തൊഴില്‍രഹിത ഡോക്ടർമാർക്ക് വിദേശജോലിക്ക് ഐ.എം.എയുടെ ശ്രമം; രാജ്യത്ത് 1.2 ലക്ഷംപേർക്ക് ജോലിയില്ലെന്ന് കണക്ക്

ബെംഗളൂരു: തൊഴിൽ രഹിതരായ ഡോക്ടർമാരുടെ രക്ഷക്ക് പദ്ധതികൾ ആവിഷ്കരിച്ച് കർണാടക ഐഎംഎ. മെഡിക്കല്‍ ബിരുദധാരികളുടെ എണ്ണം വര്‍ഷംതോറും കൂടുന്നെങ്കിലും അതിനനുസരിച്ച് തൊഴിലവസരങ്ങൾ ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തിൽ ഇവർക്ക് അനുയോജ്യമായ ജോലികൾ വിദേശത്ത് കണ്ടെത്താനാണ് ശ്രമം. വിദേശരാജ്യങ്ങളിലെ ഡോക്ടർമാരുടെ സംഘടനകളുടെ സഹായവും ഇതിനായി തേടുന്നുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ (ഐഎംഎ) കർണാടക ഘടകം പ്രസിഡന്റ്‌ ഡോ.ആര്‍.വി അശോകന്‍ പറഞ്ഞു.

കർണാടകയിലെ 706 മെഡിക്കൽ കോളജുകളിൽ നിന്നായി 1,08,915 വിദ്യാര്‍ഥികൾ ഓരോ വര്‍ഷവും പഠിച്ചിറങ്ങുന്നുണ്ട്. ഇവരിൽ നാൽപതിനായിരത്തോളം പേർക്കും പിജി പ്രവേശനത്തിന് അവസരം ഉണ്ടാകുന്നില്ല. ഇവരിൽ ബഹുഭൂരിപക്ഷം പേരും നീറ്റിനും, പിജി കോഴ്‌സുകളിലേക്കുള്ള മറ്റ് പ്രവേശന പരീക്ഷകൾക്കും തയ്യാറെടുക്കാനായി കോച്ചിങ് സെന്ററുകളിൽ ചേരുന്നു. തൊഴില്‍രഹിതരായ ഡോക്ടര്‍മാരും പലപ്പോഴും വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നുണ്ടെങ്കിലും നിരവധി സുരക്ഷാപ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഇത് പരിഹരിക്കാന്‍ ഫെസിലിറ്റേഷൻ ആൻഡ് ഇൻഫർമേഷൻ സെന്റർ സ്ഥാപിക്കാൻ ഐഎംഎ പറയുന്നു. നാഷണൽ മെഡിക്കൽ അസോസിയേഷനും ഓവർസീസ് മെഡിക്കൽ ഗ്രാജ്വേറ്റ്സ് അസോസിയേഷനും ഇതിൽ പങ്കാളികളാകും. മെഡിക്കൽ പ്രൊഫഷണലുകളുടെ റിക്രൂട്ട്‌മെന്റിനായി നാഷണൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായും ബന്ധപ്പെടുമെന്നും ഐഎംഎ നേതൃത്വം പറയുന്നു.

ഇന്ത്യയിൽ ഏകദേശം 1.2 ലക്ഷം തൊഴില്‍രഹിതരായ ഡോക്ടർമാരാണുള്ളത്. ഇവര്‍ക്ക് സർക്കാർ സർവീസിൽ ജോലി നൽകിയാൽ വലിയൊരളവിൽ പ്രശ്നം പരിഹരിക്കാൻ കഴിയും. ഡോക്ടർമാരെ ഫലപ്രദമായി ഉപയോഗിക്കാൻ ചില സംസ്ഥാനങ്ങൾ സ്വീകരിച്ചിട്ടുള്ള നൂതന മാർഗങ്ങളും ഐഎംഎ പരിശോധിക്കുന്നുണ്ട്. കേരളത്തിലെ പിജി വിദ്യാർത്ഥികൾക്ക് സർക്കാർ ഇൻസെന്റീവ് നല്‍കുന്നുണ്ട്. മാസം തോറും ഡോക്‌ടർമാർ വീടുകളിലെത്തി രോഗികളെ പരിശോധിക്കുന്ന ഔട്ട്‌റീച്ച് പ്രോഗ്രാമുകളും ആരംഭിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള മികച്ച മാതൃകകൾ ഓരോ സംസ്ഥാന ഘടകവും നിർദേശിക്കണമെന്നും കർണാടക ഐഎംഎ ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top