ഗൗഡയുടെ പത്രപ്പരസ്യം കണ്ട് ഞെട്ടി നേതാക്കള്‍; ജെഡിഎസില്‍ രാഷ്ട്രീയപ്പോര് മുറുകുന്നു

തിരുവനന്തപുരം: ജനതാദള്‍ (എസ്) ദേശീയ എക്സിക്യൂട്ടീവ് യോഗം നാളെ ബംഗളൂരുവില്‍ നടക്കുന്നതായി അറിയിച്ച് പാര്‍ട്ടിയുടെ പത്രപ്പരസ്യം. ദേശീയ എക്സികൂട്ടീവ് അംഗങ്ങളേയും സംസ്ഥാന അധ്യക്ഷന്മാരെയും സ്വാഗതം ചെയ്ത് ദേവെഗൗഡയുടെ വലിയ ചിത്രം സഹിതമാണ് പരസ്യമുള്ളത്. ഒരു രാഷ്ട്രീയ പാര്‍ട്ടി ആദ്യമായിട്ടാകും ദേശീയ ഭാരവാഹികളെ സ്വാഗതം ചെയ്ത് പത്രപ്പരസ്യം നല്‍കുന്നത്. ജെഡിഎസിന് എംഎല്‍എമാരും മന്ത്രിയുമുള്ള കേരള ഘടകത്തെ ലക്ഷ്യംവെച്ചുള്ള പരസ്യം ടൈംസ്‌ ഓഫ് ഇന്ത്യയിലാണ് നല്‍കിയിരിക്കുന്നത്.

ബിജെപി ബന്ധത്തിന്റെ പേരില്‍ ഗൗഡയും സംസ്ഥാന ഘടകങ്ങളും വേര്‍പിരിഞ്ഞ് നില്‍ക്കെയാണ് ഗൗഡ വിഭാഗത്തിന്റെ പരസ്യം പ്രത്യക്ഷപ്പെടുന്നത്. നാളെ ഗൗഡയുടെ വിളിച്ച യോഗം നടക്കുമ്പോള്‍ ജെഡിഎസില്‍ നിന്നും രാജിവെച്ച പാര്‍ട്ടി കര്‍ണാടക അധ്യക്ഷന്‍ സി.എം.ഇബ്രാഹിം ഈ മാസം 11-ന് പാര്‍ട്ടിയുടെ ദേശീയ യോഗം വിളിച്ചിട്ടുണ്ട്.

പാര്‍ട്ടിയുടെ കേരളഘടകത്തെയോ ദേശീയ നേതാക്കളെയോ അറിയിക്കാതെയാണ് നാളത്തെ യോഗം ഗൗഡ വിളിച്ചിരിക്കുന്നത്. കേരളത്തിലെ ജെഡിഎസ് നേതാക്കള്‍ മിക്കവരും യോഗത്തിനെത്തുന്നില്ല. എന്നാല്‍ 11 ന് വിളിച്ച യോഗത്തില്‍ കേരളത്തിലെ ജെഡിഎസ് നേതാവും പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റുമായ സി.കെ.നാണു പങ്കെടുക്കുന്നുണ്ട്. ഇബ്രാഹിം വിളിച്ച യോഗത്തിനും കേരളത്തിലെ വലിയ വിഭാഗം നേതാക്കള്‍ പങ്കെടുക്കുന്നില്ല. ദേവഗൗഡ വിഭാഗം ബിജെപിയോട് ചേര്‍ന്നതോടെ പാര്‍ട്ടിയില്‍ ആശയക്കുഴപ്പം പിടിമുറുക്കിയിട്ടുണ്ട്. നേതാക്കളുടെ പ്രതികരണങ്ങള്‍ ഈ രീതിയിലുള്ള സൂചനകളാണ് നല്‍കുന്നത്.

ഗൗഡ വിഭാഗം പത്രപ്പരസ്യം നല്‍കിയത് അറിഞ്ഞിട്ടില്ലെന്ന് ജെഡിഎസ് കേരളഘടകം സംസ്ഥാന പ്രസിഡന്റ് മാത്യു.ടി.തോമസ്‌ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. മറ്റ് നേതാക്കള്‍ പങ്കെടുക്കുന്നുണ്ടോ എന്നറിയില്ല. സി.എം.ഇബ്രാഹിം വിളിച്ച യോഗം അറിയിച്ചിട്ടില്ലെന്നും യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്നും മാത്യു.ടി.തോമസ്‌ പറയുന്നു.

നാളത്തെ ഗൗഡയുടെ യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. പാര്‍ട്ടിയുടെ സംസ്ഥാന ഘടകം എടുക്കുന്ന തീരുമാനമാണ് തനിക്കും ബാധകമാകുന്നതെന്ന് കൃഷ്ണന്‍കുട്ടി പറഞ്ഞു.

ഗൗഡയുടെ യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്ന് ജെഡിഎസ് ദേശീയ വൈസ് പ്രസിഡന്റായ മുന്‍ എംഎല്‍എ സി.കെ.നാണു മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ഗൗഡ സ്വീകരിച്ച ബിജെപി ബന്ധത്തില്‍ കേരള ഘടകവും നേതാക്കളും വിയോജിപ്പ്‌ നേരിട്ട് അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കേരളത്തിലെ കാര്യങ്ങള്‍ ഗൗഡക്ക് അറിയാം. എന്നാല്‍ 11-ന് സി.എം.ഇബ്രാഹിം വിളിച്ച യോഗത്തില്‍ പങ്കെടുക്കുമെന്ന് നാണു പറഞ്ഞു.

ഗൗഡയുടെ മീറ്റിംഗിനെക്കുറിച്ച് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും യോഗത്തില്‍ പങ്കെടുക്കില്ലെന്നും ജെഡിഎസ് ദേശീയ സെക്രട്ടറി ജോസ് തെറ്റയില്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. പത്രപ്പരസ്യം നല്‍കി ഭാരവാഹികളെ ക്ഷണിക്കുന്നത് കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണ്. സി.എം.ഇബ്രാഹിം വിളിക്കുന്ന യോഗത്തിലും പങ്കെടുക്കുന്നില്ലെന്നും തെറ്റയില്‍ അറിയിച്ചു.

ദേവെഗൗഡ വിഭാഗം കര്‍ണാടകയില്‍ ബിജെപിയുമായി സഖ്യത്തിലേര്‍പ്പെട്ടതോടെ ജെഡിഎസ് പലതായി മാറിയിരിക്കുകയാണ്. പാര്‍ട്ടിയില്‍ ഇപ്പോള്‍ രാഷ്ട്രീയപ്പോര് മുറുകുകയാണെന്ന് ഗൗഡയും ഇബ്രാഹിമും വിളിക്കുന്ന യോഗങ്ങള്‍ സൂചന നല്‍കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top