48 മണിക്കൂറിൽ ആറു വിമാനങ്ങൾക്ക് ബോംബ് ഭീഷണി; പിന്നിലെന്ത്? അന്വേഷണം തുടങ്ങി

രണ്ട് ദിവസങ്ങൾക്കിടയിൽ ബോംബ് ഭീഷണി ലഭിച്ചത് ആറ് വിമാനങ്ങൾക്ക്. ഭീഷണി സന്ദേശങ്ങളെപ്പറ്റി അന്വേഷണം നടത്തുകയാണെന്ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി അറിയിച്ചു. സോഷ്യൽ മീഡിയയായ എക്സ് വഴിയാണ് ഇന്ന് സന്ദേശങ്ങൾ ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു.

ഡൽഹിയിൽ നിന്ന് ചിക്കാഗോയിലേക്കുള്ള എയർ ഇന്ത്യയുടെ എഐ 127 വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് കാനഡയിലെ ഇക്വലൂറ്റ് വിമാനത്താവളത്തിലേക്ക് ഇന്ന് തിരിച്ചുവിട്ടിരുന്നു. പുലർച്ചെ 3 മണിക്ക് പുറപ്പെട്ട വിമാനം സുരക്ഷാ ഭീഷണിയെ തുടർന്ന് മുൻകരുതൽ നടപടിയെന്ന നിലയിൽ ഇക്കാലൂറ്റ് വിമാനത്താവളത്തിൽ ഇറക്കിയതായി എയർ ഇന്ത്യ അറിയിച്ചു.

ഭീഷണിയെത്തുടർന്ന് സൗദി അറേബ്യയിലെ ദമാമിൽ നിന്ന് ലഖ്‌നൗവിലേക്കുള്ള 6ഇ 98 ഇൻഡിഗോ വിമാനം ജയ്പൂരിൽ അടിയന്തരമായി ഇറക്കിയിരുന്നു. ജയ്പൂരിൽ നിന്ന് അയോധ്യയിലേക്കുള്ള. എയർ ഇന്ത്യ എക്‌സ്‌പ്രസിൻ്റെ ഐഎക്‌സ് 765 വിമാനത്തിനും ഉച്ചയോടെ ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

ഇന്നലെ മുംബൈയിൽ നിന്ന് ഇൻഡിഗോ നടത്തുന്ന രണ്ട് സർവീസുകൾക്കും എയർ ഇന്ത്യയുടെ ഒരെണ്ണത്തിനും ബോംബ് ഭീഷണിയുണ്ടായിരുന്നു പിന്നീട് ഇവ വ്യാജമാണെന്ന് തെളിഞ്ഞു. മുംബൈയിൽ നിന്ന് ന്യൂയോർക്കിലെ ജെഎഫ്‌കെ എയർപോർട്ടിലേക്ക് പോയ എഐ119 എയർ ഇന്ത്യ വിമാനം ഇന്നലെ അടിയന്തരമായി ഡൽഹിയിൽ ഇറക്കിയിരുന്നു.

ഇത്തരം വ്യാജ ഭീഷണി കോളുകൾ കമ്പനികൾക്ക് സാമ്പത്തികമായി തിരിച്ചടിയുണ്ടാക്കുമെന്ന് വിമാന കമ്പനി ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ഭീഷണികളെ ഗൗരവമായി എടുത്ത് സുരക്ഷ ഉറപ്പാക്കുക എന്നതല്ലാതെ മറ്റൊരു മാർഗവുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top