സര്‍ക്കാര്‍ പദ്ധതിയില്‍ തിമിര ശസ്ത്രക്രിയ നടത്തിയ 8 പേര്‍ക്ക് പാര്‍ശ്വഫലങ്ങള്‍; ഓപ്പറേഷന്‍ തിയറ്റര്‍ അടച്ചുപൂട്ടി; അന്വേഷിക്കാന്‍ മൂന്നംഗ സമിതി
ഇന്‍ഡോര്‍: തിമിര ശസ്ത്രക്രിയക്ക് വിധേയരായ എട്ടുപേര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്റര്‍ അടച്ചുപൂട്ടി സീല്‍ ചെയ്തു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ദേശീയ അന്ധത നിവാരണ പദ്ധതിയുടെ ഭാഗമായി പൂര്‍ണ്ണമായി സര്‍ക്കാര്‍ ചിലവില്‍ നടത്തിയ ശസ്ത്രക്രിയക്ക് ശേഷമാണ് രോഗികളില്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയത്. വിഷയത്തില്‍ അന്വേഷണം നടത്താന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു.
കഴിഞ്ഞ മാര്‍ച്ചിലാണ് മധ്യപ്രദേശിലെ ചോയിത്രം നേത്രാലയ എന്ന കണ്ണാശുപത്രിയില്‍ നിന്നും കേന്ദ്ര സര്‍ക്കാരിന്‍റെ പദ്ധതിയുടെ ഭാഗമായി ശസ്ത്രക്രിയ നടത്തിയത്. 79 പേരിലായിരുന്നു തിമിര ശസ്ത്രക്രിയ ചെയ്തത്. വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ ചികിത്സ തേടി ആശുപത്രിയില്‍ എത്തി ശസ്ത്രക്രിയക്ക് വിധേയരായി. ഇവരില്‍ എട്ട് പേര്‍ക്കാണ് പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെട്ടത്. ആശുപത്രി മാനേജ്‍മെന്റാണ് വിഷയം സര്‍ക്കാരിനെ അറിയിച്ചത്.
ശസ്ത്രക്രിയക്ക് ശേഷം ബുദ്ധിമുട്ട് നേരിട്ടവര്‍ക്ക് ചികിത്സ നല്‍കിയശേഷം പറഞ്ഞുവിട്ടതായാണ് ആശുപത്രി അധികൃതർ പറയുന്നത്. ഇവര്‍ക്ക് കാഴ്ച നഷ്ടമായോ എന്ന കാര്യം നിലവിലെ സാഹചര്യത്തില്‍ പറയാന്‍ പ്രയാസമാണെന്നും അന്വേഷണത്തിനുശേഷം മാത്രമേ കാര്യങ്ങള്‍ വെളിപ്പെടുത്തുകയുള്ളൂ എന്നും ജില്ലാ അന്ധത നിവാരണ സൊസൈറ്റി മാനേജർ ഡോ.പ്രദീപ് ഗോയൽ പറഞ്ഞു. ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അജ്ഞാതമായ കാരണങ്ങൾ കൊണ്ടാണ് എട്ട് പേര്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ടായതെന്നുമാണ് ആശുപത്രി മാനേജിങ് ട്രസ്റ്റി അവകാശപ്പെടുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here