മലയാളികൾക്ക് നോ നിപ്പ സർട്ടിഫിക്കറ്റ്; ട്രൈബൽ സർവകലാശാല ഉത്തരവ് പിൻവലിച്ചെന്ന് മന്ത്രി ബിന്ദു

തിരുവനന്തപുരം: മധ്യപ്രദേശിലെ ഇന്ദിര ഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാലയിൽ പ്രവേശിക്കാൻ മലയാളി വിദ്യാർത്ഥികൾക്ക് നിപ്പ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവ് പിൻവലിച്ചു. ഈ വിവരം സർവകലാശാല അധികൃതർ അറിയിച്ചെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ട്രൈബൽ സർവകലാശാല അധികൃതരുമായി നടത്തിയ ആശയവിനിമയത്തിലാണ് തീരുമാനം.

മധ്യപ്രദേശ് ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിൽ ട്രൈബൽ യൂണിവേഴ്സിറ്റിയുടെ ഉത്തരവിൽ കേരളത്തിനുള്ള ആശങ്ക മന്ത്രി അറിയിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ ചെറിയൊരു പ്രദേശത്തൊഴികെ എവിടെയും നിപ്പ റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ പ്രദേശം കണ്ടയ്‌ൻമെന്റ് മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല ഈ പ്രദേശത്തു നിന്ന് ട്രൈബൽ സർവകലാശാലയിൽ പഠിക്കുന്നവരും ഇല്ല. അതുകൊണ്ടു തന്നെ സർവ്വകലാശാല പുറത്തിറക്കിയ ഉത്തരവ് ക്യാമ്പസിലെ മറ്റ് കുട്ടികളിൽ അനാവശ്യഭീതിയുണർത്താനും കേരളത്തിൽനിന്നുള്ള വിദ്യാർത്ഥികളുടെ ഉപരിപഠന സാധ്യതയെ ബാധിക്കാനുമേ ഉപകരിക്കൂ എന്നും മന്ത്രി ആർ ബിന്ദു അറിയിച്ചിരുന്നു. സർട്ടിഫിക്കറ്റ് വേണമെന്ന നിർദ്ദേശം രോഗബാധിത പ്രദേശത്തും ചുറ്റുഭാഗങ്ങളിലുമുള്ളവർക്കല്ലാതെ മറ്റുള്ളവർക്ക് ബാധകമാക്കരുതെന്നും കത്തിൽ പറയുന്നു.

ഇന്നലെയും ഇന്നുമായി ബിരുദ – ബിരുദാനന്തരബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന്റെ ഓപ്പൺ കൗൺസിലിംഗ് നടക്കുന്നുണ്ട്. ഇതിനായി എത്തുന്ന വിദ്യാർത്ഥികളോടാണ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സർവകലാശാല ആവശ്യപ്പെട്ടത്. ചുരുങ്ങിയ സമയത്തിനിടയിൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തതിലുള്ള ആശങ്കയിലായിരുന്നു വിദ്യാർത്ഥികൾ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top