ആ ‘രണ്ടായിരം കോടി’ എവിടെ; ഇന്ത്യയിലെ ഏറ്റവും വലിയ സൈബർ തട്ടിപ്പിന് ഒന്നര മാസം കഴിഞ്ഞിട്ടും തുമ്പില്ല

ഓൺലൈന്‍ പണമിടാപാടുകൾ ഇന്ന് നമ്മുടെ നിത്യജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഘടകമായി മാറിയിരിക്കുകയാണ്. ദിനംപ്രതി ഓൺലൈൻ തട്ടിപ്പുകളുടെ നിരവധി വാർത്തകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. രാജ്യത്ത് ഇതുവരെ നടന്നതിൽവെച്ച് ഏറ്റവും വലിയ സൈബർ സാമ്പത്തിക തട്ടിപ്പായിരുന്നു ജൂൺ മാസത്തില്‍ അരങ്ങേറിയത്.

ഇന്ത്യയിലെ വലിയ ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ചുകളില്‍ ഒന്നാണ് WazirX. അതിലൂടെ ആളുകൾ കോടികൾ മൂല്യമുള്ള ക്രിപ്‌റ്റോ കറൻസികൾ ഇടപാടുകൾ ഓരോ ദിവസവും നടത്തുന്നുണ്ട്. ജൂലൈ 18 ന് എക്‌സ്‌ചേഞ്ചിൻ്റെ ക്രിപ്‌റ്റോ വാലറ്റിൽ നിന്ന് 230 മില്യൺ ഡോളർ (2000 കോടി)വിലമതിക്കുന്ന ക്രിപ്‌റ്റോകൾ മോഷ്ടിക്കപ്പെട്ടു. ഡൽഹി പോലീസും സർക്കാർ ഏജൻസികളും സംഭവത്തെക്കുറിച്ച് അന്നേദിവസം തന്നെ അന്വേഷണം ആരംഭിച്ചു. ഒന്നരമാസം കഴിഞ്ഞിട്ടും സൈബർ മോഷ്ടാക്കളെപ്പറ്റിയോ ക്രിപ്‌റ്റോ മാറ്റിയത് എവിടേക്കാണ് എന്നതിനെപ്പറ്റിയോ ഒരു സൂചനപോലും കണ്ടെത്താനായിട്ടില്ല. സൈബർ അന്വേഷണ ഉദ്യോഗസ്ഥർ ക്രിസ്റ്റൽ ഇൻ്റലിജൻസ് സോഫ്‌റ്റ്‌വെയർ ടൂൾ വഴി ക്രിപ്‌റ്റോ ട്രയൽ പരിശോധിച്ചപ്പോൾ മോഷ്ടാവിൻ്റെ വാലറ്റിൽ നടത്തിയ 200ഓളം ഇടപാടുകളിലൂടെയാണ് ഇത്രയും മൂല്യമുള്ള ക്രിപ്റ്റോ തട്ടിയെടുത്തതെന്ന് മാത്രമാണ് കണ്ടെത്തിയിരിക്കുന്നത്.

മോഷ്ടിച്ച പണം എവിടെപോയെന്ന് കണ്ടെത്താൻ ഒരു വഴിമാത്രമാണ് ഉള്ളതെന്നാണ് സൈബർ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സൈബർ മോഷ്ടാക്കൾ തട്ടിയെടുത്ത ക്രിപ്‌റ്റോയെ മറ്റേതെങ്കിലും എക്‌സ്‌ചേഞ്ചിൻ്റെ വാലറ്റുകളിലേക്ക് മാറ്റുമ്പോൾ മാത്രമേ അതിന് സാധിക്കുകയുള്ളു. ഇങ്ങനെ ചെയ്താൽ മാത്രമേ മോഷ്ടാവിന് ഈ പണം ഉപയോഗിക്കാൻ കഴിയുകയുള്ളു. അങ്ങനെ ഇതുവരെ സംഭവിച്ചിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

