‘പണം താ’ നിക്ഷേപകർ കൂട്ടത്തോടെ വി.എസ്.ശിവകുമാറിൻ്റെ വീട്ടിൽ, ആളെ വിട്ടവരെ അറിയാമെന്ന് വിഎസ് ശിവകുമാർ

തിരുവനന്തപുരം: അൺ എംപ്ലോയീസ് സോഷ്യൽ വെൽഫയർ കോപ്പറേറ്റീവ് സൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രി വി.എസ് ശിവകുമാറിന്റെ വീടിന് മുന്നിൽ നിക്ഷേപകരുടെ പ്രതിഷേധം. എന്നാൽ ബാങ്ക് ഉൽഘാടനം ചെയ്തതിൻ്റെ പേരിൽ നിക്ഷേപകരെ കൂട്ടത്തോടെ തൻ്റെ വീട്ടിലേക്ക് അയച്ചവരെ കുറിച്ച് അറിയാമെന്നും ഗൂഢാലോചന അന്വേഷിക്കാൻ ആവശ്യപ്പെടുമെന്നും മാധ്യമ സിൻഡിക്കേറ്റിനോട് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം ശാസ്തമംഗലത്തെ വീട്ടിന് മുന്നിലാണ് നിക്ഷേപകർ പ്രതിഷേധിച്ചത്. വൻ പോലീസ് സന്നാഹം വീടിന് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. നിക്ഷേപത്തിന് രണ്ടുവർഷമായി പലിശ പോലും ലഭിക്കുന്നില്ലെന്നും സൊസൈറ്റിയുടെ പ്രസിഡന്റ് പണം മുഴുവൻ പിൻവലിച്ചുവെന്നും നിക്ഷേപകർ പറയുന്നു.


ശിവകുമാറിന്റെ ഉത്തരവാദിത്തത്തിലാണ് പണം നിക്ഷേപിച്ചതെന്ന് മുന്നൂറോളം വരുന്ന പ്രതിഷേധക്കാർ ആരോപിച്ചു. ശിവകുമാറിന്റെ ബെനാമിയായ രാജേന്ദ്രനാണ് ബാങ്കിന്റെ പ്രസിഡന്റെന്നും നിക്ഷേപകർ പറയുന്നു. മുൻ മന്ത്രിയുടെ ബാങ്കാണെന്ന് പറഞ്ഞാണ് നിക്ഷേപം സമാഹരിച്ചത്. പലതവണ പ്രതിഷേധവുമായി ശിവകുമാറിനെ സമീപിച്ചെങ്കിലും മകളുടെ വിവാഹമാണെന്നും പിന്നീട് പരിഹരിക്കാമെന്നുമായിരുന്നു അദ്ദേഹം മറുപടി നൽകിയതെന്ന് നിക്ഷേപകർ വെളിപ്പെടുത്തി. എന്നാൽ മകളുടെ വിവാഹം കഴിഞ്ഞതിന് പിന്നാലെ എത്തിയപ്പോൾ ബാങ്കിന്റെ ഉദ്ഘാടനം നിർവഹിച്ചതിനപ്പുറം ബാങ്കുമായി തനിക്ക് ബന്ധമില്ലെന്നും ബോർഡ് അംഗത്വം പോലുമില്ലെന്നും തനിക്ക് പണമിടപാടിൽ പങ്കില്ലെന്നും പണം നിക്ഷേപിക്കാൻ താൻ ആരോടും പറഞ്ഞിട്ടില്ലെന്നും നിക്ഷേപകരുടെ പരാതിയിൽ അന്വേഷണം വേണമെന്നും ശിവകുമാർ പ്രതികരിച്ചു. ബാങ്കിന് മൂന്ന് ശാഖകൾ ആണ് ഉള്ളത്.

Logo
X
Top