അന്ന് ഇന്ദിര, ഇന്ന് മഹുവ; പാർലമെൻ്റിൽ നിന്നും പുറത്താക്കപ്പെട്ട വനിതകൾ

ന്യൂഡൽഹി: അവകാശ ലംഘനത്തിന് പാർലമെൻ്റിൽ നിന്നും പുറത്താക്കപ്പെടുന്ന രണ്ടാമത്തെ വനിതയായി തൃണമൂൽ കോൺഗ്രസ് അംഗം മഹുവ മൊയ്ത്ര. അടിയന്തിരാവസ്ഥക്ക് ശേഷം അധികാരത്തിലെത്തിയ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാ സർക്കാറാണ് ഇന്ദിരാഗാന്ധിയെ 1978 ഡിസംബർ 19 ന് പുറത്താക്കുന്നത്.

ഡിസംബർ 8 മുതൽ നിരവധി സിറ്റിങ്ങുകളിലായി 15 മണിക്കൂർ നീണ്ട പ്രക്ഷുബ്ധമായ സംവാദത്തിനൊടുവിലാണ് അഭൂതപൂർവമായ ശിക്ഷ വിധിച്ച ചരിത്രപരമായ തീരുമാനമുണ്ടായത്. 1975 ൽ പ്രധാനമന്ത്രിയായിക്കേ വിശേഷാധികാര ലംഘന നടത്തിയെന്നും പാര്‍ലമെന്റിനെ അവഹേളിച്ചെന്നും ലോക്സഭയുടെ പ്രിവിലേജസ് കമ്മിറ്റിയുടെ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. മാരുതി കമ്പനിയെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കുന്നതിൽ നിന്നും ഉദ്യോഗസ്ഥരെ വിലക്കിയെന്നായിരുന്നു ആരോപണം.

ഇതേ കാരണത്താൽ ഇന്ദിരയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആർ.കെ ധവാനും സിബിഐ മുൻ ഡയറക്ടർ ഡി സെന്നിനും എതിരെയും കുറ്റം ചുമത്തി. അവരെല്ലാം ശിക്ഷ അർഹിക്കുന്നുണ്ടെന്ന് കമ്മിറ്റി വ്യക്തമാക്കിയെങ്കിലും ഇന്ദിരയ്ക്കും മറ്റ് രണ്ട് പേർക്കും ശിക്ഷ നൽകാനുള്ള തീരുമാനമെടുക്കാനുള്ള അവകാശം പ്രിവിലേജസ് കമ്മിറ്റി പാർലമെൻ്റിന് വിട്ടുകൊണ്ടുള്ള റിപ്പോർട്ടാണ് സമർപ്പിച്ചത്. രണ്ട് വാല്യങ്ങളുള്ള 1,007 പേജുള്ള റിപ്പോർട്ടാണ് അന്ന് കമ്മിറ്റി അധ്യക്ഷൻ സമർ ഗുഹ ലോക്‌സഭയിൽ വച്ചത്. റിപ്പോർട്ട് സമര്‍പ്പിച്ചപ്പോള്‍ ഇന്ദിര സഭയിലുണ്ടായിരുന്നില്ല. സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് സി.എം. സ്റ്റീഫന്റെ നേതൃത്വത്തില്‍ ശക്ത്തമായ പ്രതിരോധമാണ് സഭയില്‍ തീര്‍ത്തത്. ഇടുക്കിയില്‍ നിന്നുള്ള അംഗമായിരുന്നു അദ്ദേഹം.

ഇന്ദിരയെ പാർലമെൻ്റിൽ നിന്നും പുറത്താക്കാനും ജയിലിലടയ്ക്കാനുമുള്ള നീക്കത്തിന് അനുകൂലമായി 279 അംഗങ്ങൾ വോട്ടു ചെയ്തു. 138 പേർ എതിർക്കു യും 37 അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ട് നിൽക്കുകയും ചെയ്തു. ലോകത്താദ്യമായി വിശേഷാധികാര ലംഘനത്തിനും പാർലമെൻ്റിനെ അവഹേളിച്ചതിനും ഒരു മുൻ പ്രധാനമന്ത്രി ജയിലിലാകുന്ന ആദ്യ സംഭവമായിരുന്നു ഇത്. ഇന്ത്യയിൽ ആദ്യമായിട്ടായിരുന്നു ഒരു പാർലമെന്റ് അംഗത്തിന് ജയിൽ ശിക്ഷ ലഭിക്കുന്നത്.

ലോക്സഭയുടെ കാലാവധി പിരിയും വരെയും ഇന്ദിരാഗാന്ധിയെ ജയിലിൽ പാർപ്പിച്ചെങ്കിലും 1980-ലെ തിരെഞ്ഞെടുപ്പിൽ ഇന്ദിര അധികാരത്തിൽ തിരിച്ചെത്തി. 1981-ല്‍ നാലര മണിക്കൂർ നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷം ഇന്ദിരയെ ശിക്ഷിച്ച നടപടി പാർലമെൻ്റ് പിൻവലിച്ചു. നടപടി നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവും അധാർമികവും രാഷ്ട്രീയമായി പ്രതികാരപരവും പാർലമെന്ററി കീഴ്വഴക്കത്തിന്റെ എല്ലാ മാനദണ്ഡങ്ങൾക്കും വിരുദ്ധമാണെന്ന ഭൂരിപക്ഷം അംഗങ്ങളുടെ വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് ശിക്ഷാ നടപടി റദ്ദാക്കിയത്.

അതേസമയം, പാർലമെന്റിൽ ചോദ്യം ഉന്നയിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ എത്തിക്സ് കമ്മിറ്റിയുടെ കണ്ടെത്തലിൻ്റ അടിസ്ഥാനത്തിലാണ് മഹുവ മൊയ്ത്രയെ പാർലമെൻ്റ് പുറത്താക്കിയത്. അദാനി ഗ്രൂപ്പിനെക്കുറിച്ച് ചോദ്യം ഉന്നയിക്കാൻ വ്യവസായിയായ ദർശൻ ഹീരാനന്ദാനിയിൽ നിന്ന് പണം കൈപ്പറ്റിയെന്നാണ് തൃണമൂൽ അംഗത്തിനെതിരെയുള്ള ആരോപണം. മഹുവക്കെതിരെയുള്ള നടപടി ഏകപക്ഷീയമാണെന്ന് പ്രതിപക്ഷം ആരോപിക്കുകയും വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്തു. തെളിവില്ലാതെയാണ് തനിക്കെതിരെയുള്ള നടപടിയെന്നാണ് മഹുവയുടെ പ്രതികരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top