ചോദ്യം ചെയ്യലുമായി സഹകരിക്കാതെ ചന്ദ്രബാബു നായിഡു, അൽപ്പസമയത്തിനകം സിബിഐ കോടതിയിൽ ഹാജരാക്കും

ഹൈദരബാദ്: അഴിമതിക്കേസിൽ അറസ്റ്റിലായ തെലുഗ് ദേശം പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ ചോദ്യം ചെയ്യൽ അവസാനിച്ചു. 11 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലുമായി നായിഡു സഹകരിച്ചില്ലെന്ന് സിഐഡി ഉദ്യോഗസ്ഥർ അറിയിച്ചു. അൽപ്പസമയത്തിനകം നായിഡുവിനെ കോടതിയിൽ ഹാജരാക്കും.

2014-2019 കാലത്ത് മുഖ്യമന്ത്രിയായിരിക്കെ യുവാക്കൾക്ക് നൈപുണ്യ പരിശീലനം നൽകുന്നതിന് രൂപീകരിച്ച സംസ്ഥാന നൈപുണ്യ വികസന കാർപ്പറേഷനിൽ 371 കോടിയുടെ അഴിമതി നടത്തിയതെന്നും ഇതിന്റെ മുഖ്യ ആസൂത്രകൻ നായിഡുവാണെന്നുമാണ് കേസ്. ആരോപണവിധേയരായ കമ്പനി ഈ പണം പദ്ധതി നടത്തിപ്പിന് ഉപയോഗിക്കാതെ, വിദേശത്തെ ഷെൽ കമ്പനികളിലേക്ക് മറിച്ചതിലും അന്വേഷണം നടക്കുകയാണ്.

2021ലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. അഴിമതി നിരോധന നിയമപ്രകാരമാണ് കേസ്. ക്രിമിനൽ ഗൂഢാലോചന, വഞ്ചന തുടങ്ങിയ വകുപ്പുകളും ചുമത്തി. അന്വോഷണവുമായി ബന്ധപ്പെട്ടു നിരവധി തവണ നോട്ടീസ് നൽകിയിട്ടും ഹാജരായില്ല എന്ന് കാട്ടിയാണ് സിഐഡി സംഘം ശനിയാഴ്ച നായിഡുവിനെ അറസ്റ്റ് ചെയ്തത്.

തന്റെ പേരിൽ തെളിവില്ലെന്നു നായിഡു വെല്ലുവിളിച്ചതോടെ പൊലീസും പാർട്ടി പ്രവർത്തകരും തമ്മിൽ സംഘർഷമായി. രാവിലെയോടെ നായിഡു കഴിഞ്ഞിരുന്ന കാരവാനിൽ നിന്ന് സി.ഐ.ഡി ഉദ്യോഗസ്ഥൻ ധനുജ്ഞയുഡുവിന്റെ നേതൃത്വത്തിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ആന്ധ്രയിലെ നന്ത്യാലിൽ തെരഞ്ഞെടുപ്പ് പ്രചാരണ യാത്രയ്ക്കിടെ വിശ്രമിക്കവേയായിരുന്നു അറസ്റ്റ്.

നായിഡുവിന്റെ പിഎ പെൻദ്യല ശ്രീനിവാസും ഷെൽ കമ്പനി പ്രതിനിധികൾ എന്ന് സംശയിക്കപ്പെടുന്നവരും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളുടെ വിശദാംശങ്ങൾ തേടി ഫിനാൻസ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഫയൽ കുറിപ്പിനെക്കുറിച്ചും അന്വേഷണ സംഘം ചോദിച്ചു. എന്നാൽ മുഴുവൻ ചോദ്യങ്ങൾക്കും, ഇല്ല, അറിയില്ല, ഓർമയില്ല എന്നായിരുന്നു നായിഡുവിന്റെ മറുപടി.

മെട്രോ പൊളിറ്റൻ മജിസ്ട്രറ്റ് കോടതിയിൽ ഹാജരാക്കുന്നതിന്റെ ഭാഗമായി വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ സിദ്ധാർഥ് ലുത്ര നായിഡുവിന് വേണ്ടി ഹാജരാകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top