42,000 സംരംഭങ്ങള്‍ സംസ്ഥാനത്ത് പൂട്ടിപ്പോയെന്ന് സമ്മതിക്കാന്‍ വ്യവസായ മന്ത്രിക്ക് ഇപ്പോഴും മടി; താത്വിക അവലോകനം നടത്തി തടിയൂരാന്‍ ശ്രമം

സംസ്ഥാനത്ത് ഒമ്പത് വര്‍ഷത്തിനിടയില്‍ 42,000 ചെറുകിട – ഇടത്തരം വ്യവസായ യൂണിറ്റുകള്‍ പൂട്ടിപ്പോയെന്ന് ഒടുവില്‍ വ്യവസായ മന്ത്രി സമ്മതിച്ചു. എന്നാല്‍ പൂട്ടിപ്പോയതൊക്കെ മുറുക്കാന്‍ കടയും തട്ടുകടയുമാണെന്ന് പറഞ്ഞ് തടിപ്പാനാണ് പി രാജീവിന്റെ ശ്രമം. ടൈംസ് ഓഫ് ഇന്ത്യ പത്രമാണ് വ്യാപകമായി വ്യവസായ സംരംഭങ്ങള്‍ പൂട്ടിപ്പോയതിന്റെ കണക്കുകള്‍ പുറത്തുവിട്ടതോടെയാണ് മന്ത്രി കണക്കിലെ കളി പുറത്തെടുക്കാന്‍ നോക്കുന്നത്.

സംസ്ഥാനത്ത് സംരംഭക കുതിപ്പാണെന്ന് സര്‍ക്കാരും മുഖ്യമന്ത്രിയുമൊക്കെ വലിയ അവകാശവാദങ്ങള്‍ നടത്തുന്നതിന് ഇടയിലാണ് സര്‍ക്കാര്‍ രേഖകള്‍ നിരത്തി ഇതിലെ പൊള്ളത്തരങ്ങള്‍ പുറത്തു കൊണ്ടുവന്നത്. പത്രം അവകാശപ്പെടുന്ന പോലെ ആശങ്കാജനകമായ അവസ്ഥയില്ലെന്നാണ് വ്യവസായ മന്ത്രി പി രാജീവിന്റെ നിലപാട്. വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന കണക്കുകളാണ് പത്രം അവതരിപ്പിച്ചതെന്നാണ് മന്ത്രിയുടെ വാദം.

ഈ വര്‍ഷം ഫെബ്രുവരി 10ന് നിയമസഭയില്‍ എന്‍എ നെല്ലിക്കുന്നിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് ചെറുകിട ഇടത്തരം വ്യവസായ യൂണിറ്റുകള്‍ പൂട്ടിയതിന്റെ കണക്കുകള്‍ മന്ത്രി വെളിപ്പെടുത്തിയിരുന്നു. ഈ കണക്കുകളാണ് ടൈംസ് പുതിയത് എന്ന രീതിയില്‍ പുറത്തുവിട്ടത് എന്നാണ് മന്ത്രിയുടെ അവകാശവാദം. അപ്പോഴും പത്രം നല്‍കിയ കണക്കുകളില്‍ വസ്തുതാ പിശകുണ്ടെന്ന് മന്ത്രി പറയുന്നില്ല. പകരം പൂട്ടിയതൊക്കെ തട്ടുകടകളും മുറക്കാന്‍ കടകളും മാത്രമാണെന്ന് പറഞ്ഞ് ലഘൂകരിക്കാനാണ് ശ്രമിക്കുന്നത്. അതേസമയം പുതുതായി വന്നവയും അത്തരത്തിലുള്ളവ ആണോ എന്ന ചോദ്യം ഈഘട്ടത്തില്‍ പ്രസക്തമാവുകയാണ്.

ഇക്കാലയളവില്‍ തമിഴ്‌നാട്ടില്‍ 50000 യൂണിറ്റുകള്‍ പൂട്ടിപ്പോയെന്ന് പറഞ്ഞ് ന്യായീകരണത്തിന് ശക്തിപകരാനും മന്ത്രി ശ്രമിക്കുന്നുണ്ട്. കേരളത്തില്‍ പൂട്ടിപ്പോയ സ്ഥാപനങ്ങളില്‍ പണിയെടുത്തിരുന്ന 103764 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി നിയമസഭയില്‍ മന്ത്രി വ്യക്തമാക്കിയിട്ടുമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top