അൻവറിൻ്റെ ആരോപണത്തിൽ അന്വേഷണം; പോലീസില്‍ അച്ചടക്കലംഘനം വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി

പോലിസിലെ ഉന്നതർക്കെതിരെ നിലമ്പൂർ എംഎൽഎ പിവി അൻവർ ഉന്നയിച്ച ഗുരുതര ആരോപണങ്ങക്ക് നടപടിയെടുക്കുമെന്ന സൂചന നൽകി മുഖ്യമന്ത്രി. കോട്ടയത്ത് നടന്ന പോലിസ് അസോസിയേഷൻ്റെ സംസ്ഥാന സമ്മേളനത്തിൻ്റെ സമാപന ചടങ്ങിലാണ് ആരോപണ വിധേയരുടെ പേര് പറയാതെയാണ് ഉയർന്ന വിവാദങ്ങളിൽ പിണറായി പ്രതികരിച്ചത്. ആരോപണം സംസ്ഥാന പോലിസിലെ ഏറ്റവും ഉന്നതൻ അന്വേഷിക്കുമെന്നാണ് പ്രഖ്യാപനം. സേനയിലെ അച്ചടക്ക ലംഘനം ഒരു തരത്തിലും വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോപണ വിധേയനായ എഡിജിപി എം.ആർ.അജിത് കുമാറിനെ വേദിയില്‍ ഇരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ആഭ്യന്തര വകുപ്പിനെതിരെ ഭരണകക്ഷി എംഎൽഎയുടെ ആരോപണങ്ങൾക്ക് ശേഷം ഇരുവരും വേദിപങ്കിടുന്നത് ആദ്യമായിട്ടാണ്. സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയെ സംസ്ഥാന പോലീസ് മേധാവി ഡോ ഷെയ്ഖ് ദർവേഷ് സാഹിബും എഡിജിപി അജിത് കുമാറും ചേർന്നാണ് സ്വീകരിച്ചത്. ഇന്ന് രാവിലെ കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിൽ ഡിജിപിയും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നലെ മുഖ്യമന്ത്രി ഡിജിപിയോട് റിപ്പോർട്ടും തേടിയിരുന്നു.

സർക്കാരിനെയും പാർട്ടിയേയും പ്രതിസന്ധിയിലാക്കുന്ന ഗുരുത ആരോപണങ്ങളാണ് ഭരണകക്ഷി എംഎൽഎയായ പി.വി.അൻവർ ഇന്നലെ ഉയര്‍ത്തിയത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, എഡിജിപി എം.ആർ. അജിത്കുമാർ പത്തനംതിട്ട എസ്പി സുജിത് ദാസ് എന്നിവർക്കെതിരെയായിരുന്നു വെളിപ്പെടുത്തല്‍. ഇടത് സർക്കാരിലെ മന്ത്രിമാരുടെയും മാധ്യമപ്രവർത്തകരുടേയും ഫോൺ പോലിസ് ചോർത്തിയെന്നും എഡിജിപി കൊലയാളിയാണെന്നും അടക്കമുള്ള നിരവധി ആരോപണങ്ങള്‍ ഇടത് എംഎല്‍എ വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചിരുന്നു.

മുഖ്യമന്ത്രിയെ അനുസരിക്കാത്ത പോലീസാണ് കേരളത്തിലുള്ളത്. മുഖ്യമന്ത്രിയുടെ വിശ്വസ്തർ അദ്ദേഹത്തെ പ്രശ്നങ്ങളിൽ ചാടിക്കുന്നു. അവർ ചെയ്തു കൂട്ടുന്നതിനെല്ലാം ഒടുവിൽ പഴി കേൾക്കുന്നത് അദ്ദേഹം മാത്രമാണ്. പൊളിറ്റക്കൽ സെക്രട്ടറി പി.ശശി പരാജയമാണ്.പൊളിറ്റിക്കൽ സെക്രട്ടറിയെയും, അജിത്കുമാറിനെയും വിശ്വസിച്ചാണ് മുഖ്യമന്ത്രി ചുമതലകൾ നൽകിയത്. അവര്‍ അത് കൃത്യമായി ചെയ്തില്ലെന്നും അന്‍വര്‍ കുറ്റപ്പെടുത്തിയിരുന്നു.

പത്തനംതിട്ട എസ്പിയും എഡിജിപിയും സെൻട്രൽ ജയിലിലാകും. പോലീസിലെ ക്രിമിനൽ സംഘത്തിൻ്റെ ഇടപാടുകളെല്ലാം പി ശശിയുടെ അറിവോടെയാണ് നടക്കുന്നത്. മുമ്പ് കസ്റ്റംസിലായിരുന്ന സുജിത്ത് ദാസ് സ്വര്‍ണക്കടത്തിന് കൂട്ടുനിൽക്കുകയാണ്. വിമാനത്താവളത്തിലൂടെ കടത്തുന്ന സ്വർണം കസ്റ്റംസ് പിടിക്കാതെ വിടും. ഈ വിവരം ഉടന്‍ സുജിത് ദാസിനെ അറിയിക്കും. തുടര്‍ന്ന് റോഡിൽ വാഹനം തടഞ്ഞ് പോലീസ് പിടിക്കും. ഇങ്ങനെ പിടികൂടുന്ന സ്വർണം പോലിസുകാർ കവരുകയാണ് എന്നുമായിരുന്നു അൻവറിന്‍റെ ആരോപണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top