ചരിത്രപഥത്തില്‍ കുതിച്ചുയർന്ന് ചന്ദ്രയാന്‍ 3

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യത്തിന്റെ ആദ്യഘട്ടം വിജയകരം. വിക്ഷേപിച്ച് 22-ാം മിനിറ്റില്‍ ചന്ദ്രയാൻ 3 ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ സെക്കന്‍ഡ് ലോഞ്ച് പാഡില്‍ നിന്നാണ് ഉപഗ്രഹത്തെയും വഹിച്ച് വിക്ഷേപണ വാഹനം ഉയർന്നുപൊങ്ങിയത്. ഓഗസ്റ്റ് 23 നോ 24 നോ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ലാന്‍ഡിംഗുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
2008-ലെ രാജ്യത്തിന്റെ ആദ്യ ചാന്ദ്രദൗത്യത്തിന് 13 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ മൂന്നാമൂഴത്തിനിറങ്ങുന്നത്. ദൗത്യം വിജയിക്കുന്ന പക്ഷം യുഎസ്, റഷ്യ, ചെെന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നേടുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
2019 ജൂലൈയില്‍ ചാന്ദ്രദൗത്യവുമായി പര്യവേക്ഷണത്തിനൊരുങ്ങിയ ചന്ദ്രയാന്‍ 2 ന്റെ ലാൻഡർ-റോവർ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നതിൽ പരാജയപ്പെടുകയും ടച്ച്ഡൗൺ സമയത്ത് തകർന്നുവീഴുകയും ചെയ്തത് ദൗത്യത്തിന് തിരിച്ചടിയായിരുന്നു. ഭാഗിക വിജയമെന്ന നിലയില്‍ ചന്ദ്രയാന്‍ 2 ന്റെ ഓർബിറ്റർ ഇന്നും ചന്ദ്രനെ ഭ്രമണം ചെയ്ത് പഠനം തുടരുന്നുണ്ട്. ഈ വീഴ്ച ശ്രദ്ധാപൂർവ്വം പരിഗണിച്ച് സ്റ്റിമുലേഷനുകളിലൂടെ ട്രയല്‍&ഇറർ നടത്തി, മുന്‍ ചാന്ദ്രപര്യവേക്ഷണങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് മൂന്നാം ദൗത്യത്തിനായി തയ്യാറെടുത്തിരിക്കുന്നത് എന്ന് ഐഎസ്ആർഒ മേധാവി ശ്രീധര പണിക്കർ സോമനാഥ് പറഞ്ഞു.
3,900 കിലോഗ്രാം ഭാരമുള്ള പേടകം വിക്ഷേപിക്കുന്നതിനായി ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 റോക്കറ്റാണ് ഉപയോഗിച്ചത്. മൊഡ്യൂള്‍, ലാന്‍ഡര്‍, റോവര്‍ എന്നിങ്ങനെ മൂന്നു ഭാഗങ്ങളാണ് ചാന്ദ്രയാന്‍ 3ന് പ്രധാനമായുള്ളത്. വിക്രം ലാന്‍ഡറും പ്രജ്ഞാന്‍ റോവറുമാണ് വിക്ഷേപിച്ചത്. ചന്ദ്രനില്‍ നിന്നും ഏതാണ്ട് 60 മൈല്‍ അകലത്തിലാണ് മൊഡ്യൂള്‍ കറങ്ങുക. പിന്നീട് ലാന്‍ഡറും റോവറും മൊഡ്യൂളില്‍ നിന്നും വേര്‍പെട്ട് ചന്ദ്രനില്‍ ഇറങ്ങും. പിന്നീടുള്ള 14 ഭൂമിയിലെ ദിവസങ്ങളില്‍ വിവിധ പരീക്ഷണങ്ങളും വിവരശേഖരണവുമായി റോവര്‍ ചന്ദ്രനില്‍ കറങ്ങി നടക്കും.
പേടകം ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന ഭ്രമണപഥം ഘട്ടം ഘട്ടമായി ഉയര്‍ത്തുകയും പിന്നീട് പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്യും. പ്രൊപ്പൽഷൻ മൊഡ്യൂളിന്റെ സഹായത്തോടെയാണ് പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കുക. ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കാൻ ഏകദേശം 15 മുതൽ 20 ദിവസം വരെ എടുക്കും. പിന്നീട് ചന്ദ്രന്റെ ഭ്രമണ പഥത്തെ ചുറ്റുന്ന പേടകം ഘട്ടം ഘട്ടമായി ചന്ദ്രനോട് അടുപ്പിക്കും ശേഷമായിരിക്കും ലാന്റിങിനുള്ള ശ്രമങ്ങള്‍. ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്റിങ് ആയിരിക്കും ദൗത്യത്തിലെ ഏറ്റവും ശ്രമകരമായ ഘട്ടം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here