വീണ്ടും ചങ്ങലപ്പൂട്ട് തന്നെ!! ഇന്ത്യക്കാരെ വിലങ്ങിട്ട് അപമാനിച്ച അമേരിക്കൻ നയതന്ത്രത്തിനെതിരെ മിണ്ടാതെ കേന്ദ്രം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ പര്യടനം വൻ വിജയമായിരുന്നുവെന്ന് കൊട്ടിഘോഷിക്കുമ്പോഴും അനധികൃത കുടിയേറ്റക്കാരായ ഇന്ത്യാക്കാരെ വിലങ്ങും കാൽ ചങ്ങലുയുമിട്ട് കയറ്റി വിട്ടതിനെക്കുറിച്ച് മിണ്ടാട്ടം മുട്ടി കേന്ദ്ര സർക്കാർ. സകല മനുഷ്യാവകാശങ്ങളും ലംഘിച്ച് കൊണ്ട് അമേരിക്ക നടത്തിയ നാടുകടത്തലിനെതിരെ എന്തുകൊണ്ട് കേന്ദ്രം പ്രതികരിക്കുന്നില്ല എന്ന ചോദ്യത്തിന് മറുപടി പറയാതെ ഒഴിഞ്ഞു മാറുകയാണ് സർക്കാർ. 116 ഇന്ത്യാക്കാരുമായി ശനിയാഴ്ച അമൃത് സറിലെത്തിയ രണ്ടാമത്തെ യുഎസ് വിമാനത്തിലെ യാത്രക്കാരേയും കാലിലും കയ്യിലും ചങ്ങലയും വിലങ്ങും അണിയിച്ചിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.
അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് തൻ്റെ അടുത്ത സുഹൃത്താണെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി മോദിയോട് മിനിമം മര്യാദ പോലും അമേരിക്കൻ സർക്കാർ കാണിക്കുന്നില്ല എന്നതിൻ്റെ തെളിവാണിത്. ആദ്യ വിമാനത്തിൽ 106 പേരെയാണ് അമൃത്സറിൽ എത്തിച്ചത്. അമേരിക്കയുമായി ഇന്ത്യയ്ക്ക് മെച്ചപ്പെട്ട ബന്ധമാണെന്ന കേന്ദ്രസർക്കാർ അവകാശവാദത്തിൻ്റെ പൊള്ളത്തരമാണ് വെളിവായതെന്ന പ്രതിപക്ഷ ആരോപണം കൂടുതൽ ശക്തിപ്പെടുന്ന സംഭവമാണ് വീണ്ടും ഉണ്ടായത്. പിആർ ഏജൻസികൾ ഊതിപെരുപ്പിക്കുന്ന മോദിയുടെ വിശ്വഗുരു ഇമേജിന് പോലും കനത്ത തിരിച്ചടിയാണ് ഇത്.
ബിജെപിയെ സ്ഥിരമായി സ്തുതിക്കുന്ന ഉത്തരേന്ത്യൻ മാധ്യമങ്ങൾ പോലും ഇന്ത്യക്കാരെ വിമാനത്തിൽ ചങ്ങലയിട്ട് വരിഞ്ഞുമുറുക്കിയ യുഎസ് നയത്തോട് കടുത്ത വിമർശനം ഉയർത്തിയിട്ടും ബിജെപി നേതാക്കൾ ദേശസ്നേഹത്തിൻ്റെ പല്ലവി പാടാൻ തയ്യാറായില്ല. യുഎസ് സർക്കാരിൻ്റെ പ്രവർത്തന മാർഗരേഖ പ്രകാരമാണ് കുടിയൊഴുപ്പിക്കലെന്നാണ് വിദേശകാര്യ മന്ത്രി ജയശങ്കർ പാർലമെൻ്റിൽ പറഞ്ഞത്. എന്നാൽ അമേരിക്കയെ പ്രതിഷേധം അറിയിച്ചു എന്നാണ് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പിന്നീട് പറഞ്ഞത്. അതൃപ്തി അറിയിച്ച ശേഷവും ചങ്ങലപ്പൂട്ട് ആവർത്തിച്ച അമേരിക്കൻ സമീപനത്തോട് പ്രതികരിക്കാൻ മടിച്ചു നിൽക്കയാണ് മോദി സർക്കാർ.
പ്രധാനമന്ത്രി മോദി പ്രസിഡൻ്റ് ട്രംപിനെ ആലിംഗനം ചെയ്തെങ്കിലും അവരുടെ നയത്തിൽ ഒരു മാറ്റവും ഉണ്ടായില്ല. എന്നാൽ ദുർബലനെന്ന് ബിജെപിക്കാർ വിളിച്ചാക്ഷേപിച്ച ഡോ. മൻമോഹൻ സിംഗിൻ്റെ കാലത്തുണ്ടായ വിവാദത്തിൽ അമേരിക്കയെ വരച്ച വരയിൽ നിർത്താൻ ഇന്ത്യൻ ഗവണ്മെൻ്റിന് കഴിഞ്ഞിരുന്നു. 2013 ഡിസംബറിൽ വീട്ടുജോലിക്കാരിയുടെ പരാതിയിൽ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെയെ അമേരിക്കൻ പോലീസ് അറസ്റ്റ് ചെയ്ത് ശരീരപരിശോധന നടത്തുകയും പിന്നീട് രണ്ടര ലക്ഷം ഡോളർ ജാമ്യത്തിൽ വിടുകയും ചെയ്തു. ശക്തമായി പ്രതിഷേധിച്ച ഇന്ത്യ നടപടികൾ കടുപ്പിച്ചതോടെ അമേരിക്ക പത്തിമടക്കിയത് ചരിത്രം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here