തട്ടിപ്പ് നടന്നത് എങ്ങനെയാണ് എന്ന് വിദഗ്ധർ പറയുന്നത്

എക്സ്ചേഞ്ചിൽ നിന്ന് ക്രിപ്റ്റോ കറൻസി ട്രാൻസ്ഫർ ചെയ്യുന്നതിന് ഒരു ഫീസ് ഉണ്ട്. അതിനെ ഗ്യാസ് ഫീസ് എന്ന് വിളിക്കുന്നു. അതിനായി സൈബർ മോഷ്ടാവ് ടൊർണാഡോ ക്യാഷ് (Tornado Cash) വാലറ്റ് ഉപയോഗിച്ച് 1080 ഡോളർ മൂല്യമുള്ള ക്രിപ്‌റ്റോ തൻ്റെ വാലറ്റിൽ നിക്ഷേപിച്ചു. ഇതാണ് തൻ്റെ ഐഡൻ്റിറ്റി വെളിപ്പെടാതിരിക്കാൻ മോഷ്ടാവിനെ സഹായിച്ചിരിക്കുന്നത്. ക്രിപ്റ്റോയുടെ ലോകത്തിലെ ഒരു മിക്സിംഗ് സേവനമാണ് ടൊർണാഡോ ക്യാഷ്. ഇത് പണമിടപാടുകൾ കൈകാര്യം ചെയ്യുന്നവരുടെ ഐഡൻ്റിറ്റി രഹസ്യമായിരിക്കാൻ സഹായിക്കും. സൈബർ മോഷ്ടാക്കൾ അന്നുതന്നെ മോഷ്ടിച്ച ക്രിപ്‌റ്റോയെ അവരുടെ വാലറ്റുകളിൽ നിന്ന് വ്യത്യസ്ത ക്രിപ്‌റ്റോകളാക്കി മാറ്റി. ഇതിനുശേഷം 2000 ഓളം ഇടപാടുകൾ നടത്തുകയും മറ്റ് മൂന്ന് വാലറ്റുകളിലേക്ക് ക്രിപ്റ്റോ മാറ്റുകയും ചെയ്‌തു.

മോഷ്ടിച്ച ക്രിപ്‌റ്റോയുടെ 95% ജൂലൈ 18 നും 22 നും ഇടയിൽ മൂന്ന് വാലറ്റുകളിൽ പാർക്ക് ചെയ്‌തിട്ടുണ്ട്. ഇവ ഇതുവരെ ഒരു എക്‌സ്‌ചേഞ്ചുമായും ലിങ്ക് ചെയ്‌തിട്ടില്ല. ഇതാണ് സൈബർ മോഷ്ടാക്കള്‍ ആരാണെന്ന് കണ്ടെത്താന്‍ കഴിയാത്തതിന് പിന്നിലെ പ്രധാന കാരണം. വാലറ്റ് ഒരു എക്സ്ചേഞ്ചുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ മാത്രമേ അതിൻ്റെ ഉടമയെ വാലറ്റ് നമ്പറിൽ നിന്ന് തിരിച്ചറിയാൻ കഴിയൂ. സൈബർ മോഷ്ടാക്കൾ മോഷ്ടിച്ച ക്രിപ്‌റ്റോയെ ഏതെങ്കിലും എക്‌സ്‌ചേഞ്ചിൻ്റെ വാലറ്റുകളിലേക്ക് മാറ്റുമ്പോൾ മാത്രമേ അത് സാധ്യമാവുകയുള്ളൂ എന്ന് വിദഗ്ധർ പറയുന്നു. അങ്ങനെ ചെയ്താല്‍ മാത്രമേ അതിനെ പണമാക്കി മാറ്റാനും സാധിക്കുകയുള്ളൂ.

ബാക്കിയാവുന്ന ചോദ്യങ്ങൾ

ആരാണ് ഇതിന് പിന്നിൽ, ഇത്രയും വലിയ സൈബർ മോഷണം കൊണ്ട് അയാൾക്ക് എന്ത് പ്രയോജനം എന്നതാണ് ആദ്യ ചോദ്യം. സുരക്ഷിതത്വവും ഉയർന്ന ലാഭവും ലഭിക്കുമെന്ന പ്രതീക്ഷയിൽ കഷ്ടപ്പെട്ട് സമ്പാദിച്ച പണം ക്രിപ്‌റ്റോ ആക്കി മാറ്റുന്ന നിക്ഷേപകർക്ക് അവരുടെ പണം തിരികെ ലഭിക്കുമോ ഇല്ലയോ എന്നതാണ് രണ്ടാമത്തേത്. ഈ ഫണ്ട് എന്തിനായിരിക്കും മോഷ്ടാവ് ഉപയോഗിക്കാൻ പോകുന്നത് എന്നതും പ്രസക്തമായ മറ്റൊരു ചോദ്യമാണ്. ഇത് തീവ്രവാദ പ്രവർത്തനങ്ങൾക്കും മറ്റ് നിയമവിരുദ്ധ കാര്യങ്ങള്‍ക്കും ഉപയോഗിച്ചാൽ അത് രാജ്യത്തെ മുഴുവൻ ബാധിക്കുമെന്നും വിദഗ്ധർപറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top