ഇന്ത്യക്കാരെ കഴുതകളായി കാണുന്നു; ഭാര്യയുടെ EY അനുഭവം വെളിപ്പെടുത്തി ടെക്കി
ആഗോള അക്കൗണ്ടിംഗ് സ്ഥാപനമായ ഏണസ്റ്റ് ആൻഡ് യംഗ് (ഇവൈ) കമ്പനിയിൽ ജോലി ചെയ്ത തൻ്റെ ഭാര്യ നേരിട്ട ദുരവസ്ഥകൾ വെളിപ്പെടുത്തി ടെക്കിയായ ആകാശ് വെങ്കിടസുബ്രഹ്മണ്യൻ. തൻ്റെ ഭാര്യ കമ്പനിയിലെ ജോലി ഉപേക്ഷിക്കാനുണ്ടായ കാരണമാണ് അദ്ദേഹം വിശദീകരിക്കുന്നത്. ‘വിഷലിപ്തമായ തൊഴിൽ സംസ്കാരം’ എന്നാണ് ഇവൈയുടെ ജീവനക്കാരോടുള്ള പെരുമാറ്റത്തെ ആകാശ് വിശേഷിപ്പിച്ചത്. ഒരു ദിവസം 18 മണിക്കൂറുകളിലേറെയാണ് ജോലി ചെയ്യാൻ തൻ്റെ ഭാര്യ നിർബന്ധിതയായി. അവൾ ആ ജോലി ഉപേക്ഷിച്ചില്ലെങ്കിൽ അവൾക്ക് എന്തായിരിക്കും സംഭവിക്കുകയെന്നും ആകാശ് ചോദിച്ചു.
ഇന്ത്യയിലെ പല ബഹുരാഷ്ട്ര കമ്പനികളും 18 മണിക്കൂർ ജോലി സമയത്തെ സാധാരണവൽക്കരിക്കുകയും മഹത്വവൽക്കരിക്കുകയും ചെയ്യുന്നുണ്ട്. ഇത് ജീവനക്കാരെ വളരെയധികം ദോഷകരമായി ബാധിക്കുന്നുണ്ട്. തൊഴിലിടത്തിൽ നിലനിൽക്കുന്ന അസമത്വത്തെയും ആകാശ് വെങ്കിടസുബ്രഹ്മണ്യൻ ചൂണ്ടിക്കാട്ടി. ഇതേ ബഹുരാഷ്ട്ര കമ്പനികൾ ഇന്ത്യയ്ക്ക് പുറത്ത് ഇങ്ങനെ ചെയ്യില്ല. ഇന്ത്യക്കാരെ ജോലി ചെയ്യാൻ മാത്രമുള്ള കഴുതകളായി അവർ കാണുന്നു. 24x7x365 പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഒരു വലിയ ഫാക്ടറിയായാണ് ഇന്ത്യയെ കാണുന്നതെന്നും അദ്ദേഹം പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.
ഇത്തരം സംഭവങ്ങളിൽ ബഹുരാഷ്ട്ര കമ്പനികൾക്കെതിരെ സർക്കാർ നടപടി എടുക്കാത്തതിനെയും ആകാശ് വിമർശിച്ചു. “കേന്ദ്ര സർക്കാർ ഞങ്ങളിൽ നിന്ന് നികുതി എടുക്കുന്നതിൽ സന്തോഷമുണ്ട്. ജോലി ചെയ്യാനുള്ള മനുഷ്യത്വപരമായ സാഹചര്യങ്ങൾ ഉറപ്പാക്കാതെയാണ് അങ്ങനെ ചെയ്യുന്നത്. നികുതിദായകരെ പിരിച്ചുവിടുമ്പോൾ സർക്കാർ അവരെ സഹായിക്കില്ല. എന്നാൽ അടിസ്ഥാന ആവശ്യങ്ങൾ പോലും ലഭിക്കാത്ത ഞങ്ങളിൽ നിന്നും സന്തോഷത്തോടെ നികുതി പിരിക്കും” – ടെക്കി പറഞ്ഞു.
ഇവൈയിലെ ചാർട്ടേഡ് അക്കൗണ്ടന്റ് ആയിരുന്ന മലയാളിയായ അന്ന സെബാസ്റ്റ്യൻ പേരയിൽ ജോലി സമ്മർദ്ദം താങ്ങാനാകാതെ രണ്ടു മാസം മുമ്പ് കുഴഞ്ഞുവീണു മരിച്ചിരുന്നു. അന്നയുടെ അമ്മ അനിതാ അഗസ്റ്റിൻ കമ്പനിക്കയച്ച കത്ത് കഴിഞ്ഞ ദിവസം രാജ്യമെമ്പാടും ചർച്ചയായിരുന്നു. മകളുടെ മരണത്തിനു കാരണമായത് കമ്പനിയിലെ അമിത ജോലിഭാരവും അനാരോഗ്യവുമായ തൊഴിൽ അന്തരീക്ഷമാണെന്ന് ഇവൈ ഇന്ത്യ മേധാവി രാജീവ് മേമനിക്ക് അയച്ച കത്തിൽ അന്നയുടെ മാതാവ് ചൂണ്ടിക്കാട്ടിയിരുന്നു. മകൾ മരിച്ചിട്ട് കമ്പനിയിൽനിന്ന് ഒരാൾ പോലും സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തില്ലെന്നും അവർ കത്തിൽ കുറിച്ചിരുന്നു.
ഈ വർഷം മാർച്ചിലാണ് അന്ന ഇവൈയിൽ ജോലിയിൽ കയറുന്നത്. നാലുമാസത്തിന് ശേഷം ജൂലൈ മാസത്തിൽ അന്ന മരിച്ചു. പുനെയിലെ ഇവൈ ഗ്ലോബലിൻ്റെ സഹസ്ഥാപനമായ എസ്ആർ ബാറ്റ്ലിബോയിയിലെ ഒഡിറ്റ് ടീമിൻ്റെ ഭാഗമായിരുന്നു. ഹൃദയസ്തംഭനമായിരുന്നു മരണകാരണം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here