കേന്ദ്ര അന്വേഷണം പിണറായിയെ പൂട്ടാനോ; ഒത്തുകളിക്ക് കളമൊരുക്കലെന്ന് പ്രതിപക്ഷം; എങ്ങനെ പ്രതിരോധിക്കുമെന്നറിയാതെ സിപിഎമ്മും സര്‍ക്കാരും

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനേയും സിപിഎമ്മിനേയും അസ്വസ്ഥപ്പെടുത്തുന്നതാണ് എക്‌സാലോജിക് കമ്പനിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ കണ്ടെത്തലുകള്‍ കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായാല്‍ അത് സിപിഎമ്മിനെ തീര്‍ത്തും ദുര്‍ബലപ്പെടുത്തും. പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലെപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി) കൂടി അന്വേഷണപരിധിയില്‍ വരുന്നതിനാല്‍ വിവാദത്തിന് ആക്കം കൂടും. സര്‍ക്കാര്‍ സ്ഥാപനത്തെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമം എന്നത് സമീപകാല രാഷ്ട്രീയത്തില്‍ കേട്ടു കേള്‍വിയില്ലാത്ത ആരോപണമാണ്. മുഖ്യമന്ത്രിയുടെ മകള്‍ക്ക് പണം സമ്പാദിക്കാന്‍ സര്‍ക്കാര്‍ സംവിധാനത്തെയാകെ ദുരുപയോഗം ചെയ്തുവെന്ന അതീവ ഗുരുതരമായ ആരോപണത്തിന് പാര്‍ട്ടിയും സര്‍ക്കാരും തിരഞ്ഞെടുപ്പ് കാലത്ത് മറുപടി പറയാന്‍ ഏറെ വിഷമിക്കേണ്ടി വരും.

വീണയുടെ എക്‌സാലോജിക്കിന് കൊച്ചി ആസ്ഥാനമായ സിഎംആര്‍എല്‍ കമ്പനി 1.72 കോടി നല്‍കിയെന്ന ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട് വന്നപ്പോള്‍ അതിനെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സിപിഎം ഏറെ പാടുപെട്ടിരുന്നു. രണ്ട് കമ്പനികള്‍ തമ്മിലുള്ള നിയമപരമായ കരാര്‍ എന്ന വിശദീകരണമാണ് അന്ന് നല്‍കിയത്. എന്നാല്‍ എക്‌സാലോജിക് ഒരു സേവനവും നല്‍കാതെയാണ് ഇത്രയും തുക കൈപ്പറ്റിയതെന്ന വിവരം കൂടി പുറത്തുവന്നതോടെ കൂടുതല്‍ വിശദീകരണത്തിന് നില്‍ക്കാതെ പഴയ നിലപാടില്‍ തുടരുകയാണ് സിപിഎം ചെയ്തത്.

എക്സാലോജിക് കമ്പനി നിരവധി നിയമലംഘനങ്ങള്‍ നടത്തിയെന്നാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. അതിനാലാണ് വിശദമായ അന്വേഷണത്തിലേക്ക് കോര്‍പ്പറേറ്റ് മന്ത്രാലയം കടന്നിരിക്കുന്നത്. കര്‍ണാടക ഡെപ്യൂട്ടി രജിസ്ട്രാര്‍ ഓഫ് കമ്പനീസ് വരുണ്‍ ബിഎസ്, ചെന്നൈ ഡപ്യൂട്ടി ഡയറക്ടര്‍ കെ.എം.ശങ്കര നാരായണന്‍, പോണ്ടിച്ചേരി രജിസ്റ്റാര്‍ ഓഫ് കമ്പനീസ് (ആര്‍.ഒ.സി) എ. ഗോകുല്‍നാഥ് എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. നാല് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഇവരുടെ അന്വേഷണത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.ഐ.എഫ്.ഒ) തുടരന്വേഷണം ഏറ്റെടുക്കും.

ചിലവുകള്‍ പെരുപ്പിച്ച് ലാഭം മറച്ചുവെച്ചു എന്ന ആരോപണമാണ് എക്‌സാലോജിക്കിനെതിരെയുള്ളത്. സമാനമായ ആരോപണമാണ് കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിനെതിരേയും. പൊതുമേഖല സ്ഥാപനമായ കെഎസ്‌ഐഡിസിക്ക് സിഎംആര്‍എല്ലില്‍ 14 ശതമാനം ഓഹരിയുണ്ട്. ലാഭം കുറച്ച് കാണിച്ചതിനാല്‍ പൊതുമേഖല സ്ഥാപനത്തിന് ലഭിക്കേണ്ട വിഹിതമാണ് നഷ്ടമായത്. ഇവയെല്ലാം കണ്ടെത്തിയാല്‍ മുഖ്യമന്ത്രിയും മകളും മാത്രമല്ല വ്യവസായ വകുപ്പും മറുപടി പറയേണ്ടി വരും.

നിയമസഭാ, ലോക്‌സഭാ സമ്മേളനങ്ങള്‍ ചേരാനിരിക്കെ ഈ ആരോപണങ്ങള്‍ സിപിഎമ്മിനെ സംസ്ഥാന – ദേശീയ തലങ്ങളില്‍ പ്രതിരോധത്തിലാക്കുമെന്ന് ഉറപ്പാണ്. ഇതിനിടയിലാണ് വ്യക്തിപൂജ സംബന്ധിച്ച് എം.ടി.വാസുദേവന്‍ നായര്‍ ഉയര്‍ത്തിയ വിമര്‍ശനത്തില്‍ മുഖ്യമന്ത്രിയും സിപിഎമ്മും പ്രതിരോധത്തിലായിരിക്കുന്നത്. ഇതോടൊപ്പം തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ക്ഷേമപെന്‍ഷനുകള്‍ഡ മുടങ്ങിയതും സര്‍ക്കാറിനെ വല്ലാതെ ഉലയ്ക്കുന്നുണ്ട്.

കേന്ദ്ര അന്വേഷണം എന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ പ്രത്യേക ആവേശമൊന്നും തോന്നുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സംഘപരിവാര്‍ – സിപിഎം ധാരണയാണ് കേരളത്തിലെ കേന്ദ്ര അന്വേഷണങ്ങളില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. നേരത്തെ നാല് കേസുകളില്‍ സിപിഎം-ബിജെപി ധാരണയുണ്ടായി. അഞ്ചാമത്തെ കേസിലും അതുണ്ടാകുമോയെന്ന് നോക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന്റെ അവസാനം എന്ത് സംഭവിക്കുമെന്ന് വ്യക്തമല്ല. പല അന്വേഷണവും ഒന്നുമല്ലാതായിട്ടുണ്ട്. കേന്ദ്ര ഏജന്‍സിയെ കൊണ്ട് വന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അവിഹിത ബന്ധമുണ്ടാക്കാനുള്ള ശ്രമമാണോയെന്ന് സംശയിക്കുന്നതായും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top