ക്രിക്കറ്റ് ഇതിഹാസം ബിഷൻ സിങ് ബേദി അന്തരിച്ചു; ഓര്‍മയാവുന്നത് ഇന്ത്യൻ സ്പിൻ വിപ്ലവത്തിൻ്റെ തുടക്കക്കാരില്‍ ഒരാൾ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരിലൊരാളും മുൻ ക്യാപ്റ്റനുമായിരുന്ന ബിഷൻ സിങ് ബേദി (77) അന്തരിച്ചു. 77 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഏരപ്പള്ളി പ്രസന്ന, ബി.എസ്. ചന്ദ്രശേഖർ, എസ്. വെങ്കിട്ടരാഘവൻ എന്നിവർക്കൊപ്പം പേരും പെരുമയുമുയര്‍ത്തിയ ഇന്ത്യൻ സ്പിൻ ബോളിങ്ങിൽ വിപ്ലവം തീർത്ത പ്രതിഭകളിൽ ഒരാളാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇടങ്കയ്യൻ ഓഫ് സ്പിന്നർമാരിൽ ഒരാളായാണ് ബേദിയെ വിലയിരുത്തുന്നത്.
1967ൽ ഇന്ത്യൻ ടെസ്റ്റ് ടീമിൽ അരങ്ങേറ്റം കുറിച്ച ബേദി ഇന്ത്യയ്ക്കായി 67 ടെസ്റ്റുകളിൽനിന്ന് 266 വിക്കറ്റുകളാണ് എറിഞ്ഞിട്ടത്. പത്ത് ഏകദിനങ്ങൾ കളിച്ച് ഏഴ് വിക്കറ്റും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയുടെ റെക്കോർഡും ബേദിയുടെ പേരിലാണ്. 370 മത്സരങ്ങളിൽ നിന്നായി 1,560 വിക്കറ്റുകളാണ് അദ്ദേഹം സ്വന്തമാക്കിയത്.
ഇന്ത്യയുടെ ആദ്യ ഏകദിന ലോകകപ്പ് മത്സര വിജയത്തിലും നിർണായക പങ്കുവഹിച്ച് ചരിത്രത്തിന്‍റെ ഭാഗമാകാന്‍ ബേദിക്ക് ഭാഗ്യമുണ്ടായി. 1975 എകദിന ലോകകപ്പിൽ ഈസ്റ്റ് ആഫ്രിക്കയ്ക്കെതിരായ മത്സരത്തിലായിരുന്നു ഇന്ത്യയുടെ ആദ്യ വിജയം.
1946 സെപ്റ്റംബർ 25ന് അമൃത്സറിലാണ് ബേദിയുടെ ജനനം. പഞ്ചാബിലാണ് ജനിച്ചതെങ്കിലും ഡൽഹി ടീമിന് വേണ്ടിയാണ് അദ്ദേഹം കളത്തിലിറങ്ങിയത്. ബേദിയുടെ കീഴീൽ ഡൽഹി രണ്ടു തവണ രഞ്ജി ട്രോഫി നേടിയിട്ടുണ്ട്.1967 മുതൽ 1979 വരെ ഒരു പതിറ്റാണ്ടിലേറെക്കാലം ഇന്ത്യയ്ക്കു വേണ്ടി പന്തെറിഞ്ഞു. 1971ലെ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യയുടെ ചരിത്ര വിജയത്തിൽ ബേദിയും നിർണായക പങ്കുവഹിച്ചു. അജിത് വഡേക്കറുടെ അഭാവത്തിൽ ബേദിയായിരുന്നു അന്ന് ടീമിനെ നയിച്ചത്.
വിരമിച്ച ശേഷം ബിഷൻ സിങ് ബേദി പരിശീലകനായും മെന്ററായും ക്രിക്കറ്റിൽ തുടർന്നു. 1990ൽ ഇന്ത്യയുടെ ന്യൂസിലാൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിൽ ടീം മാനേജറായിരുന്നു. ദേശീയ ക്രിക്കറ്റ് ടീം സെലക്ടറുമായിട്ടുണ്ട്. കമന്റേറ്ററായും പ്രവർത്തിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here