മിശ്രവിവാഹിതർക്ക് കഷ്ടകാലം; മുഖംതിരിച്ച് കോടതിയും, നിയമം സൃഷ്ടിക്കുന്ന പൊല്ലാപ്പുകൾ

ഡൽഹി: ഇഷ്ടമുള്ള മതം സ്വീകരിക്കാനും വിശ്വസിക്കാനും, പങ്കാളിയെ സ്വയം തിരഞ്ഞെടുക്കാനും ഭരണഘടന അനുവാദം നൽകുന്ന ഇന്ത്യയില്‍ പക്ഷേ മിശ്ര വിവാഹത്തിന് ഇപ്പോഴും കടമ്പകൾ പലത് കടക്കണം. ഉത്തർപ്രദേശ് ഉൾപ്പെടെ മതപരിവർത്തന നിരോധന നിയമം നിലനിൽക്കുന്ന സംസ്ഥാനങ്ങളിൽ അന്യമതത്തിൽ നിന്നുള്ളവരെ പങ്കാളിയാക്കാൻ എളുപ്പം സാധിക്കില്ല. മിശ്രവിവാഹം ചെയ്തതിന്റെ പേരിൽ ജീവന് ഭീഷണി നേരിടുന്നവർക്കും നിയമം വഴി സംരക്ഷണം ലഭിക്കില്ലെന്ന സ്ഥിതിയാണ്.

രണ്ട് മതത്തില്‍പ്പെട്ടവര്‍ വിവാഹം ചെയ്യണമെങ്കില്‍ ‘മതപരിവർത്തന സർട്ടിഫിക്കറ്റ്’ ഹാജരാക്കണമെന്നാണ് ഉത്തർപ്രദേശിലെ ‘Prohibition of Unlawful Conversion of Religion Ordinance, 2020’ൽ പറയുന്നത്. മിശ്രവിവാഹം ചെയ്തതിനെ തുടർന്ന് വീട്ടുകാരില്‍ നിന്ന് ജീവന് ഭീഷണി ഉണ്ടെങ്കിൽ പോലും സർട്ടിഫിക്കറ്റ് ഇല്ലാതെ സംരക്ഷണം നൽകാൻ കോടതിയും തയ്യാറല്ല. അടുത്തിടെ ഉത്തർപ്രദേശിലെ ബറേയ്ലിയില്‍ വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹിതരായ ദമ്പതികൾ ബന്ധുക്കളിൽ നിന്ന് ഭീഷണി ഉണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാനത്തിന്റെ മതപരിവർത്തന നിരോധന നിയമ പ്രകാരം ഹർജി കോടതി തള്ളി. മുസ്ലിമായ യുവതി ഹിന്ദു മതത്തിലേക്ക് മാറിയ ശേഷമാണ് വിവാഹം ചെയ്തത്. എന്നാൽ മതപരിവർത്തന സർട്ടിഫിക്കറ്റ് നേടിയിരുന്നില്ല. ഒൻപതോളം ദമ്പതികളാണ് ഇത്തരത്തിൽ കോടതിയെ സമീപിച്ചിരിക്കുന്നത്.

ഉത്തർപ്രദേശിലെ നിയമപ്രകാരം മതപരിവർത്തനം നടത്തണമെങ്കിൽ രണ്ട് മാസം മുൻപ് ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നൽകണം. പരിവർത്തനത്തിന് നേതൃത്വം നൽകുന്ന പുരോഹിതൻ ഒരു മാസം മുൻപ് ചടങ്ങ് നടക്കുന്ന സ്ഥലം എവിടെയാണെന്ന് അറിയിക്കണം. പേര്, വിലാസം, മാതാപിതാക്കളുടെ വിവരം തുടങ്ങിയവ നൽകണം. പിന്നീട് അപേക്ഷ മൂന്നാഴ്ച ഓഫീസിലെ നോട്ടീസ് ബോര്‍ഡില്‍ പ്രദർശിപ്പിക്കും. ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ അറിയിക്കാം. ഈ സമയം കൊണ്ട് വിവാഹിതരാകുന്നവരുടെ ബന്ധുക്കൾ വിവരം അറിയും. ചുരുക്കത്തിൽ മതപരിവർത്തനം നടക്കില്ല ഒപ്പം മിശ്രവിവാഹവും. ലവ് ജിഹാദ് ഇല്ലാതാക്കാനെന്ന പേരിലാണ് നിയമം കൊണ്ടുവന്നതെങ്കിലും മിശ്രവിവാഹിതരായ എല്ലാവരെയും നിയമം പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും നിയമം നിലവിലുണ്ട്.

2018ലെ സുപ്രീം കോടതി വിധിപ്രകാരം പ്രായപൂർത്തിയായ രണ്ടുപേർക്ക് പരസ്പര സമ്മതത്തോടെ വിവാഹം ചെയ്യാൻ മാതാപിതാക്കളുടെയോ സമുദായത്തിന്റെയോ അനുവാദം ആവശ്യമില്ല. ഇതനുസരിച്ച് വീട്ടുകാരിൽ നിന്ന് സംരക്ഷണം ആവശ്യപ്പെടുന്ന ദമ്പതികൾക്ക് അത് നൽകിയിരുന്നു. ദുരഭിമാന കൊലകൾ കൂടി വരുന്ന സാഹചര്യത്തിലാണ് സംരക്ഷണം നൽകാൻ കോടതി തന്നെ നിർദേശം നൽകിയത്. എന്നാൽ മതപരിവർത്തന നിരോധന നിയമം നിലവിൽ വന്ന സംസ്ഥാനങ്ങളിൽ ഇപ്പോൾ ഈ സംരക്ഷണം നൽകുന്നില്ല. ഇത് കൂടുതൽ ദുരഭിമാന കൊലകൾക്ക് വഴിവയ്ക്കാനാണ് സാധ്യത.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top