മധ്യപ്രദേശ് ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് കുത്തൊഴുക്ക്

ഭോപ്പാൽ: നിയമസഭാ തെരഞ്ഞെടുപ്പുനടക്കാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെ മധ്യപ്രദേശ് ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് ഒഴുക്കുതുടരുന്നു. കഴിഞ്ഞ മൂന്നുമാസത്തിനിടയിൽ എംഎൽഎമാരും മുൻ എംഎൽഎമാരുമടക്കം നിരവധി നേതാക്കളാണ് പാർട്ടിവിട്ടു കോൺഗ്രസിൽ ചേർന്നത്.

കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നവരാണ് ഇപ്പോൾ വീണ്ടും മാതൃപാർട്ടിയിലേക്ക് തിരിച്ചുപോകുന്നത്. സിന്ധ്യയുടെ അനുയായികൾക്ക് പാർട്ടിയിൽ വേണ്ടത്ര പരിഗണനകിട്ടാത്തതാണ് ചേരിമാറ്റത്തിന് പ്രധാന കാരണം. വിന്ധ്യ, ബുന്ദേൽഖണ്ഡ്, ചമ്പൽ മേഖലകളിൽനിന്നുള്ള നേതാക്കളും പ്രവർത്തകരുമാണ് വ്യാപകമായി കോൺഗ്രസിലേക്ക് കൂടുമാറുന്നത്.

ഈ ആഴ്ച ബിജെപിയുടെ രണ്ട് പ്രധാനപ്പെട്ട നേതാക്കൾ രാജിവെച്ചു. രണ്ട് തവണ എംഎൽഎയായ ഗിരിജ ശങ്കർ ശർമ വെള്ളിയാഴ്ച ബിജെപി വിട്ടു. പതിറ്റാണ്ടുകളായി ഗിരിജ ശങ്കർ ശർമയുടെ കുടുംബത്തിന് ബിജെപിയുമായി ബന്ധമുണ്ട്. ഹൊഷംഗബാദ് നിയമസഭാ സിറ്റിൽ 1990 മുതൽ തുടർച്ചയായി ഏഴ് തവണ വിജയിച്ചത് ഗിരിജ ശങ്കർ ശർമയുടെ കുടുംബാംഗങ്ങളാണ്. പുതിയ നേതാക്കൾ പാർട്ടിയിൽ ചേർന്നതിന് ശേഷം മുതിർന്ന നേതാക്കളെയും പ്രവർത്തകരെയും ബിജെപി അവഗണിക്കുകയാണെന്ന് ശർമ ആരോപിച്ചു. നിലവിലെ സർക്കാരിന്റെ തിരിച്ചുവരവിൽ ജനങ്ങൾക്ക് വലിയ താൽപ്പര്യമില്ല. അതിനാൽ ബിജെപി സ്ഥാനാർത്ഥി തന്റെ മണ്ഡലത്തിൽ വിജയിക്കില്ലെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോലാറസ് മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ വീരേന്ദ്ര രഘു വംശിയും ബിജെപി വിട്ടു.

സിന്ധ്യയുമായി അടുപ്പമുള്ള നേതാക്കൾ അഴിമതിക്കാരാണെന്നും അവർ ബിജെപി പ്രവർത്തകരെ ദ്രോഹിക്കുകയാണെന്നും ആരോപിച്ചാണ് കോലാറസ് എംഎൽഎയായ വീരേന്ദ്ര രഘുവംശി ബിജെപിയിൽ നിന്ന് രാജിവച്ചത്. 2013ൽ ബിജെപിയിൽ ചേർന്ന അദ്ദേഹം 2018ൽ കോലാറസിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി വിജയിച്ചു. 2020ലാണ് 22 എംഎൽഎമാരുമായി സിന്ധ്യ ബിജെപി ക്യാമ്പിലെത്തിയത്. ഇതോടെ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ താഴെവീണു.

മുൻ ബിജെപി മുഖ്യമന്ത്രി കൈലാഷ് ജോഷിയുടെ മകനും മുൻ മന്ത്രിയുമായ ദീപക് ജോഷി, മുൻ എംഎൽഎമാരായ രാധേലാൽ ബാഗേൽ, കൻവർ ധ്രുവ് പ്രതാപ് സിംഗ് തുടങ്ങിയവരാണ് രാജിവെച്ച ബിജെപി നേതാക്കൾ.




whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top