സൈക്കിളിൽ റോക്കറ്റ് വച്ചുകെട്ടി തുടങ്ങിയ യാത്ര; ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണത്തിന് 60 വയസ്

തിരുവനന്തപുരം: ചന്ദ്രനിൽ തൊട്ട് നിൽക്കുന്ന ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണങ്ങൾക്ക് ചിറകു മുളച്ചിട്ട് 60 വർഷം. ഇന്ത്യ ആദ്യ സൗണ്ടിങ് റോക്കറ്റ് വിക്ഷേപിച്ചിട്ട് നാളെ 60 വർഷം പൂർത്തിയാകും. 1963 നവംബർ 21ന് തുമ്പയിലെ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ (വി എസ് എസ് സി ) നിന്നാണ് ആദ്യ റോക്കറ്റ് വിക്ഷേപിച്ചത്. കേരളത്തിന്റെ തെക്കേയറ്റത്തുള്ള തുമ്പ എന്ന തീരദേശ ഗ്രാമത്തിൽ സ്ഥാപിച്ച റോക്കറ്റ് വിക്ഷേപണ കേന്ദ്രമാണ് ഇന്ത്യയുടെ ബഹിരാകാശ സ്വപനങ്ങൾക്ക് നിറം പകർന്നത്. ഭൂമധ്യരേഖയുടെ അടുത്തുകിടക്കുന്ന തുമ്പയെ ബഹിരാകാശ ഗവേഷണത്തിനായി തിരഞ്ഞെടുത്തത് ഇന്ത്യൻ ആണവ പദ്ധതിയുടെ പിതാവായ ഹോമി ജെ ബാബയും വിക്രം സാരാഭായിയുമാണ്.

ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ പിതാവായ വിക്രം സാരാഭായിയുടെ സാന്നിധ്യത്തിലായിരുന്നു ആദ്യ വിക്ഷേപണം. നൈക്ക് – അപ്പാച്ചെ എന്ന സൗണ്ടിങ് റോക്കറ്റിന്റെ വിക്ഷേപണ വിജയത്തോടെ ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണത്തിന് തുടക്കമായി. ആദ്യ റോക്കറ്റ് അമേരിക്കൻ നിർമിതമായിരുന്നു. പിന്നീട് രോഹിണി സൗണ്ടിങ് റോക്കറ്റ് പദ്ധതിയുടെ (ആർഎസ്ആർ) കീഴിൽ തദ്ദേശീയമായി സൗണ്ടിങ് റോക്കറ്റ് നിർമിച്ചു തുടങ്ങി. ആർഎസ്ആർ പദ്ധതി വിജയമായതോടെ തിരുവനന്തപുരത്തെ വലിയമലയിൽ സ്പേസ് സയൻസ് ആൻഡ് ടെക്നോളോജി സെന്റർ ആരംഭിച്ചു.

ബഹിരാകാശ പരിപാടികൾ ഏകോപിപ്പിക്കാനും ഗവേഷണങ്ങൾ ഊർജ്ജിതമാക്കാനും 1969ലാണ് ഇസ്‌റോക്ക് രൂപം നൽകുന്നത്. ലത്തീൻ കത്തോലിക്ക സഭയുടെ കീഴിലുള്ള മഗ്ദലന മറിയത്തിന്റെ പള്ളിയും സ്ഥലവുമാണ് തുമ്പയിൽ ഗവേഷണ കേന്ദ്രം തുടങ്ങാൻ അന്ന് സഭ വിട്ടു നൽകിയത്. 90 ഏക്കർ വരുന്ന പള്ളിയുടെ സ്ഥലവും 183 മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സ്ഥലവും ചേർത്ത് 800 ഏക്കറാണ് വി എസ് എസ് സിക്കായി ഏറ്റെടുത്തത്. പള്ളിയാണ് ആദ്യകാല ഓഫീസായി പ്രവർത്തിച്ചത്. പ്രാർത്ഥനാ മുറി ലബോറട്ടറി ആയി ഉപയോഗിച്ചു. അങ്ങനെയാണ് തുമ്പ ഇക്വിറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ (ടി ഇ ആർ എൽ എസ് ) സ്ഥാപിച്ചത്. 1968 ഫെബ്രുവരി രണ്ടിന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി ടി ഇ ആർ എൽ എസ് ഐക്യരാഷ്ട്ര സഭക്ക് സമർപ്പിച്ചു. പള്ളി പിന്നീട് സ്പേസ് മ്യൂസിയമായി രൂപമാറ്റം വരുത്തി.

ആദ്യ വിക്ഷേപണം നടത്താൻ സൈക്കിളിൽ റോക്കറ്റുമായിപോയതിൽ നിന്ന് തുടങ്ങിയ ഇന്ത്യൻ ബഹിരാകാശ യാത്രയാണ് കോടികൾ മുടക്കി ലോകരാജ്ജ്യങ്ങൾ ഒന്നും ഇതുവരെ എത്തിപ്പെടാത്ത ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിൽ എത്തി നിൽക്കുന്നത്. റഷ്യയെയും ചൈനയെയും ഒക്കെ പിന്തള്ളി ബഹിരാകാശ ഗവേഷണ രംഗത്ത് നാസയുടെ തൊട്ടു പിന്നിലാണ് ഇപ്പൊൾ ഇന്ത്യയുടെ സ്ഥാനം. ചന്ദ്രനും ചൊവ്വയുമെല്ലാം കഴിഞ്ഞ് ഇനി സൂര്യനെ അറിയാൻ ആദിത്യ L 1 വിക്ഷേപിച്ചതുവരെ എത്തി നിൽക്കുകയാണ് ഇന്ത്യൻ ബഹിരാകാശ ജൈത്രയാത്ര.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top