57.24 കോടി മുൻ ഭാരവാഹികളിൽ നിന്നും തിരിച്ചുപിടിക്കണം; കണ്ടല ബാങ്ക് തട്ടിപ്പിൽ നടത്തിയ അന്വേഷണ റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: മാറനല്ലൂരിലെ കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ ഉണ്ടായ നഷ്ടം മുൻ ഭാരവാഹികളിൽ നിന്നും തിരിച്ചുപിടിക്കണമെന്ന് അന്വേഷണ റിപ്പോർട്ട്. 57.24 കോടി രൂപ മുൻ ഭാരവാഹികളിൽനിന്നും സെക്രട്ടറിമാരിൽനിന്നും തിരിച്ചുപിടിക്കണമെന്ന് സഹകരണസംഘം ഇൻസ്പെക്ടർ കാട്ടാക്കട അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സിപിഐ നേതാവും ഏറെക്കാലം ബാങ്കിന്റെ പ്രസിഡന്റുമായ എ ഭാസുരാംഗനിൽനിന്നുമാത്രം 5.11 കോടി രൂപയാണ് തിരിച്ചുപിടിക്കേണ്ടതെന്നും റിപ്പോർട്ടിലുണ്ട്.
മുൻ ഡയറക്‌ടർ ബോർഡ് അംഗങ്ങളിലും സെക്രട്ടറിമാരിൽ നിന്നും എത്രരൂപവീതം തിരികെ പിടിക്കേണ്ടതുണ്ടെന്ന് വിശദമായ കണക്ക് റിപ്പോർട്ടിൽ നൽകിയിട്ടുണ്ട്. സിപിഐ നേതാവിന് പുറമേ ടി പദ്‌മാവതി അമ്മ, സികൃഷ്ണൻകുട്ടി, എ സലിം എന്നിവരിൽനിന്ന് 5.11 കോടിവീതം തിരികെപ്പിടിക്കണം. ആകെ 21 പേരിൽനിന്നാണ് ബാങ്കിനുണ്ടായ നഷ്ടം തിരിച്ചുപിടിക്കേണ്ടത്. ഇതിൽ 4 പേർ മരണപ്പെട്ടു.
വർഷങ്ങളായി തുടർന്ന ഭരണസമിതിയുടെ കെടുകാര്യസ്ഥതയും ക്രമക്കേടുകളും കാരണം ബാങ്കിന്റെ ആസ്തിയിൽ 101 കോടി രൂപയുടെ നഷ്ടം ഉണ്ടായതായിട്ടാണ് 2021ൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ബാങ്കിനുണ്ടായ നഷ്ടം മുൻ ഭാരവാഹികളിൽനിന്നു പലിശയുൾപ്പെടെ തുക തിരിച്ചുപിടിച്ച് സഹകരണനിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പുവരുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.
അനധികൃതമായി ജീവനക്കാരെ നിയമിച്ച് സ്ഥാനക്കയറ്റവും ശമ്പളവും നൽകി. നിർമാണപ്രവർത്തികൾ നടത്തി വൻതുക ചെലവഴിച്ചു. മാറനല്ലൂർ ക്ഷീരവ്യവസായ സംഘത്തിന് അനധികൃതമായി വായ്പ, ഓഹരി എന്നിവയ്ക്കായി പണം നൽകി. വാഹനം വാങ്ങിയതുൾപ്പെെട സംഘം ഫണ്ട് ചെലവഴിച്ചു. അനധികൃതമായി ലോണുകൾ നൽകി എന്നൊക്കെയാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
ബാങ്കിൽ 2005 മുതൽ 2021 ഡിസംബർവരെ നിക്ഷേപത്തിൽനിന്നു വകമാറ്റി 80.27 കോടി രൂപയാണ് ക്രമരഹിതമായി ചെലവഴിച്ചത്. ബാങ്കിന്റെയും കണ്ടല സഹകരണ ആശുപത്രിയുടെയും സ്ഥാവരജംഗമ വസ്തുക്കളിൽ വകമാറ്റി ചെലവഴിച്ചത് 6.75 കോടിയാണ്.നിക്ഷേപത്തിൽനിന്ന് എംഡിഎസിലേക്കു വകമാറ്റിയത് 10 കോടി രൂപയാണ്. 2005-2006 വർഷത്തിൽ മാത്രം അധികപലിശ നിരക്കിലും സഹകരണ ആശുപത്രിയിലേക്ക് ചെലവുകളിലുമായി 3.9 കോടി വകമാറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ 101 കോടിരൂപയാണ് തിരികെ ലഭിക്കാത്ത വിധത്തിൽ നഷ്ടമായിരിക്കുന്നത്. ബാങ്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെ ഭരണസമിതി രാജിവെച്ചിരുന്നു. ഇപ്പോൾ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലാണ് ബാങ്ക് പ്രവർത്തിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here