പുനർനിയമനം കൊടുത്ത ഉദ്യോഗസ്ഥരുടെ വിവരം പുറത്തുവിടാതെ സർക്കാർ; ഒന്നുമറിയില്ലെന്ന് മുഖ്യമന്ത്രിയുടെ മറുപടി !!

മുൻ ചീഫ് സെക്രട്ടറിമാരായ കെ ജയകുമാർ, കെ എം എബ്രഹാം, മുൻ പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, മുൻ അഡീഷണൽ ഡിജിപി ബി സന്ധ്യ തുടങ്ങി ഒട്ടേറെ പേർ വിരമിച്ചതിന് തൊട്ടുപിന്നാലെ തന്നെ പുനർനിയമനം നേടിയിട്ടുണ്ട്. ഇവർക്കെല്ലാം കനത്ത ശമ്പളവും നിശ്ചയിച്ച് നൽകിയിട്ടുണ്ട്. ഇവരിൽ കെ എം എബ്രഹാം ആകട്ടെ വിരമിച്ച ശേഷം ഏറ്റെടുത്ത കിഫ്ബിയുടെ ചുമതലക്ക് പുറമെ ഇപ്പോൾ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയെന്ന പദവിയോടെ ക്യാബിനറ്റ് റാങ്കും വഹിക്കുകയാണ്.

എന്നാൽ ഇവരുടെയാരുടെയും വിവരങ്ങൾ സർക്കാരിൽ ഇല്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. വള്ളിക്കുന്ന് എംഎൽഎ പി അബ്ദുൽ ഹമീദ് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി, “വിവരം ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല” എന്നാണ്. ഇവരുടെയെല്ലാം നിയമനത്തിന് അംഗീകാരം നൽകേണ്ടത് മുഖ്യമന്ത്രി നേരിട്ടാണ് എന്നിരിക്കെ ബോധപൂർവം വിവരം നിഷേധിക്കുന്നതാണ് എന്ന് ഉറപ്പ്. ചില ഘട്ടങ്ങളിൽ അറിയിക്കാറുള്ളത് പോലെ, “വിവരം ശേഖരിച്ച് വരുന്നു” എന്നുപോലും മറുപടിയിൽ പറയുന്നില്ല.

സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപറേഷനുകൾ എന്നിവിടങ്ങളിൽ നിന്നല്ലാം വിരമിച്ച ശേഷം പുനർനിയനം നേടിയവരുടെ വിവരങ്ങളാണ് അബ്ദുൽ ഹമീദ് എംഎൽഎ ആവശ്യപ്പെട്ടിരുന്നത്. ഐഎഎസ്, ഐപിഎസ് തസ്തികകളിൽ നിന്ന് വിരമിച്ച ശേഷം നിയമനം നേടിയവരുടെ വിവരങ്ങൾ രണ്ടാം ചോദ്യമായാണ് ഉന്നയിച്ചത്. ഇവരുടെയെല്ലാം നിലവിലെ സേവന, വേതന വ്യവസ്ഥകളും മൂന്നാം ചോദ്യമായി ചോദിച്ചിരുന്നു. എല്ലാത്തിനും ഒരേ മറുപടിയാണ്; “വിവരം ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല” !!

ഇതാദ്യമല്ല ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഭരണപക്ഷം ഒഴിഞ്ഞുമാറുന്നത്. പ്രതിപക്ഷം പലവട്ടം ഇക്കാര്യത്തിൽ പരാതികൾ ഉന്നയിച്ചിട്ടുണ്ട്. ഈ സർക്കാരിൻ്റെ കാലത്തും കഴിഞ്ഞ സർക്കാരിൻ്റെ കാലത്തുമായി ഒട്ടേറെ ചോദ്യങ്ങൾ ഇങ്ങനെ മറുപടിയില്ലാതെ അവശേഷിക്കുന്നുണ്ട്. 2023ലെ നവകേരള സദസിൻ്റെ സ്പോൺസർമാരുടെ വിവരങ്ങൾ അടക്കം ഒട്ടേറെ വിവരങ്ങൾ സർക്കാർ ഇനിയും പുറത്തുവിട്ടിട്ടില്ല. ഇത്തരം വിഷയങ്ങളിൽ വിവരാവകാശ അപേക്ഷകളിലും ഇതേ നിലപാടാണ് തുടർച്ചയായി സ്വീകരിച്ച് പോരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top