കുഞ്ഞ് ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലേക്ക്; രക്ഷകരായി കാര്‍ യാത്രികര്‍; ഇവരാണ് നല്ല ശമരിയക്കാര്‍
പാലക്കാട്: പിഞ്ചു കുഞ്ഞ് തിരക്കേറിയ നടുറോഡിലേക്ക് നടന്നു പോകുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. പട്ടാമ്പി കൊപ്പം വളാഞ്ചേരി പാതയില്‍ ഒന്നാന്തിപടിയിലാണ് സംഭവം. വീട്ടുകാരറിയാതെ പിഞ്ചുകുഞ്ഞ് നടുറോഡിലേക്ക് നടന്നു നീങ്ങുന്നതായാണ് പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങളിലുള്ളത്. ആർക്കും നെഞ്ചിടിപ്പോടെയല്ലാതെ ഈ ദൃശ്യങ്ങൾ കണ്ടിരിക്കാൻ കഴിയില്ല.
റോഡിലൂടെ കുട്ടിയെ കടന്നുപോയ കാറിലുണ്ടായിരുന്നവരുടെ ഇടപെടലാണ് വലിയൊരു അപകടത്തില്‍ നിന്നും കുട്ടിയുടെ ജീവൻ രക്ഷിച്ചത്. കുഞ്ഞ് റോഡിലേക്ക് വരുന്നത് ശ്രദ്ധയില്‍പെട്ട കാര്‍ യാത്രക്കാര്‍ വാഹനം പിന്നോട്ടെടുത്ത് വന്ന് കുഞ്ഞിനെ എടുത്ത് വീട്ടിൽ എത്തിക്കുകയായിരുന്നു. അതിവേഗത്തിൽ വാഹനങ്ങൾ ഇരു ദിശയിലേക്കും പായുന്ന നടു റോഡിലേക്ക് കുഞ്ഞ് എത്തുന്നതിന് തൊട്ട് മുമ്പാണ് കാർ യാത്രികരുടെ ശ്രദ്ധയിൽപ്പെടുന്നത്. അതിവേഗത്തില്‍ വാഹനങ്ങള്‍ കുട്ടിക്കരികിലൂടെ കടന്ന് പോകുന്ന ദൃശ്യം ഞെട്ടലോടെയല്ലാതെ കാണാൻ കഴിയില്ല.
കൊപ്പം പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഒക്ടോബർ 28 നാണ് ആശങ്കപ്പെടുത്തുന്ന സംഭവമുണ്ടായത്. വീടിന്റെ തുറന്നുകിടന്ന വാതിലിലൂടെ കുട്ടി അബദ്ധത്തിൽ പുറത്തേക്ക് ഇറങ്ങുകയായിരുന്നെന്ന് മാതാപിതാക്കൾ കൊപ്പം പോലീസിനോട് പറഞ്ഞു. വീടിന് ചുറ്റും സംരക്ഷണഭിത്തി കെട്ടി സുരക്ഷിതമാക്കാൻ പോലീസ് നിർദേശം നൽകി. കൊപ്പം സ്റ്റേഷനിൽ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥൻ കുഞ്ഞിൻ്റെ അയൽവാസിയാണ്. അദ്ദേഹം പറഞ്ഞാണ് ഈ വിവരം ശ്രദ്ധയിൽ പെടുന്നത്. തുടർന്നാണ് വീട്ടുകാർക്ക് നിർദേശം നൽകിയത്. രക്ഷിതാക്കളുടെ ഇത്തരം ചെറിയ അശ്രദ്ധമതി വലിയൊരു അപകടത്തിന് കാരണമാകാൻ, അതുകൊണ്ട് എപ്പോഴും കുട്ടികളുടെ കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന സന്ദേശവും ഈ വീഡിയോ നൽകുന്നുണ്ടന്ന് കൊപ്പം പോലീസ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.