ബംഗ്ലാദേശ് പ്രക്ഷോഭം വികസന പദ്ധതികളെ ബാധിച്ചെന്ന് ഇന്ത്യ; ധാക്കയുമായി ചര്‍ച്ച സാധാരണ നില കൈവരിച്ച ശേഷം മാത്രം

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പുറത്താക്കപ്പെടുകയും രാജ്യമെങ്ങും അക്രമാസക്തമായ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും ചെയ്തതിനുശേഷം ബംഗ്ലാദേശ് വിഷയത്തില്‍ ആദ്യമായി മനസുതുറന്ന് ഇന്ത്യ. രാജ്യത്തെ തകര്‍ന്ന ക്രമസമാധാന നില ഇന്ത്യ നടപ്പിലാക്കുന്ന വികസനപദ്ധതികളെ ദോഷകരമായി ബാധിച്ചതായാണ് ഇന്ത്യ വ്യക്തമാക്കിയത്. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ആണ് പ്രതികരണം നടത്തിയത്. ബംഗ്ലാദേശില്‍ രാഷ്ട്രീയ മാറ്റങ്ങളുണ്ട്. അത് വിനാശകരമാകാമെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ പറഞ്ഞു.

“ബംഗ്ലാദേശില്‍ ഇന്ത്യ നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ളതാണ്. പ്രക്ഷോഭം കാരണം പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു. സാധാരണ നില പുനസ്ഥാപിച്ചാല്‍ ധാക്കയുമായി സംസാരിക്കും. ഇടക്കാല സർക്കാരുമായി കൂടിയാലോചനകളിൽ ഏർപ്പെടും. അതിനുശേഷം സ്ഥിതി വിലയിരുത്തും. ഇന്ത്യയിലേക്കുള്ള വിസ പരിമിതപ്പെടുത്തിയിട്ടുണ്ട്. അടിയന്തര ആവശ്യങ്ങൾക്കോ ​​മെഡിക്കൽ ആവശ്യങ്ങൾക്കോ ​​വേണ്ടിയാണ് വിസ അനുവദിക്കുന്നത്. ക്രമസമാധാനം പുനസ്ഥാപിക്കുകയും സാധാരണ നില കൈവരിക്കുകയും ചെയ്‌താല്‍ മാത്രമേ പൂർണ്ണ വിസ സേവനങ്ങൾ പുനരാരംഭിക്കാൻ കഴിയൂ.” – ജയ്‌സ്വാൾ പറഞ്ഞു.

ബംഗ്ലാദേശിലെ വെള്ളപ്പൊക്കത്തിന് ഇന്ത്യ കാരണക്കാരായി എന്ന ആരോപണവും വിദേശകാര്യമന്ത്രാലയം തള്ളിക്കളഞ്ഞു. എല്ലാ വിവരങ്ങളും ബംഗ്ലാദേശിന് കൈമാറിയതായാണ് ഇന്ത്യ അറിയിച്ചത്.

ബംഗ്ലാദേശിന്റെ ഏറ്റവും വലിയ വികസന പങ്കാളിയാണ് ഇന്ത്യ. റോഡുകൾ, റെയിൽവേ, ഷിപ്പിംഗ്, തുറമുഖങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഇന്ത്യന്‍ സഹായം രാജ്യത്തിന്‌ ലഭിക്കുന്നുണ്ട്. പദ്ധതികളുടെ തുടര്‍ നടത്തിപ്പിന് ഇനിയും സമയം എടുക്കും എന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്.

ബംഗ്ലാദേശില്‍ നടന്ന ബഹുജനപ്രക്ഷോഭത്തെ തുടര്‍ന്ന് രാജ്യം വിട്ട മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇപ്പോള്‍ ഇന്ത്യയിലാണ്. പ്രത്യേക സൈനികവിമാനത്തിലാണ് ഓഗസ്റ്റ് അഞ്ചിന് അവര്‍ ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമതാവളത്തില്‍ എത്തിയത്. ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങളില്‍ രാഷ്ട്രീയാഭയത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല. രാജിവച്ചൊഴിഞ്ഞതിന് പിന്നാലെ പാര്‍ലമെന്‍റും ഷെയ്ഖ് ഹസീനയുടെ വസതിയും പ്രതിഷേധക്കാര്‍ കയ്യേറിയിരുന്നു.

ഹസീനയെ സ്ഥാനഭ്രഷ്ടയാക്കാന്‍ നടത്തിയ പ്രക്ഷോഭത്തില്‍ നൂറുകണക്കിന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പ്രക്ഷോഭം പിന്നീട് ന്യൂനപക്ഷവംശജര്‍ക്ക് എതിരെ തിരിയുകയും ഒട്ടനവധിപേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. നൊബേൽ സമ്മാനജേതാവായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരാണ് ഇപ്പോള്‍ ഭരണം നടത്തുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top