iPhone 16നായി വന്‍ജനക്കൂട്ടം; ആപ്പിൾ സ്റ്റോറുകൾക്ക് മുന്നില്‍ അത്ഭുതകരമായ ക്യൂ; പുതിയ സീരിസിന്‍റെ പ്രത്യേകതകള്‍


ആപ്പിളിന്റെ ഐഫോൺ 16 സീരീസ് ഇന്ത്യയിൽ വിൽപന തുടങ്ങി. ഐഫോൺ 16, 16 പ്ലസ്, 16 പ്രോ, 16 പ്രോ മാക്സ് എന്നിങ്ങനെ നാലു മോഡലുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഡൽഹിയിലും മുംബൈയിലുമുള്ള ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ വൻ ജനക്കൂട്ടമാണ് ഫോൺ വാങ്ങാന്‍ എത്തിയിരിക്കുന്നത്. ഇന്നലെ ഉച്ചമുതൽ ആളുകൾ ഫോണിനായി വരിനിന്നു തുടങ്ങിയിരുന്നു.

20 മണിക്കൂറുകളിൽ അധികമായി നൂറുകണക്കിനാളുകളാണ് ക്യൂ നിൽക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെ ആദ്യത്തെ ആപ്പിൾ സ്റ്റോറായ മുംബൈയിലെ ബികെസിയിലെ ആപ്പിൾ സ്റ്റോറിന് മുന്നിൽ ഗുജറാത്തിലെ സൂററ്റിൽ നിന്നും വരെ ആളുകളെത്തി വരി നിൽക്കുന്നുണ്ട്. ഡൽഹിയിലെ സാകേത് ആപ്പിൾ സ്റ്റോറിൽ നിന്നും ഐഫോൺ വാങ്ങാൻ തടിച്ചുകൂടിയവരുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

ഇന്ത്യയിലെ രണ്ട് ഔദ്യോഗിക ആപ്പിൾ സ്റ്റോറുകളിലുംആമസോൺ, ഫ്ലിപ്കാർട്ട്, ക്രോമ ഇ-കൊമേഴ്‌സ് സ്റ്റോറുകളിൽ നിന്നും ഉപഭോക്താക്കൾക്ക് ഐഫോൺ 16 സീരീസ് വാങ്ങാം. ആപ്പിൾ ഇൻ്റലിജൻസ് തന്നെയാണ് ഐഫോൺ 16 സീരീസിന്റെ ഏറ്റവും വലിയ സവിശേഷത. മുന്‍ സീരിസുകളെ അപേക്ഷിച്ച് ഹാര്‍ഡ്‌വെയർ അപ്ഗ്രേഡുകളോടെയാണ് പുതിയ സീരിസ് അവതരിപ്പിച്ചിരിക്കുന്നത്. പതിവുപോലെ വലിയ മാറ്റങ്ങൾ ഇല്ലാതെയാണ് ഇത്തവണയും പുതിയ മോഡലുകൾ പുറത്തിറക്കിയിരിക്കുന്നത്.

ഐ ഫോണ്‍ 15 പ്രോയേക്കാള്‍ കുറഞ്ഞ വിലയിലാണ് 16 പ്രോ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ ഇറക്കുമതി തീരുവ വെട്ടിക്കുറച്ചതാണ് വില കുറയാൻ കാരണം. ഐഫോൺ 16 പ്രോയുടെ പ്രാരംഭ വില 1,19,900 രൂപയും ഐഫോൺ 16 പ്രോ മാക്‌സിന് 1,44,900 രൂപയുമാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഐഫോൺ 15 പ്രോ, പ്രോ മാക്‌സ് എന്നിവയ്ക്ക് യഥാക്രമം 1,34,900 രൂപയ്ക്കും 1,59,900 രൂപയായിരുന്നു പ്രാരംഭ വില.

ഐഫോൺ 16 സീരീസ് ഇന്ത്യയിലെ വില ( iPhone 16 series price in India)


ഐഫോൺ 16

128GB സ്റ്റോറേജ്: 79,900 രൂപ

256GB സ്റ്റോറേജ്: 89,900 രൂപ

512GB സ്റ്റോറേജ്: 109,900 രൂപ


ഐഫോൺ 16 പ്ലസ്

128GB സ്റ്റോറേജ്: 89,900 രൂപ

256GB സ്റ്റോറേജ്: 99,900 രൂപ

512GB സ്റ്റോറേജ്: 119,900 രൂപ


ഐഫോൺ 16 പ്രോ

128GB സ്റ്റോറേജ്: 119,900 രൂപ

256GB സ്റ്റോറേജ്: 129,900 രൂപ

512GB സ്റ്റോറേജ്: 149,900 രൂപ

ഐഫോൺ 16 പ്രോ മാക്‌സ്

256GB സ്റ്റോറേജ്: 144,900 രൂപ

512GB സ്റ്റോറേജ്: 164,900 രൂപ

1TB സ്റ്റോറേജ്: 184,900 രൂപ

കഴിഞ്ഞ ആഴ്ച സീരിസിൻ്റെ പ്രീ ബുക്കിംഗ് തുടങ്ങിയിരുന്നു. ആകെ 3.7 കോടി ആളുകളാണ് ആപ്പിൾ സ്റ്റോർ വഴി നേരിട്ടും ആമസോൺ, ഫ്‌ളിപ്പ് കാർട്ട്, ക്രോമ, റിലയന്‍സ് ഡിജിറ്റല്‍ എന്നീ പ്ലാറ്റ്ഫോം വഴിയും ഫോൺ ബുക്ക് ചെയ്തിരിക്കുന്നത്. ഇന്ത്യയെ കൂടാതെ യുഎസ്, ചൈന, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നിവയുൾപ്പെടെ ഏകദേശം 60 രാജ്യങ്ങളിലാണ് പുതിയ ഫോൺ വിൽപനയ്ക്ക് എത്തിയിരിക്കുന്നത്.

ആപ്പിൾ സ്റ്റോർ വഴി ബുക്ക് ചെയ്താൽ ഐസിഐസിഐ, ആക്‌സിസ്, അമേരിക്കൻ എക്‌സ്പ്രസ് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 5000 രൂപയുടെ ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ആണ് ലഭിക്കുക. ആമസോണിൽ എസ്ബിഐ ക്രെഡിറ്റ് കാർഡിനും കൊഡാക്ക് ക്രെഡിറ്റ് കാർഡിനും ഉൾപ്പെടെ 5000 രൂപവരെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും. ഫ്‌ളിപ്പ് കാർട്ടും ക്രോമയും റിലയന്‍സ് ഡിജിറ്റലുമൊക്കെ ഈ നിരക്കിലാണ് ഓഫർ പ്രഖ്യാപിച്ചിട്ടുളളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top