KSRTC പോലെ എയർഏഷ്യ… രണ്ടറ്റം മുട്ടിക്കാൻ ദിവസേന വിമാനത്തിൽ ജോലിക്ക് പോകുന്ന വീട്ടമ്മ; ഇന്ത്യക്കാരിയുടെ മലേഷ്യൻ ജീവിതം ഞെട്ടിക്കും

ദിവസത്തിൻ്റെ നല്ലൊരു പങ്കും ബസിലോ ട്രെയിനിലോ യാത്രക്കായി നീക്കിവയ്ക്കേണ്ടി വരുന്ന അമ്മമാരുടെയും അച്ഛന്മാരുടെയും നാടാണ് നമ്മുടേത്. കേരളത്തിലാണെങ്കിൽ അതിരാവിലത്തെ ട്രെയിനുകൾ പലതും രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഇങ്ങനെ ഓടുന്നവരെ കൊണ്ട് നിറഞ്ഞിരിക്കും. ഇതുപോലൊരു ഓട്ടമാണ് മലേഷ്യയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരി റേച്ചൽ കൗറിൻ്റെ ജീവിതം. സിഎൻഎ ഇൻസൈഡർ എന്ന സിംഗപ്പൂർ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അമ്പരപ്പിക്കുന്ന ദിനചര്യ റേച്ചൽ വെളിപ്പെടുത്തിയത്.

എയർ ഏഷ്യ വിമാനക്കമ്പനിയുടെ ഫിനാൻസ് വിഭാഗത്തിൽ അസിസ്റ്റൻ്റ് മാനേജറായ റേച്ചൽ പക്ഷെ ദിവസവും യാത്ര ചെയ്യുന്നത് വിമാനത്തിലാണ്. മലേഷ്യയിലെ പെനാംഗിൽ നിന്ന് ക്വലാലംപൂർ വരെ പോയി ജോലിചെയ്ത് തിരിച്ചുവരുന്നതാണ് ദിനചര്യ. രണ്ടുവഴിക്കുമായി 800 കിലോമീറ്ററാണ് യാത്ര. കൌമാരക്കാരായ രണ്ടു മക്കളുമൊത്ത് സമയം ചിലവഴിക്കാനാണ് ഈ ഓട്ടമെന്ന് സിഎൻഎ ഇൻസൈഡർ എന്ന സിംഗപ്പൂർ ചാനലിന് നൽകിയ അഭിമുഖത്തിൽ റേച്ചൽ കൗർ പറയുന്നു.

കുറച്ചുകാലം മുൻപ് വരെ ക്വലാലംപൂരിൽ വാടകക്ക് വീടെടുത്ത് താമസിക്കുകയും ആഴ്ചയിലൊന്ന് മക്കളെ കാണാൻ പോകുകയുമായിരുന്നു. എന്നാൽ അവർ വലുതാകുമ്പോൾ തൻ്റെ സാന്നിധ്യം അത്യാവശ്യമണെന്ന് റേച്ചൽ എന്ന അമ്മ തിരിച്ചറിഞ്ഞു. അങ്ങനെയാണ് ഈ വഴി തിരഞ്ഞെടുത്തത്. കഷ്ടപ്പാട് ഉണ്ടെങ്കിലും ദിവസവും രാത്രി അവർക്കൊപ്പം ചിലവിടാം എന്നതാണ് താൻ ഏറ്റവും വിലമതിക്കുന്നതെന്ന് റേച്ചൽ കൗർ വിശദീകരിക്കുന്നു.

ഈ വിമാനയാത്ര സാമ്പത്തികമായി ബാധ്യത ഉണ്ടാക്കുന്നില്ലെന്ന് മാത്രമല്ല അൽപം ലാഭവുമാണെന്ന് റേച്ചൽ കണക്കുകൂട്ടി പറയുന്നു. ക്വലാലംപൂരിൽ വാടകവീടിന് ഇന്ത്യൻ രൂപ 25,000ത്തിന് മുകളിലാകും. സ്റ്റാഫിനുള്ള ഡിസ്കൌണ്ട് കണക്കാക്കിയാൽ വിമാനയാത്രക്ക് മാസം 19,000 മാത്രമേ ആകുന്നുള്ളൂ. ഭക്ഷണം വീട്ടിൽ നിന്ന് കൊണ്ടുപോയി കഴിക്കുന്നതിനാൽ ആ വകയിലും ലാഭമുണ്ട്. എല്ലാം ചേർത്താൽ ഏതാണ്ട് 12,000 മിച്ചം വയ്ക്കാൻ കഴിയുമെന്നും റേച്ചൽ പറയുന്നു.

അപ്പോൾ കഷ്ടപ്പാടോ… പുലർച്ചെ നാലിന് ഉണർന്നാൽ അത്യാവശ്യം ജോലികൾ പൂർത്തിയാക്കി അഞ്ചുമണിയോടെ വീട്ടിൽ നിന്നിറങ്ങും. കാർ സ്വയം ഡ്രൈവ് ചെയ്തെത്തി 5.55ൻ്റെ വിമാനം പിടിക്കും. മുക്കാൽ മണിക്കൂറോളം വിമാനത്തിൽ… ആറിന് ലാൻഡ് ചെയ്താൽ ഏഴേമുക്കാലോടെ ഓഫിസിൽ കയറും. വൈകിട്ട് ആറരയോടെ മടങ്ങി രാത്രി എട്ടുമണിയോടെ വീട്ടിലെത്തി മക്കളെ ഹോംവർക്കിൽ സഹായിക്കും, അവർക്കൊപ്പം ഭക്ഷണം കഴിക്കും…. അങ്ങനെ പലതും നടക്കും.

സിംഗപ്പൂർ ചാനലായ സിഎൻഎ ഇൻസൈഡറിൻ്റെ ക്ഷണം സ്വീകരിച്ച് അവരുടെ സ്റ്റുഡിയോയിൽ എത്തിയാണ് ജോലി-ജീവിതം ഒത്തുകൊണ്ടുപോകുന്ന ഈ ട്രപ്പീസ് റേച്ചൽ വിശദീകരിച്ചത്. റേച്ചലിനൊപ്പം യാത്രചെയ്ത് ഷൂട്ടുചെയ്തും ഈ നിശ്ചയദാർഡ്യത്തിൻ്റെ നേരനുഭവം ചാനൽ പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുണ്ട്. അസാധ്യം എന്നാണ് പലരും ഇതിനെ പറയുന്നത്. ‘സൂപ്പർ മോം’ എന്ന വിശേഷണത്തോടെ സോഷ്യൽ മീഡിയ ഏറ്റെടുത്ത റേച്ചലിൻ്റെ വീഡിയോ 24 ലക്ഷംപേർ കണ്ടുകഴിഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top