ഞെട്ടിച്ച് വിജിലൻസ് !! ഐഒസി ഡെപ്യൂട്ടി ജിഎം ട്രാപ് കേസിൽ വലയിൽ

വൻ തുക കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷൻ്റെ മുതിർന്ന ഉദ്യോഗസ്ഥന്‍ പിടിയില്‍. ഡെപ്യൂട്ടി ജനറൽ മാനേജർ (സെയിൽസ്) അലക്‌സ് മാത്യുവാണ് (59) തിരുവനന്തപുരത്ത് പിടിയിലായത്. കൊല്ലത്തെ ഗ്യാസ് ഏജന്‍സി ഉടമയില്‍ നിന്ന് രണ്ടുലക്ഷം രൂപ വാങ്ങാൻ ശ്രമിക്കുമ്പോഴാണ് തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റ്-1ലെ ഉദ്യോഗസ്ഥസംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.
കൊല്ലം കടയ്ക്കലിലെ ഗ്യാസ് ഏജൻസിയുടമ മനോജിൻ്റെ പരാതിയിലാണ് അറസ്റ്റ്. ഗ്യാസ് ലോഡ് ലഭിക്കാനായി പണം നല്‍കണമെന്ന് അലക്‌സ് മാത്യു പല തവണയായി ആവശ്യപ്പെട്ടിരുന്നു. തുക നൽകിയില്ലെങ്കിൽ കടയ്ക്കലിലെ ഏജന്‍സിയില്‍ നിന്ന് ആളുകളെ മാറ്റുമെന്ന് അലക്‌സ് മാത്യു ഭീഷണിപ്പെടുത്തി. നേരത്തെ അത്തരത്തില്‍ സ്റ്റാഫിനെ ട്രാന്‍ഫര്‍ ചെയ്തിരുന്നു. നിവൃത്തികേട് കൊണ്ടാണ് പരാതി നല്‍കിയതെന്ന് പരാതിക്കാരൻ പറയുന്നു.
പരാതിക്കാരൻ്റെ വീടായ കവടിയാർ പണ്ഡിറ്റ് കോളനിയിൽ വച്ചാണ് പത്തുലക്ഷം കൈകൂലി ആവശ്യപ്പെട്ടത്. ഇതിൽ അഡ്വാൻസായി രണ്ടുലക്ഷം രൂപ വാങ്ങുമ്പോഴാണ് വിജിലൻസ് സംഘം ഇടപെട്ടത്. തിരുവനന്തപുരം സ്പെഷ്യൽ യൂണിറ്റ് ഡിവൈഎസ്പി ഷിബു പാപ്പച്ചൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ അഭിലാഷ്, കിരൺ, രതീന്ദ്ര കുമാർ, ശിവകുമാർ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
ഭീഷണിപ്പെടുത്തിയും സമ്മർദത്തിലാക്കിയും ഐഒസിയുടെ പല ഏജൻസികളിൽ നിന്നും ഇയാൾ പണം വാങ്ങുന്നുണ്ടെന്നും തുക നൽകാത്തവരോട് വൈരാഗ്യത്തോടെ പെരുമാറുമെന്നും പരാതിക്കാരൻ പറയുന്നു. കൂടുതൽ ഉപദ്രവം ഭയന്നാണ് പലരും പരാതി നൽകാനോ കാര്യങ്ങൾ തുറന്നുപറയാനോ മടിക്കുന്നതെന്നും വിജിലൻസിനും ബോധ്യപ്പെട്ടിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു കെണിയൊരുക്കി കാത്തിരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here