കെടിഡിഎഫ്സിക്കെതിരെ നിക്ഷേപകർ ഹൈക്കോടതിയിൽ; നൽകാനുള്ളത് 490 കോടി രൂപ

എറണാകുളം: കേരളാ ട്രാൻസ്‌പോർട് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷനിൽ (കെടിഡിഎഫ്സി) നിക്ഷേപിച്ച പണം തിരിച്ചു നൽകാത്തതിനെതിരെ നാലു നിക്ഷേപകർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. കൊൽക്കത്തയിലെ ശ്രീരാമകൃഷ്ണാശ്രമം ഉൾപ്പെടെയുള്ള നാലു നിക്ഷേപകരാണ് പരാതിയുമായി രംഗത്തെത്തിയത്. സർക്കാർ ഗാരന്റി ഉള്ളതുകൊണ്ടാണ് പണം നിക്ഷേപിച്ചതെന്ന് ഹർജിയിൽ പറയുന്നു.

നാലു നിക്ഷേപകർക്കുമായി 490 കോടിയാണ് നൽകാനുള്ളത്. ശ്രീരാമകൃഷ്ണാശ്രമത്തിന് മാത്രം 170 കോടി രൂപ നൽകണം . സർക്കാരിനെതിരെ കേസിനു പോകുമെന്ന ഘട്ടത്തിൽ റിസർവ് ബാങ്ക് ഇടപെട്ട് കെടിഡിഎഫ്സിയിൽ നിന്ന് 55 കോടി ഈടാക്കി നൽകിയിരുന്നു. ബാക്കി 115 കോടി ഇനിയും കുടിശ്ശികയുണ്ട്.

580 കോടിയാണ് കെടിഡിഎഫ്സിയുടെ നിക്ഷേപം. 4000 കോടി വരെയുള്ള നിക്ഷേപത്തിന് സർക്കാരാണ് ഗാരന്റി നിൽക്കുന്നത്. ഈ വിവരം കെടിഡിഎഫ്സി ഹൈക്കോടതിയെ നേരത്തെ അറിയിച്ചിരുന്നു. കോർപറേഷൻ സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ പണം സർക്കാരിൽ നിന്ന് ഈടാക്കി തരണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. ഹർജികൾ കോടതി ചൊവ്വാഴ്ച പരിഗണിക്കും.

Logo
X
Top