കെഎസ്ആർടിസിയിൽ പണിമുടക്ക് തുടങ്ങി; തിരുവനന്തപുരത്ത് ബസ് തടഞ്ഞു
കെഎസ്ആര്‍ടിസിയില്‍ ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫിന്റെ 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. എല്ലാ മാസവും ഒന്നാം തീയതി ശമ്പളം വിതരണം ചെയ്യണം എന്നതടക്കം പന്ത്രണ്ട് ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാരുടെ പ്രതിഷേധം. തിരുവനന്തപുരം പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോയിൽ സ്വിഫ്റ്റ് ബസ് സമരാനുകൂലികൾ തടഞ്ഞു.
അതേസമയം സിവിൽ സർജൻ്റെ ആശുപത്രിയിൽ കുറയാത്ത മെഡിക്കൽ ഓഫീസർ സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിൽ അല്ലാതെ അവധി അനുവദിക്കരുതെന്നാണ് മാനേജ്മെമെൻ്റ് നിർദ്ദേശം. കാൻ്റീനുകൾ പ്രവർത്തിക്കണം. വീഴ്ച വരുത്തിയാൽ ലൈസൻസ് റദ്ദാകും. താൽക്കാലിക ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സർവീസുകൾ നടത്താനും നിർദ്ദേശിച്ചിട്ടുണ്ട്. പണിമുടക്ക് അട്ടിമറിക്കാനുള്ള ശ്രമം വിലപോവില്ലെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു. ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും ടിഡിഎഫ് സംസ്ഥാന പ്രസിഡൻ്റ് തമ്പാനൂർ രവി, വർക്കിങ് പ്രസിഡൻ്റ് എം വിൻസൻ്റ്, ജനറൽ സെക്രട്ടറി വിഎസ് ശിവകുമാർ എന്നിവർ അറിയിച്ചു.
പണിമുടക്കി സമരം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നാണ് ഗതാഗത മന്ത്രിയുടെ താക്കീത്. ഇത് അവഗണിച്ചാണ് ജീവനക്കാർ സമരത്തിനിറങ്ങിയിരിക്കുന്നത്. ഡിഎ കുടിശ്ശിക പൂർണമായും അനുവദിക്കുക, ശമ്പള പരിഷ്കരണ കരാറിന്റെ സർക്കാർ ഉത്തരവിറക്കുക, ഡ്രൈവർമാരുടെ സ്പെഷ്യൽ അലവൻസ് കൃത്യമായി നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉയർത്തിയാണ് സമരം.
പണിമുടക്ക് ഒഴിവാക്കാൻ കെഎസ്ആർടിസി, സിഎംഡി പ്രമോജ് ശങ്കർ സംഘടന നേതാക്കളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് 24 മണിക്കൂർ സമരവുമായി മുന്നോട്ടു പോകാൻ ജീവനക്കാർ തീരുമാനിച്ചത്. ഒന്നാം തിയതി ശമ്പളം തരുമെന്ന് പറഞ്ഞാന്‍ തന്നിരിക്കുമെന്നും അത് സമരം ചെയ്താല്‍ കിട്ടുമെന്ന് ആരും വിചാരിക്കേണ്ടെന്നുമായിരുന്നു പണി മുടക്കാനുള്ള തീരുമാനത്തിനെതിരെ മന്ത്രി ഗണേഷ് കുമാറിൻ്റെ പ്രതികരണം. പണിമുടക്കിന് വരണമെന്ന് പറഞ്ഞ് ചിലവര്‍ വിളിക്കുമെന്നും പോകുന്നവര്‍ക്ക് ദുഖിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. സമരം ചെയ്താല്‍ ശമ്പളം കിട്ടുമെന്ന് വിചാരിക്കണ്ട. സമരം നടത്തുന്നത് കെഎസ്ആര്‍ടിസിയോടുള്ള സ്‌നേഹം കൊണ്ടല്ല. തകര്‍ക്കാനുള്ള ഗൂഢാലോചന കൊണ്ടാണെന്നും മന്ത്രി പണിമുടക്കിനെ കുറ്റപ്പെടുത്തിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here