ഹിന്ദി ‘ദൃശ്യം’ കണ്ട് കൊലപാതകം; ഡൽഹിയിൽ മുൻ പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ
ഫ്ലാറ്റ് സ്വന്തമാക്കാൻ വേണ്ടി ബിസിനസുകാരനെ കൊലപ്പെടുത്തിയ കേസിൽ മുൻ ഡൽഹി പോലീസ് കോൺസ്റ്റബിളായ പ്രവീൺ (42) അറസ്റ്റിലായി. ബിസിനസുകാരനായ അങ്കുഷ് ശർമ്മയാണ് കൊല്ലപ്പെട്ടത്. അജയ് ദേവ്ഗണിന്റെയും തബുവിന്റെയും ക്രൈം ത്രില്ലർ സിനിമയായ ദൃശ്യവും മറ്റ് ക്രൈം വെബ് സീരീസും കണ്ടതിന് ശേഷമാണ് മുൻ കോൺസ്റ്റബിൾ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ഗ്രേറ്റർ നോയിഡയിലെ ഫ്ലാറ്റ് വിൽക്കാൻ അങ്കുഷ് ശർമ്മ ശ്രമിച്ചിരുന്നു. ഇതു വാങ്ങുന്നതിനായി ചില ബ്രോക്കർമാർ മുഖേന പ്രവീൺ അയാളുമായി ബന്ധപ്പെട്ടു. 1.20 കോടി രൂപയ്ക്ക് കരാർ ഉറപ്പിക്കുകയും ശർമ്മയ്ക്ക് 8 ലക്ഷം രൂപ പ്രവീൺ നൽകുകയും ചെയ്തു. എന്നാൽ, പിന്നീട് ഫ്ലാറ്റിന്റെ വില കുറഞ്ഞുപോയെന്നും കൂടുതൽ വേണമെന്നും ശർമ്മ ആവശ്യപ്പെട്ടതോടെയാണ് തർക്കം തുടങ്ങിയത്. തുടർന്ന് ശർമ്മയെ കൊല്ലാൻ പ്രവീൺ തീരുമാനിക്കുകയായിരുന്നു.
ഓഗസ്റ്റ് ഒൻപതിന് ഫ്ലാറ്റിന്റെ ബാക്കി തുക നൽകാമെന്ന് പറഞ്ഞ് ശർമ്മയെ അയാളുടെ ഓഫിസിൽനിന്നും പ്രവീൺ കൂട്ടിക്കൊണ്ടു പോയി. ഇരുവരും ഒരു കെട്ടിടത്തിന്റെ പാർക്കിങ് ഏരിയയിൽ ഇരുന്ന് മദ്യപിക്കാൻ തുടങ്ങി. പിന്നീട് പ്രവീൺ ചുറ്റിക കൊണ്ട് ശർമ്മയുടെ തലയിൽ അടിച്ച് വീഴ്ത്തിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. അധികമാരും കടന്നുചെല്ലാത്ത ഒരു സ്ഥലത്ത് മൃതദേഹം കുഴിച്ചിട്ടു. ഇത് തർക്കത്തിലിരിക്കുന്ന ഭൂമിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
ശർമ്മയെ കാണാനില്ലെന്ന് വീട്ടുകാർ നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രവീൺ പിടിയിലായത്. മൃതദേഹം കുഴിച്ചു മൂടിയ സ്ഥലവും കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റികയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഛത്തീസ്ഗഡിൽ സമാനമായ കൊലപാതകം റിപ്പോർട്ട് ചെയ്ത് ഏകദേശം രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഡൽഹിയിലെ സംഭവം. ഛത്തീസ്ഗഡിൽ 28 കാരിയെ കൊലപ്പെടുത്തിയശേഷം ഭർത്താവും സുഹൃത്തും ചേർന്നാണ് മൃതദേഹം കുഴിച്ചു മൂടിയത്. മൃതദേഹം എങ്ങനെ മറയ്ക്കാമെന്നും അറസ്റ്റ് ഒഴിവാക്കാമെന്നും പ്രതികൾ മനസിലാക്കിയത് ദൃശ്യം സിനിമ കണ്ടാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here