നാടുകടത്തിയവരെ ഇന്ത്യയിലെത്തിച്ച് അമേരിക്ക; സ്ത്രീകളും കുട്ടികളുമടക്കം 104 പേരെ സൈനിക വിമാനത്തിൽ അമൃത്സറിൽ ഇറക്കി

അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി അമേരിക്ക തിരിച്ചയച്ച ഇന്ത്യക്കാരുടെ ആദ്യസംഘത്തെ അമൃത്സറിൽ ഇറക്കി. 25 സ്ത്രീകളുമടക്കം13 കുട്ടികളും അടങ്ങുന്ന സംഘത്തെ അമേരിക്കൻ സൈനിക ഉദ്യോഗസ്ഥരുടെ അകമ്പടിയിലാണ് തിരിച്ചെത്തിച്ചത്. പരിമിതമായ സൌകര്യങ്ങൾ മാത്രമുള്ള സൈനിക വിമാനത്തിൽ 40 മണിക്കൂറിലധികം യാത്ര ചെയ്താണ് എത്തിച്ചത്. അടുത്തയാഴ്ച മോദി അമേരിക്ക സന്ദർശിക്കാനിരിക്കെയാണ് ഇന്ത്യക്കാരുടെ നാടുകടത്തലിന് തുടക്കമിട്ടിരിക്കുന്നത്.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സി-17 യുഎസ് സൈനിക ട്രാൻസ്പോർട്ട് വിമാനം അമൃത്സറിൽ ഇറങ്ങിയത്. മെക്സിക്കോ അതിർത്തി വഴി അമേരിക്കയിലേക്ക് എത്തിയവരെയാണ് പിടികൂടി തിരിച്ചയച്ചത്. സാൻ ഡീഗോ മറീൻ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട സൈനിക വിമാനം, ഫിലിപ്പീൻസ് വഴി മാലിദ്വീപിന് അടുത്തെത്തിയ ശേഷമാണ് ഇന്ത്യൻ വ്യോമമേഖലയിലേക്ക് കടന്നത്.

45 അമേരിക്കൻ സൈനിക ഉദ്യോഗസ്ഥർ വിമാനത്തിൽ ഉണ്ടായിരുന്നു. ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്ന് 33 പേർ വീതം തിരിച്ചെത്തിയിട്ടുണ്ട്. പഞ്ചാബിൽ നിന്ന് 30 പേരുണ്ട്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് മൂന്ന് പേർ വീതവും ചണ്ഡീഗഡിൽ നിന്ന് രണ്ട് പേരുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. തിരികെ എത്തിയ ഇന്ത്യക്കാർക്ക് ഇല്ലെന്ന് പഞ്ചാബ് പൊലീസിൻ്റെ നേതൃത്വത്തിൽ ആരോഗ്യ പരിശോധനകൾ നടത്തുന്നുണ്ട്.
അനധികൃത കുടിയേറ്റത്തിനെതിരായ ട്രംപ് ഭരണകൂടത്തിൻ്റെ നിലപാടിനെ ഇന്ത്യ നേരത്തെ പിന്താങ്ങിയിരുന്നു. എന്നാൽ ഇന്ത്യക്കാരെ വിലങ്ങുവച്ച് തിരിച്ചയച്ചത് അപമാനകരമെന്ന് കോൺഗ്രസ് പ്രതികരിച്ചു. ഇവരെ വിലങ്ങുവച്ച് വിമാനത്തിൽ കയറ്റിയതിൻ്റെ ചിത്രങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് പ്രതികരണം. 18,000 ഇന്ത്യക്കാരെ തിരിച്ചയക്കും എന്നാണ് അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ളത്. പാർലമെന്റിലടക്കം ഇക്കാര്യം സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ചേക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here