ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബീഫ് നിരോധനം; കയറ്റുമതി റാങ്കിങ്ങില്‍ ഇന്ത്യയുടെ സ്ഥാനം അമ്പരപ്പിക്കും
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബീഫ് കഴിക്കുന്നതിനും വിൽക്കുന്നതിനും നിരോധനം ഏർപ്പെടുത്തുമ്പോഴും ബീഫ് കയറ്റുമതിയിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്. കയറ്റുമതിക്കാരായ വ്യവസായികൾക്ക് ബിജെപി നേതൃത്വത്തോട് അടുപ്പമുണ്ടെന്ന ആക്ഷേപവും ശക്തം. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ് അഗ്രികൾച്ചർ (USDA) പുറത്തുവിട്ട ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ റാങ്കിംഗ് പട്ടികയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. മൂന്നും നാലും സ്ഥാനങ്ങളിൽ ഓസ്ട്രേലിയയും അമേരിക്കയും.
ഇന്ത്യ കഴിഞ്ഞ സാമ്പത്തിക വർഷം (2023-24) പോത്തിറച്ചി കയറ്റുമതിയിലൂടെ 374.05 കോടി ഡോളറിന്റെ (ഏകദേശം 31,010 കോടി രൂപ) വരുമാനം നേടിയെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലെ അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റിയുടെ (APEDA) റിപ്പോർട്ട്. 70ലേറെ രാജ്യങ്ങളിലേക്ക് ഇന്ത്യ പോത്തിറച്ചി കയറ്റുമതി ചെയ്യുന്നുണ്ട്. സൗദി അറേബ്യ, റഷ്യ, യുഎഇ, അൾജീരിയ, ഇറാഖ്, ഈജിപ്റ്റ്, മലേഷ്യ, വിയറ്റ്നാം, കിഴക്കനേഷ്യൻ രാജ്യങ്ങൾ, പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങിയവയാണ് മുഖ്യ വിപണികൾ.
രാജ്യത്തു നിന്നുള്ള മൊത്തം മൃഗ മാംസ കയറ്റുമതിയിൽ 82 ശതമാനവും പോത്തിറച്ചിയാണ്. കഴിഞ്ഞവർഷം ഇറച്ചി, പാൽ, മുട്ട തുടങ്ങിയവയുടെ കയറ്റുമതിയിലൂടെ ആകെ 37,665.51 കോടി രൂപയുടെ (454.35 കോടി ഡോളർ) വരുമാനം ഇന്ത്യ നേടി. ഇതിൽ മുന്തിയപങ്കും പോത്തിറച്ചി കയറ്റുമതിയായിരുന്നു. ആടിന്റെ ഇറച്ചി കയറ്റുമതിയിലൂടെ 643.55 കോടി രൂപയും കോഴിയിറച്ചിയും അനുബന്ധ ഉൽപന്നങ്ങളും കയറ്റുമതി ചെയ്തതുവഴി 1,530.20 കോടി രൂപയും ലഭിച്ചു.
ഗോവധ നിരോധനം, കന്നുകാലി കടത്തൽ എന്നിവ നിരോധിച്ച ബിജെപി സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി നടക്കുന്നത്. ബീഫ് സൂക്ഷിച്ചുവെന്നതിൻ്റെ പേരിൽ കലാപങ്ങളും കൊലപാതകങ്ങളും വ്യാപകമായി നടക്കുമ്പോഴും മാംസ കയറ്റുമതിയിൽ രാജ്യം രണ്ടാം സ്ഥാനത്ത് എന്നതും ഒരു വിരോധാഭാസമാണ്.
ഏറ്റവും ഒടുവിൽ ബിജെപി ഭരിക്കുന്ന അസമിലാണ് ബീഫ് നിരോധനം ഏർപ്പെടുത്തിയത് നിരോധനത്തിയതിന് എതിരെ ക്രൈസ്തവ സംഘടനകൾ രംഗത്ത് വന്നു. ഹോട്ടലുകൾ ഉൾപ്പടെ പൊതുവിടങ്ങളിൽ ബീഫ് വിൽക്കുന്നതിന്നും കഴിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തുന്ന നിയമ ഭേദഗതിയാണ് അസം സർക്കാർ നടപ്പിൽ വരുത്തിയത്. നിബന്ധനകളോടെ പോത്തിനെ കശാപ്പ് ചെയ്യാമെന്നാണ് പുതിയ നിയമത്തിൽ പറയുന്നത്. പശ്ചിമ ബംഗാൾ, കേരളം, അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, നാഗാലാൻഡ്, ത്രിപുര, സിക്കിം എന്നീ സംസ്ഥാനങ്ങളിൽ കശാപ്പ്, വിൽപന, ഉപഭോഗം എന്നിവയ്ക്ക് നിലവിൽ യാതൊരു നിയന്ത്രണവുമില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here