നെതന്യാഹുവിന് അന്താരാഷ്ട്ര കോടതിയുടെ അറസ്റ്റ് വാറണ്ട്; യുദ്ധക്കുറ്റവാളിയായി അംഗീകരിക്കാതെ ഇസ്രയേൽ

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ഐസിസി) അറസ്റ്റ് വാറണ്ട്. ഇസ്രയേൽ മുൻ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ്, ഹമാസ് നേതാവ് മുഹമ്മദ് ദിയാബ് ഇബ്രാഹിം അൽ മസ്‌രി എന്നിവർക്കെതിരെയും വാറണ്ടുണ്ട്. യുദ്ധക്കുറ്റങ്ങളും മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങളും ആരോപിച്ചാണ് നടപടി. ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരായ ഹമാസ് ആക്രമണവും ഗാസയിലെ ടെൽ അവീവിലെ ഇസ്രയേലിൻ്റെ സൈനിക നടപടികളുമാണ് കാരണം. അടുത്തിടെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അൽ മസ്‌രി കൊല്ലപ്പെട്ടിരുന്നു.
Also Read: ഇറാൻ രഹസ്യമാക്കി വച്ച വിവരം ഒടുവിൽ പുറത്ത്; ആരാണ് ഖമേനിയുടെ പിൻഗാമി മൊജ്തബ
ഭക്ഷണം, വെള്ളം, ഉൾപ്പെടെയുള്ള അതിജീവനത്തിന് ഒഴിച്ചുകൂടാനാവാത്ത അവശ്യവസ്തുക്കൾ ഗാസയിലെ സാധാരണ ജനങ്ങൾക്ക് നിഷേധിച്ചുവെന്ന കുറ്റവും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. എന്നാൽ ആരോപണങ്ങൾ ഇസ്രയേൽ നിഷേധിക്കുകയും ഐസിസിയുടെ അധികാരത്തെ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇസ്രയേൽ നിലവിൽ ഐസിസിയിലെ അംഗരാജ്യമല്ല എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ വർഷം ഒക്ടോബർ 7ന് ശേഷം ഇസ്രയേൽ ആക്രമണത്തിൽ 44,056 പേർ കൊല്ലപ്പെട്ടതായിട്ടാണ് ഗാസ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ.
Also Read: ഇസ്രയേല്‍ ഉന്നത കമാൻഡർക്ക് പിന്നാലെ സൈനികരെയും കൊലപ്പെടുത്തി; ഗാസയിൽ ഹമാസിന്‍റെ തിരിച്ചടി
2023 ഒക്‌ടോബർ 7ന് ഹമാസ് തെക്കൻ ഇസ്രായേലിൽ ആക്രമണം നടത്തിയതോടെയാണ് യുദ്ധത്തിൻ്റെ തുടക്കം. ഏകദേശം 1,200 സാധാരണ ഇസ്രയേലി പൗരൻമാരാണ് അന്ന് കൊല്ലപ്പെട്ടത്. 250 പേരെ ഹമാസ് ബന്ധികളാക്കിയിരുന്നു. ഇതിന് ഇസ്രയേൽ തിരിച്ചടി ആരംഭിച്ചതോടെയാണ് ഗാസ സംഘർഷത്തിലേക്ക് വഴുതിവീണത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 71 പേരാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here