നിതാഷ കൗളിനെ തിരിച്ചയച്ചതിന് പിന്നില്‍ ആര്‍എസ്എസ് വിരോധം; സംഘപരിവാര്‍ ഭയക്കുന്ന പ്രൊഫ.നിതാഷ കൗൾ ആരാണ്
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരം ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് എഴുത്തുകാരിയും പ്രൊഫസറുമായ നിതാഷ കൗളിനെ തിരിച്ചയച്ചതിന് പിന്നില്‍ ആര്‍എസ്എസാണെന്ന് ആരോപണം. ഇക്കഴിഞ്ഞ ദിവസം കർണാടക സർക്കാരിന്റെ ക്ഷണമനുസരിച്ചാണ് നിതാഷ ഇന്ത്യയിൽ എത്തിയത്. എന്നാൽ പ്രത്യേകിച്ച് കാരണം ഒന്നും അറിയിക്കാതെ നിതാഷയെ വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കുകയും 24 മണിക്കൂറിന് ശേഷം യുകെയിലേക്ക് തിരിച്ചയക്കുകയും ചെയ്തു. ജനാധിപത്യ – ഭരണഘടനാമൂല്യങ്ങളെ കുറിച്ചുള്ള നിതാഷയുടെ അഭിപ്രായങ്ങൾ ആർഎസ്എസിനെ മുന്‍പും ചൊടിപ്പിച്ചിരുന്നു. നിതാഷയെ ക്ഷണിച്ച കർണാടക സർക്കാരിന്റെ തീരുമാനത്തിൽ സംസ്ഥാന ബിജെപി കടുത്ത എതിർപ്പും രേഖപ്പെടുത്തിയിരുന്നു.
കേന്ദ്ര സർക്കാരും ആർഎസ്എസും ഭയക്കുന്ന നിതാഷ കൗൾ ആരാണ്? ഉത്തർപ്രദേശിൽ ജനിച്ച കശ്മീരി പണ്ഡിറ്റ് വിഭാഗത്തിൽപ്പെട്ട നിതാഷ കൗൾ ലണ്ടനിലെ വെസ്റ്റമിൻസ്റ്റർ സർവകലാശാലയിലെ പ്രൊഫസറാണ്. പൊളിറ്റിക്കസ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസാണ് നിതാഷ കൈകാര്യം ചെയ്യുന്നത്. 2015ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുകെ സന്ദർശനത്തിൽ ആശങ്ക അറിയിച്ച യുകെയിലെ വിദ്യാഭ്യാസ വിദഗ്ദ്ധരുടെ കൂട്ടായ്മയിൽ നിതാഷയും ഉൾപ്പെട്ടിരുന്നു. ഇന്ത്യയിലെ വികസനത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന സംഘമായിരുന്നു വിമർശനം ഉന്നയിച്ചത്. മോദി ഭരണത്തിന്റെ കീഴിൽ ഇന്ത്യയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും വിദ്വേഷ പ്രസംഗങ്ങളെക്കുറിച്ചും ശക്തമായി സംസാരിച്ചിരുന്നതും നിതാഷയെ ബിജെപിയുടെ കണ്ണിലെ കരടാക്കി മാറ്റിയിരുന്നു. അനുച്ഛേദം 370 പിൻവലിച്ചതിന് ശേഷം കശ്‍മീരിൽ കടുത്ത മനുഷ്യാവകാശ ലംഘനം നടക്കുന്നതായി 2019ൽ അമേരിക്കൻ വിദേശകാര്യ കമ്മിറ്റിയിൽ നിതാഷ പറഞ്ഞിരുന്നു.
ഡൽഹിയിലെ എസ്ആർസിസി കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കിയ നിതാഷ യുകെയിലെ ഹൾ സർവകലാശാലയിൽ നിന്ന് ബിരുദാന്തര ബിരുദവും സാമ്പത്തിക ശാസ്ത്രത്തിലും ഫിലോസഫിയിലും സംയുക്ത പിഎച്ച്ഡിയും നേടി. ബ്രിസ്റ്റോൾ ബിസിനസ് സ്കൂളിലും, ഭൂട്ടാനിലെ റോയൽ തിംഫു കോളജിലും പ്രൊഫസറായി സേവനമനുഷ്‌ഠിച്ചു. അധ്യാപിക എന്നതിലുപരി എഴുത്തുകാരി, കവി എന്ന നിലയിലും പ്രശസ്തയാണ് കൗൾ. 2009ല്‍ മാന്‍ ഏഷ്യന്‍ ലിറ്റററി പ്രൈസിന്റെ ചുരുക്കപ്പട്ടികയിൽ ഏഷ്യയില്‍ നിന്നും ഇടം നേടിയ അഞ്ച് നോവലുകളില്‍ ഒന്ന് നിതാഷയുടെ ‘റെസിഡ്യു’ ആണ്. കശ്മീരി സാഹിത്യത്തിലെ സ്ത്രീ പ്രാതിനിധ്യം, ലൈംഗികാതിക്രമം, അനുച്ഛേദം 370 റദ്ദാക്കിയതിന് പിന്നാലെയുള്ള കശ്മീരിലെ സൈനികവല്‍ക്കരണം തുടങ്ങിയ വിഷയങ്ങളില്‍ കശ്മീരിലെ സ്ത്രീകള്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരമായ ‘ക്യാൻ യു ഹിയർ കശ്മീരി വുമൺ സ്പീക്ക്? നറേറ്റിവ്സ് ഓഫ് റെസിസ്റ്റൻസ് ആൻഡ് റെസിലിയൻസ്’ എന്ന പുസ്തകത്തിന്റെ സഹ എഡിറ്ററും കൗളായിരുന്നു.
ജനാധിപത്യ മൂല്യങ്ങളെക്കുറിച്ച് സംസാരിക്കുന്ന നിതാഷയെ മുൻപും പലതവണ ആർഎസ്എസ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും വരെയുള്ള ഭീഷണികൾ നേരിട്ടിട്ടും നിതാഷ തന്റെ മൂല്യങ്ങൾ ഉയർത്തി പിടിച്ചു. പാകിസ്ഥാൻ അനുഭാവിയാണ് നിതാഷയെന്നും വ്യാപക പ്രചാരണം നടക്കുന്നുണ്ട്. ആർഎസ്എസിനെതിരെയുള്ള പ്രസ്താവനയാണ് ഇന്ത്യയിൽ പ്രവേശിക്കാനുള്ള അനുമതി നിഷേധിച്ചതിന് കാരണമെന്ന് ബെംഗളൂരു വിമാനത്താവളത്തിലെ ചില ഉദ്യോഗസ്ഥർ സംസാരത്തിനിടെ പറഞ്ഞെന്നും നിതാഷ ആരോപിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here