വ്ലോഗേഴ്സിനെ പരിഗണിച്ച് ഐഫോൺ 16 പ്രോ; പുതിയ അപ്ഡേറ്റുമായി ആപ്പിൾ

ഓരോ വര്‍ഷവും ഐഫോണ്‍ ഇറക്കുന്ന അപ്പിള്‍ എന്ത് പുതുമയാണ് കൊണ്ടുവരുന്നതെന്ന് അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നവര്‍ക്ക് ഇതാ ഒരു പുതിയ വാര്‍ത്ത. ഈ വര്‍ഷം ഇറങ്ങാന്‍ പോകുന്ന ഐഫോണ്‍ 16 പ്രോ സീരീസ് പ്രത്യേക ക്യാമറ ബട്ടണുമായാണ് വിപണിയിലെത്തുന്നതെന്ന് ‘ദി ഇന്‍ഫോര്‍മേഷന്‍’ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം കണ്ടന്‍റ് ക്രിയേറ്റേഴ്‌സ് ഫോട്ടോകളും വീഡിയോകളും എടുക്കാന്‍ ലാൻഡ്‌സ്‌കേപ്പ് മോഡിനെ ആശ്രയിക്കുന്നത് കണക്കിലെടുത്താണ് ഈ അപ്ഡേറ്റ്.

തിരശ്ചീനമായി (Horizontal) എടുക്കുന്ന വീഡിയോകള്‍ ടെലിവിഷന്‍ പോലുള്ള സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്നതോടെ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തും. ഇതായിരിക്കാം ഇത്തവണത്തെ ഐഫോണിന്‍റെ സെല്ലിങ്ങ് പോയിന്‍റ്. ഫോണിന്‍റെ വലതുവശത്ത് താഴെയായിട്ടായിരിക്കും ക്യാമറ ബട്ടൺ. ഫോണ്‍ തിരശ്ചീനമായി പിടിച്ച് വീഡിയോകള്‍ എടുക്കുമ്പോള്‍ ചൂണ്ടുവിരലിന് തൊട്ടുതാഴെയായി ക്യാമറ ബട്ടൺ വരുന്ന വിധമായിരിക്കും ഇത്. അതുകൊണ്ട് തന്നെ എളുപ്പത്തില്‍ ഉപയോഗിക്കാം എന്നതാണ് പ്രത്യേകത.

അതേസമയം ആപ്പിളുമായി ബന്ധപ്പെട്ട വാര്‍ത്തകളും അഭ്യൂഹങ്ങളും റിപ്പോര്‍ട്ട്‌ ചെയ്യുന്ന അമേരിക്കന്‍ വെബ്സൈറ്റ് ‘മാക്റൂമേഴ്‌സ്’ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഐഫോണ്‍ 16 സീരീസില്‍ ‘പ്രോജക്ട് നോവ’ എന്ന കോഡ് നാമത്തിലുള്ള ഒരു കപ്പാസിറ്റീവ് ബട്ടൺ കൂടി ഉണ്ടാകുമെന്ന് പറയുന്നു. ഇത് മെക്കാനിക്കലിന് പകരം കപ്പാസിറ്റീവ് ബട്ടൺ ടൈപ്പ് ആകും. ഐ ഫോൺ SEയിലെ ഹോം ബട്ടന് സമാനമാകും ഇത്. ഹാപ്‌റ്റിക് എഞ്ചിനുകളുടെ സഹായത്താല്‍ സ്പര്‍ശനം തിരിച്ചറിയാനും ഫീഡ്‌ബാക്ക് നൽകാനും സാധിക്കും എന്നതാണ് പ്രത്യേകത. ക്യാമറയുടെ സൂമിങ്ങ് നിയന്ത്രിക്കാൻ ഇടത്തോട്ടും വലത്തോട്ടും സ്വൈപ്പ് ചെയ്താൽ മതിയാകും.

എന്തായാലും ഈ പറയുന്ന ഫീച്ചേഴ്‌സ് എല്ലാം പുതിയ ഐഫോണ്‍ 16 സീരീസില്‍ ഉള്‍പെടുമോ എന്ന് അറിയാൻ സെപ്റ്റംബര്‍ വരെ കാത്തിരിക്കേണ്ടി വരും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top