യാത്രക്കാർ ആവശ്യപ്പെട്ടിട്ടും സ്പീഡ് കുറച്ചില്ല; കോഴിക്കോട്ട് അന്തർസംസ്ഥാന ബസ് ഇടിച്ചുമറിഞ്ഞ് ഒരാൾ മരിച്ചത് അമിതവേഗം മൂലമെന്ന് പോലീസ് എഫ്ഐആർ; ജാമ്യമില്ലാ വകുപ്പിൽ കേസ്

കോഴിക്കോട്: അന്തർസംസ്ഥാന സർവീസ് നടത്തുന്ന ബസുകളുടെ രാത്രിയിലെ മരണപ്പാച്ചിൽ ദുരന്തമാകുന്നത് തുടർക്കഥയായിട്ടും ഒരു മര്യാദയുമില്ലാതെ ബസ് ലോബി. തിരുവനന്തപുരം ഉഡുപ്പി സർവീസ് നടത്തുന്ന കോഹിനൂർ ബസ് കഴിഞ്ഞ ദിവസം പുലർച്ചെ കോഴിക്കോട്ട് ഇടിച്ചുമറിഞ്ഞ് മരിച്ചത് കൊല്ലം സ്വദേശികളായ മാതാപിതാക്കളുടെ ഏക മകനാണ്. ഫോട്ടോഗ്രാഫറായ അമല്‍ മോഹനനാണ് (28) ദാരുണമായി മരിച്ചത്. ഗുരുതരമായി പരുക്കേറ്റ രണ്ടുപേർ ചികിത്സയിലുമുണ്ട്. യാതൊരു അപകടസാധ്യതയുമില്ലാത്ത സ്ഥലത്താണ് ഈ അപകടം ഉണ്ടായത്. അപകടമുണ്ടാക്കിയത് ഡ്രൈവറാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് ഫറോക്ക് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ആര്‍.സജീവ്‌ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

തിരുവനന്തപുരത്ത് നിന്നും ഉഡുപ്പിയിലേക്ക് പോയ കര്‍ണാടക രജിസ്ട്രേഷനിലുള്ള കോഹിനൂര്‍ എന്ന എസി സ്ലീപ്പര്‍ ബസാണ് ശനിയാഴ്ച പുലര്‍ച്ചെ അപകടം വരുത്തിവെച്ചത്. ബസ് ഡ്രൈവര്‍ മംഗളൂര് സ്വദേശി അബൂബക്കറിനെതിരെ ഐപിസി 279, 337, 338, 304 വകുപ്പുകള്‍ ചുമത്തി ഫറോക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ ഉടൻ കോടതിയില്‍ ഹാജരാക്കും. “ബസ് അമിത വേഗതയിലായിരുന്നു. ഇക്കാര്യത്തിൽ യാത്രക്കാരും മൊഴി നല്‍കിയിട്ടുണ്ട്. അപകടം സംഭവിക്കാന്‍ തീരെ സാധ്യതയില്ലാത്ത സ്ഥലത്താണ് ബസ് മറിഞ്ഞിരിക്കുന്നത്. മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തതിനാല്‍ മോട്ടോര്‍ വാഹനവകുപ്പിന് പോലീസ് റിപ്പോര്‍ട്ട് നല്‍കും. ഡ്രൈവറുടെ ലൈസന്‍സ് ഉള്‍പ്പെടെ റദ്ദാകും.” – ഫറോക്ക് എസ്എച്ച്ഒ പറഞ്ഞു.

എസി ബസിൽ യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും ഇടയിലെ ഡോര്‍ അടച്ച് കര്‍ട്ടന്‍ വീണാല്‍ പിന്നെ ഉള്ളിലുള്ളവർക്ക് ബസിന്റെ വേഗത കണക്കാക്കാന്‍ കഴിയാത്ത അവസ്ഥയാണ്. രാത്രിയായതിനാൽ മിക്കവരും ഉറക്കത്തിലുമാകും. ചോദിക്കാനും പറയാനും ആരുമില്ലാത്ത ഈ സമയത്താണ് യാത്രക്കാരുടെ ജീവൻ തുലാസിലാക്കുന്ന ബസോട്ടം. കഴിഞ്ഞ വർഷം ജൂലൈയില്‍ കണ്ണൂരില്‍ കല്ലട ബസ് ലോറിയിലിടിച്ച് ഒരാള്‍ മരിച്ചിരുന്നു. 25 പേര്‍ക്കാണ് അന്ന് പരുക്കേറ്റത്. മംഗലാപുരത്ത് നിന്ന് പത്തനംതിട്ടയിലേയ്‌ക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. തൊട്ടടുത്ത ഓഗസ്റ്റില്‍ കല്ലട വീണ്ടും അപകടം വരുത്തി. ചെന്നൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന ബസ് മറിഞ്ഞ് രണ്ടുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. അമിതവേഗതയില്‍ എത്തിയ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടകാരണമായത്. കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് പോകുന്ന മറ്റൊരു ബസ് പാലക്കാട്‌ കോങ്ങാട് വെച്ച് മറിഞ്ഞ് 15 പേര്‍ക്ക് പരുക്ക് പറ്റിയതും കഴിഞ്ഞ ജൂലൈ മാസമാണ്. അഗ്നിരക്ഷാ സേനയും പോലീസും ചേര്‍ന്ന് ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെത്തിച്ചത്.

ഒറ്റയടിക്ക് മംഗളൂരുവും ഹൈദരാബാദും വരെ ഓടിച്ചെത്തുന്ന ബസുകളുണ്ട്. ന്യായമായ സ്പീഡിലല്ല ഇവയൊന്നും ഓടുന്നത്. ഈ ബസുകളുടെയൊക്കെ ഓട്ടം അധികവും കേരളത്തിന് പുറത്തായതിനാൽ അപകടങ്ങൾ പലതും മലയാളികൾ അറിയാതെ പോകുന്നുവെന്ന സൌകര്യവും ഇവർക്കുണ്ട്. കേരളത്തിൻ്റെ അതിർത്തി കടന്ന ശേഷമുണ്ടാകുന്ന അപകടങ്ങളേ പലപ്പോഴും മാധ്യമങ്ങളിലും വാർത്തയാകാറുള്ളൂ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top