ലണ്ടനിൽ ഇന്ത്യക്കാരിയുടെ മൃതദേഹം കാർ ഡിക്കിയിൽ; 24കാരിയെ കൊന്ന ഭർത്താവ് രാജ്യംവിട്ടു

യുകെയെ ഞെട്ടിച്ച് ഇന്ത്യൻ വംശജയുടെ കൊലപാതകം. ഹർഷിത ബ്രെല്ല (24) എന്ന ഇന്ത്യൻ വംശജയാണ് മരിച്ചത്. നിർത്തിയിട്ടിരുന്ന ഒരു കാറിൻ്റെ ഡിക്കിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കിഴക്കൻ ലണ്ടനിലെ ഇൽഫോർഡിലെ ബ്രിസ്ബേൻ റോഡിൽ വാലൻ്റൈൻസ് പാർക്കിൻ്റെ പ്രവേശന കവാടത്തിന് സമീപമാണ് കാർ പാർക്ക് ചെയ്തിരുന്നത്.
ഹർഷിതയുടെ ഭർത്താവ് പങ്കജ് ലാംബയെയാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി നോർത്താംപ്ടൺഷയർ പോലീസ് പറഞ്ഞു. ഇയാൾ രാജ്യം വിട്ടതായിട്ടാണ് പോലീസ് സംശയിക്കുന്നത്. നോർത്താംപ്ടൺഷയറിൽ നിന്ന് ഇൽഫോർഡിലേക്ക് എത്തിയ ശേഷം കാർ ഉപേക്ഷിച്ച് പങ്കജ് രക്ഷപ്പെട്ടെന്നാണ് സംശയം.
കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ഉടൻ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. മരിച്ചത് ഹർഷിതയാണെന്ന് അറിഞ്ഞതോടെ അവളുടെ വീട്ടിലെത്തി. കോർബിയിലെ സ്‌കെഗ്‌നെസ് വാക്കിലുള്ള അവളുടെ വീട് പൂട്ടിക്കിടക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ച വീടിനുള്ളിൽ നിന്നും വലിയ വഴക്കു നടക്കുന്നതിൻ്റെ ശബ്ദം കേട്ടതായി അയൽക്കാർ പറഞ്ഞു. ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള തർക്കമായതിനാൽ കുടുംബ വഴക്കാകുമെന്നാണ് കരുതിയത്. അതിനാൽ കാര്യമായിട്ട് എടുത്തില്ലെന്നും അയൽക്കാരിയായ കെല്ലി ഫിൽപ്പ് മാധ്യമങ്ങളോട് പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here