കൊടിയ അഴിമതിക്കേസിലെ ഇടത് -വലത് അന്തർധാര പൊളിച്ച് സുപ്രീം കോടതി; ഐഎൻടിയുസി നേതാവ് ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
അഴിമതിയുടെ കാര്യത്തിൽ സംസ്ഥാനത്തെ ഭരണ- പ്രതിപക്ഷ മുന്നണികൾ തമ്മിലുള്ള അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയത്തിൻ്റെ മറ്റൊരു ഉദാഹരണമാണ് കശുവണ്ടി കോർപ്പറേഷനിലെ അഴിമതി അന്വേഷണം. കോൺഗ്രസ് നേതൃത്വം കൊടുത്ത സർക്കാരിൻ്റെ കാലത്ത് നടന്ന അഴിമതി കേസിൽ ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരൻ, കോർപറേഷൻ മുൻ എംഡി കെഎ രതീഷ് എന്നിവരാണ് പ്രതികൾ. ഈ അന്വേഷണം ഏത് വിധേയനയും അട്ടിമറിക്കാൻ യുഡിഎഫിനെയോ കോൺഗ്രസിനെയോകാൾ ഇടത് സർക്കാർ ഒത്താശ ചെയ്തു എന്നതാണ് വാസ്തവം. ഇതിലാണ് പരമോന്നത കോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടായിരിക്കുന്നത്.
കശുവണ്ടി വികസന കോർപറേഷൻ മുൻ ചെയർമാൻ ചന്ദ്രശേഖരൻ, മുൻ എംഡി കെഎ രതീഷ് എന്നിവർക്കെതിരായ സിബിഐ കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളുകയായിരുന്നു. ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, പികെ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ഇരുവർക്കുമെതിരായ കേസിൽ ക്രിമിനൽ നടപടി ചട്ടത്തിലെ 197 പ്രകാരമുള്ള പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയും ചെയ്തു.
ചന്ദ്രശേഖരനും രതീഷും ഔദ്യോഗിക പദവിയിലിരിക്കെ നടന്ന ഇടപാടുകളാണെന്നും അതിൽ ക്രമക്കേടുണ്ടെന്ന് തെളിയിക്കാൻ ആവശ്യമായ രേഖകൾ സിബിഐ സമർപ്പിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ഇടതു സർക്കാർ പ്രോസിക്യൂഷന് അനുമതി നിഷേധിച്ചിരുന്നു. പ്രോസിക്യൂഷൻ അനുമതി വേണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ കേസിന്റെ വിചാരണ നടപടികളുമായി മുന്നോട്ട് പോകാൻ സിബിഐക്ക് സാധിക്കും.
സിആർപിസി വകുപ്പ് 197 അനുസരിച്ച് ഔദ്യോഗിക പദവി വഹിക്കുന്നവർക്ക് സംരക്ഷണം ലഭിക്കുന്നത് കേന്ദ്ര, സംസ്ഥാന സർക്കാരുകളുമായി നേരിട്ട് ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർക്കാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കെതിരായ അഴിമതിക്കേസുകളിൽ ക്രിമിനൽ നടപടി ചട്ടത്തിലെ 197 പ്രകാരം ഉള്ള പ്രോസിക്യുഷൻ അനുമതി വേണ്ടെന്ന് കേസിലെ പരാതിക്കാരനായ കടകംപള്ളി മനോജിന് വേണ്ടി ഹാജരായ അഭിഭാഷകൻ ജി പ്രകാശ് സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ചന്ദ്രശേഖരന് കശുവണ്ടി വികസന കോര്പ്പറേഷന് ചെയര്മാന് ആയിരുന്ന കാലത്തെ തോട്ടണ്ടി ഇടപാടുകളിൽ അഴിമതിയുണ്ടെന്ന കേസ് ഹൈക്കോടതി നിർദേശപ്രകാരമാണു സിബിഐ ഏറ്റെടുത്തത്. അഞ്ചുവർഷത്തോളം കേസ് അന്വേഷിച്ച സിബിഐ, കോടികളുടെ ക്രമക്കേടു കണ്ടെത്തി അന്തിമ റിപ്പോർട്ട് നൽകിയ ശേഷം പ്രോസിക്യൂഷന് അനുമതി തേടിയപ്പോൾ 2020 ഒക്ടോബർ 15ന് പിണറായി സർക്കാർ അപേക്ഷ തള്ളിയത്. എന്നാൽ സിബിഐയുടെ റിപ്പോർട്ട് സർക്കാർ ശരിയായി വിലയിരുത്തിയിട്ടില്ലെന്നും അനുമതി നിഷേധിക്കാൻ മതിയായ കാരണം പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കിയാണു കോടതി ഇടപെട്ടതും പുനഃപരിശോധനയ്ക്കു നിർദേശിച്ചതും.
കശുവണ്ടി വികസന കോർപറേഷനിലെ തോട്ടണ്ടി അഴിമതിക്കേസിൽ മുഖ്യപ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐയ്ക്ക് അനുമതി നൽകാമെന്നു ഫയലിൽ കുറിച്ച വകുപ്പു സെക്രട്ടറിയെ പിണറായി സർക്കാർ രായ്ക്കുരാമാനം പറപ്പിച്ചു. ഇദ്ദേഹത്തെ മാറ്റിയ ശേഷമാണു പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകേണ്ടതില്ലെന്ന സർക്കാർ ഉത്തരവിറങ്ങിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here