കുവൈറ്റില്‍ 5 വര്‍ഷത്തിനിടെ 25 ഇന്ത്യക്കാരെ തൂക്കിലേറ്റി; യുഎഇയിൽ ഈവർഷം മാത്രം രണ്ടു മലയാളികൾ…. കണക്ക് പുറത്തുവിട്ട് കേന്ദ്രം

വിദേശ രാജ്യങ്ങളിലെ ജയിലുകളിലായി 10,000ത്തിലധികം ഇന്ത്യക്കാരുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വിചാരണ തടവുകാരുള്‍പ്പടെ 10,152 പേര്‍ കാരാഗൃഹവാസത്തിലാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ വിവിധ രാജ്യങ്ങളിലായി 47 ഇന്ത്യന്‍ പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയരാക്കി. മലേഷ്യ, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ, സിംബാബ്‌വെ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കാരെ തൂക്കുമരത്തിലേറ്റിയത്.

ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരെ വധശിക്ഷയ്ക്ക് വിധേയമാക്കിയത് കുവൈറ്റാണ്. അഞ്ച് വര്‍ഷത്തിനിടെ 25 പ്രവാസി ഇന്ത്യന്‍ പൗരന്മാരുടെ വധശിക്ഷയാണ് കുവൈറ്റ് നടപ്പാക്കിയത്. തൊട്ടുപിന്നിലായി സൗദി അറേബ്യയും ഒമ്പത് പേര്‍ക്ക് സമാന ശിക്ഷ നല്‍കി. എന്നാല്‍ യുഎഇയില്‍ ഇതേ കാലത്ത് ഇന്ത്യാക്കാര്‍ക്ക് വധശിക്ഷ നടപ്പാക്കിയതിന്റെ കണക്കുകള്‍ ലഭിച്ചിട്ടില്ലെന്നും വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിംഗ് രാജ്യസഭയില്‍ പി വി അബ്ദുല്‍ വഹാബ് എംപിയുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.

ഈ വര്‍ഷം മൂന്നുപേരെ യുഎഇ സര്‍ക്കാര്‍ തൂക്കിലേറ്റിയ വിവരം ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഷഹ്‌സാദി ഖാന്‍ , മുഹമ്മദ് റിനാസ് അരങ്ങിലോട്ട്, മുരളീധരന്‍ പെരുമാറ്റ വളപ്പില്‍ എന്നിവരെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്. ഇവരില്‍ രണ്ട് പേര്‍ മലയാളികളാണ്. 25 ലധികം ഇന്ത്യക്കാര്‍ യുഎഇ ജയിലുകളില്‍ വധശിക്ഷ കാത്തുകിടപ്പുണ്ട്. സൗദിയില്‍ 11 പേരുമുണ്ട്.

ശിക്ഷിക്കപ്പെട്ടവരും വിചാരണ തടവുകാരുമായി ഏറ്റവും കൂടുതല്‍ വിദേശ ഇന്ത്യക്കാരുള്ളത് സൗദിയിലും യുഎഇ ജയിലുകളിലുമാണ്. 2,633 ഉം 2,518 പേര്‍ വീതം. ഇതിന് പുറമെ നേപ്പാളില്‍ 1,317 പേര്‍ തടവിലുണ്ടെന്നും മന്ത്രി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top