കരിമഠം കൊല: മറുപടി പോലീസ് പറയേണ്ടി വരും; ഇൻ്റലിജൻസ് റിപ്പോർട്ട് അവഗണിച്ചു

തിരുവനന്തപുരം: സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ട തിരുവനന്തപുരം കരിമഠം കോളനിയിലെ ഗുരുതര സാഹചര്യം വിശദീകരിച്ച് പോലീസ് ഇൻ്റലിജൻസ് വിഭാഗം മാസങ്ങൾക്ക് മുൻപ് നൽകിയ മുന്നറിയിപ്പ് അവഗണിക്കപ്പെട്ടു. ഇതാണ് ചൊവ്വാഴ്ചത്തെ പ്രശ്നങ്ങളിലേക്ക് നയിച്ചതെന്ന് വ്യക്തമാകുന്നു. ലഹരിമരുന്ന് മാഫിയ ഇവിടെ പിടിമുറുക്കുന്നു എന്നും കുട്ടികൾക്കിടയിൽ ലഹരി എത്തിക്കാൻ ശ്രമിക്കുന്ന ഈ സംഘങ്ങൾ തമ്മിൽ കലഹങ്ങൾ പതിവായെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കൊലക്കേസിൽ ഇപ്പോൾ അറസ്റ്റിലായവരിൽ പലരുടെയും പേരുകൾ സഹിതം നൽകിയ റിപ്പോർട്ടിൽ പക്ഷേ സിറ്റി പോലീസിൻ്റെ ഭാഗത്ത് നിന്ന് വേണ്ട ജാഗ്രത ഉണ്ടായില്ല എന്നാണ് ഏറ്റവും പുതിയ സാഹചര്യത്തിൽ വ്യക്തമാകുന്നത്.

നഗരമധ്യത്തിൽ തന്നെയുള്ള കരിമഠം കോളനി കേന്ദ്രീകരിച്ച് സംഘർഷങ്ങൾ വർഷങ്ങൾക്ക് മുൻപേ ഉള്ളതാണ്. എന്നാൽ ലഹരി സംഘങ്ങൾ പിടിമുറുക്കിയ ശേഷമുള്ള സാഹചര്യം അതീവ അപകടകരമാണെന്ന് വിലയിരുത്തിയാണ് രഹസ്യ റിപ്പോർട്ട് തയ്യാറാക്കിയത്. ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കോളനിയിൽ മുൻപ് സ്ഥിരം പോലീസ് പട്രോളിംഗ് അടക്കമുള്ള മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. എന്നാൽ ഇപ്പോൾ അത്തരം ഫലപ്രദമായ നടപടികൾ ഒന്നും ഉണ്ടാകുന്നില്ല എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പൊതുവായ സാഹചര്യം വിലയിരുത്തിയാണ് പലപ്പോഴും ഇൻ്റലിജൻസ് റിപ്പോർട്ടുകൾ തയ്യാറാകുന്നത്. അതുകൊണ്ട് തന്നെ വിശദാംശങ്ങൾ കണ്ടെത്താൻ കഴിയാതെ റിപ്പോർട്ടിലെ വസ്തുതകൾ ലോക്കൽ അവഗണിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ കുഴപ്പക്കാരുടെ പേരുകൾ സഹിതം എല്ലാം വ്യക്തമായി പമാർശിക്കുന്ന റിപ്പോർട്ട് കിട്ടിയിട്ടും അതിന്മേൽ പരിശോധന നടത്താൻ തയ്യാറാകാത്തതിന് ന്യായീകരണമില്ല. റിപ്പോർട്ടിൽ പേര് പറയുന്നവരെ വിളിച്ചുവരുത്തി വിവരം തിരക്കാനോ ആവശ്യമെങ്കിൽ മുന്നറിയിപ്പ് നൽകാനോ ഉള്ള നടപടിയാണ് ഉണ്ടാകേണ്ടിയിരുന്നത്. അങ്ങനെ പേര് പരാമർശിക്കപ്പെട്ടവരിൽ നാലോ അഞ്ചോ പേരാണ് കൊലക്കേസിൽ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top