ഐപിഎസ് അസോസിയേഷന് പുതിയ സെക്രട്ടറി വേണം; വനിതാ ഡിഐജിയുടെ കാര്യത്തിൽ ധാരണയായി; തിരഞ്ഞെടുപ്പ് ഉടൻ
തിരുവനന്തപുരം: കേരളാ ഐപിഎസ് അസോസിയേഷനെ നയിക്കാന്‍ വനിതാ സെക്രട്ടറി എത്തുന്നു. സെക്രട്ടറിയായിരുന്ന രാഹുല്‍ ആര്‍ നായര്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ എൻഎസ്ജിയിലേക്ക് മാറിയ ഒഴിവിലാണ് പുതിയ ഭാരവാഹിയെ കണ്ടെത്താനുള്ള നീക്കം. രാഹുലിന് പകരമായി ആര്‍ നിശാന്തിനി ഐപിഎസ് അസോസിയേഷന്റെ നേതൃനിരയിൽ എത്തുമെന്നാണ് സൂചന. ഐഎഎസ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി എംജി രാജമാണിക്യമാണ്. രാജമാണിക്യത്തിന്റെ ഭാര്യയായ നിശാന്തിനി ഐപിഎസ് അസോസിയേഷനെ നയിക്കാനെത്തുമ്പോള്‍ രണ്ട് പ്രധാന സിവില്‍ സര്‍വ്വീസ് അസോസിയേഷനുകളേയും ഒരു വീട്ടില്‍ നിന്നുള്ള രണ്ടുപേര്‍ നയിക്കുന്നുവെന്ന അപൂര്‍വ്വതയും വരും.
ഐജി റാങ്കിലും ഡിഐജി റാങ്കിലുമുള്ള ഐപിഎസുകാര്‍ക്കാണ് അസോസിയേഷനില്‍ സെക്രട്ടറിയാകാന്‍ കഴിയുക. രാഹുല്‍ സ്ഥാനം ഒഴിഞ്ഞതോടെ പുതിയ സെക്രട്ടറിയെ കണ്ടെത്താന്‍ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.
നിശാന്തിനിയെ എതിരില്ലാതെ സെക്രട്ടറിയായി നിയോഗിക്കാനാണ് സാധ്യത. ഇക്കാര്യത്തില്‍ ഐപിഎസുകാര്‍ക്കിടയില്‍ ധാരണയായിട്ടുണ്ട്. നിലവില്‍ സംഘടനയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ നിശാന്തിനിയുണ്ട്.
നിലവിൽ പോലീസ് ആസ്ഥാനത്ത് ഐജിയായ ഹര്‍ഷിതാ അട്ടല്ലൂരി നേരത്തെ ഐപിഎസ് അസോസിയേഷന്റെ സെക്രട്ടറി പദത്തിലെത്തിയിട്ടുണ്ട്. ഡിജിപി റാങ്കില്‍ വിരമിച്ച ആർ ശ്രീലേഖ അസോസിയേഷന്റെ പ്രസിഡന്റ് പദത്തിലും ഇരുന്നിട്ടുണ്ട്. ഈ പദവിയില്‍ ഇരിക്കുമ്പോഴാണ് ശ്രീലേഖ സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്. ശ്രീലേഖയും ഹര്‍ഷിതയും ഒരേ സമയത്താണ് ഭാരവാഹിത്വം വഹിച്ചത് എന്ന പ്രത്യേകതയുമുണ്ട്.
നിലവില്‍ എം പത്മകുമാറാണ് ഐപിഎസ് അസോസിയേഷൻ്റെ പ്രസിഡൻ്റ്. ടോമിന്‍ തച്ചങ്കരിയുടെ വിരമിക്കലിന് ശേഷമാണ് പത്മകുമാര്‍ ഈ പദവിയില്‍ എത്തിയത്. ഡിജിപി റാങ്കിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് പതിവായി പ്രസിഡന്റ് സ്ഥാനം വഹിക്കുക.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here