‘യൂത്ത് കോണ്‍ഗ്രസിനും എസ്എഫ്ഐക്കും ഇരട്ടനീതി, കമ്മിഷണറുടെ കസേരയില്‍ സിപിഎം ഏര്യാ സെക്രട്ടറിയെ ഇരുത്തുന്നതാകും നല്ലത്’: സതീശന്‍

കൊച്ചി: സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ പ്രതിഷേധിക്കാന്‍ പാടില്ലെന്ന പുതിയ നയമാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കരിങ്കൊടി കാട്ടിയവര്‍ക്കെതിരെ ആദ്യം ജാമ്യം ലഭിക്കുന്ന കേസ് ചുമത്തി. പിന്നീട് സിപിഎം ഏര്യാ കമ്മിറ്റി സെക്രട്ടറി പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ച ഉടനെ ജാമ്യമില്ലാ വകുപ്പായി മാറ്റിയെന്ന് സതീശന്‍ ആരോപിച്ചു.

എം.പിയും എം.എല്‍.എമാരും ഡി.സി.സി അധ്യക്ഷനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ശക്തമായി പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രാത്രി തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ പൊലീസ് തയാറായതെന്ന് സതീശന്‍ പറഞ്ഞു. ‘മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സിപിഎം പ്രാദേശിക നേതാക്കള്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ചതും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തത്. ആ സംഘത്തിന്റെ പേര് വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടും. ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ വിളിച്ചപ്പോഴും കമ്മിഷണര്‍ അദ്ദേഹത്തിന്റെ നിസഹായാവസ്ഥയാണ് പറഞ്ഞത്. അതുകൊണ്ടാണ് ഏര്യാ സെക്രട്ടറിയെ എറണാകുളം പോലീസ് കമ്മിഷണര്‍ കസേരയില്‍ ഇരുത്തിയാല്‍ മതിയെന്നു പറഞ്ഞതെന്നും’ സതീശന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാട്ടിയ എസ്എഫ്ഐക്കാരും മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസുകാരും ചെയ്തത് ഒരേ കുറ്റമാണ്. എന്നിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ ജാമ്യമില്ലാത്ത കേസും എസ്എഫ്ഐക്കാര്‍ക്കെതിരെ ജാമ്യമുള്ള കേസുമാണ് പോലീസ് ചുമത്തിയത്. ഒരേ പോലെ എഫ്.ഐ.ആര്‍ ഇട്ട കേസിലാണ് പോലീസ് ഇത്രയും വൃത്തികേട് കാട്ടിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top