മിന്നും ജയവുമായി മിന്നുമണിയും സംഘവും; ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യൻ വനിതകൾ

മുംബൈ: ഇംഗ്ലണ്ട് വനിത എ ടീമിനെതിരായ ആദ്യ ട്വൻറി20 മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് വിജയം. മൂന്ന് റൺസിനാണ് ഇന്ത്യ എ ടീം ഇംഗ്ലണ്ട് എ ടീമിനെ പരാജയപ്പെടുത്തിയത്. ശ്രേയങ്ക പാട്ടീലാണ് കളിയിലെ താരം. ക്യാപ്റ്റനെന്ന നിലയിൽ മലയാളി താരം മിന്നുമണിയുടെ ആദ്യ വിജയമാണിത്.
ടോസ് ജയിച്ച ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ ഇന്ത്യ ഏഴ് വിക്കറ്റിന് 134 റൺസെടുത്തു. ദിനേശ് വൃന്ദ (22), ദിഷ കസത് (25), ജി ദിവ്യ (22) എന്നിവർ ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചു. അവസാനഓവറുകളിൽ 15 റൺസെടുത്ത അരൂഷിയുടേയും 19 റൺസെടുത്ത കനിക അഹുജയുടേയും പ്രകടനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. ക്യാപ്റ്റന്‍ മിന്നുമണി രണ്ട് പന്തിൽ മൂന്ന് റൺസെടുത്ത് പുറത്തായി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഇന്ത്യയ്ക്കായി കശ്വീ ഗൗതം, ശ്രേയങ്ക പാട്ടീല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. മിന്നുമണി, മന്നത്ത് കശ്യപ്, പി. നായിക് എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി. പരമ്പരയിലെ അടുത്ത രണ്ട് മത്സരങ്ങളും ഡിസംബര്‍ ഒന്ന്, മൂന്ന് തീയതികളിലായി മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here