുമായുള്ള അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ഹിന്ദി സ്ത്രീകൾക്കുള്ള ഭാഷയാണെന്നും അതിനാൽ പുരുഷന്മാർ പഞ്ചാബിയിൽ സംസാരിക്കണമെന്നും യോഗരാജ് സിംഗ് പറഞ്ഞു.

ഒരു ഇടുങ്ങിയ ചിന്താഗതിക്കാരൻ്റെ ദുഖകരമായ പ്രസ്താവന എന്നും നിരവധി ആളുകൾ യോഗരാജിനെ കുറ്റപ്പെടുത്തി. എന്നാൽ അദ്ദേഹത്തിനും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞ് അദ്ദേഹത്തിന് പിന്തുണ നൽകുന്നവരുമുണ്ട്. യോഗരാജ് സിംഗ് ഒരു സ്ത്രീയെയും അപമാനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. അദ്ദേഹം തൻ്റെ അഭിപ്രായം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. നിങ്ങൾക്ക് അദ്ദേഹത്തിൻ്റെ അഭിപ്രായത്തോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. അത് നിങ്ങളുടെ വ്യക്തിസ്വാതന്ത്ര്യമാണ് എന്നാണ് മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top