ഒൻപതാം വാര്‍ഡിന്റെ വേദന സിനിമയിൽ എത്തുമ്പോൾ ഗായകനായി എഡിജിപി ശ്രീജിത്ത്; രചന ഡിവൈഎസ്പി സുനില്‍ ജി ചെറുകടവ്; ‘ദ് സ്‌പോയില്‍സ്’ വേറിട്ടതാകും

എം. മനോജ്‌ കുമാര്‍

തിരുവനന്തപുരം: അഴിഞ്ഞു വീണതും അലസമൊഴിഞ്ഞതും… ഉടഞ്ഞു പോയതും അടര്‍ന്നു മണ്ണില്‍ അമര്‍ന്ന് പോയതും… ഈ വരികളിലുണ്ട് സിനിമയുടെ ഉള്‍ക്കാമ്പ്. പാട്ട് എഴുതിയതും പാടിയതും പോലീസ് ഉദ്യോഗസ്ഥരാണ്. മഞ്ജിത് ദിവാകര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ദ സ്‌പോയില്‍സ് ‘ എന്ന സിനിമയിലെ ഈ ഗാനത്തിലൂടെ പിന്നണി ഗായകനാകുകയാണ് എഡിജിപി എസ് ശ്രീജിത്ത്. വരികളെഴുതിയിരിക്കുന്നത് പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുനിൽ ജി ചെറുകടവാണ്.

https://youtu.be/zCV5CfJoyns

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഒന്‍പതാം വാര്‍ഡിലെ നരകതുല്യമായ ജീവിതത്തിന്‍റെ നേര്‍ കാഴ്ചയായിരുന്നു വർഷങ്ങൾക്ക് മുൻപ് കണ്ണേ മടങ്ങുക എന്ന അടിക്കുറിപ്പിട്ട് മാതൃഭൂമി പ്രസിദ്ധീകരിച്ച ഫോട്ടോ. അത് പുറത്തു വന്നതോടെ വാര്‍ഡിന് പുതിയ മുഖമായി. ഇതേ ഒൻപതാം വാര്‍ഡിലെ ജീവിതങ്ങളിലെ കണ്ണീരും പ്രതീക്ഷകളുമാണ് ‘ദ സ്‌പോയില്‍സി’ല്‍ നിറയുന്നത്.

സാമൂഹികമായി പുതിയ അര്‍ത്ഥതലങ്ങള്‍ നല്‍കുന്നതാണ് ചിത്രം. ഒന്‍പതാം വാര്‍ഡിലെ ജീവിതങ്ങളെ എന്തുകൊണ്ട് ചേര്‍ത്ത് നിര്‍ത്തണമെന്നാണ് സിനിമയിലെ ഈ ഏക ഗാനം പറയുന്നത്. ‘കണ്ണേ മടങ്ങുക’ ഒരിക്കല്‍ക്കൂടി ഓര്‍മ്മയില്‍ എത്തുകയും ചെയ്യുന്നു. പാട്ടിന്റെ ആത്മാവ് ചോരാതെയുള്ള ആലാപനമാണ് സംഗീതജ്ഞന്‍ കൂടിയായ എസ് ശ്രീജിത്തിന്‍റെത്.

ഐപിഎസ് ലഭിക്കും മുന്‍പ് കസ്റ്റംസ് ഉദ്യോഗസ്ഥനും ആകാശവാണിയില്‍ ആര്‍ട്ടിസ്റ്റുമായിരുന്നു എസ് ശ്രീജിത്ത്. സിനിമാ ഗാനത്തിൽ ഇത് തുടക്കമാണ്. ടോമിൻ തച്ചങ്കരി അടക്കം സംഗീതത്തിൽ ഇടപെട്ടിരുന്നവർ പോലീസിൽ പലരുണ്ടായിരുന്നു. എന്നാൽ ആദ്യ പിന്നണി ഗായകന്‍ ആകുകയാണ് എഡിജിപി ശ്രീജിത്. ഗതാഗത കമ്മീഷണറുടെ ഭാരിച്ച ജോലികൾക്കിടയിലും സംഗീതോപാസനയ്ക്കും സമയം കണ്ടെത്തുന്നുണ്ട് അദ്ദേഹം.

ഒന്‍പതാം വാര്‍ഡിലെ മനുഷ്യരോട് കാട്ടേണ്ട പരിഗണനയാണ് ഡിവൈഎസ്പി സുനില്‍.ജി.ചെറുകടവിന്റെ വരികളില്‍ തെളിയുന്നത്. പോലീസില്‍ പേരെടുത്ത അന്വേഷകനായ ഈ അടൂര്‍ സ്വദേശി മുൻപേ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. എഡിജിപിയ്ക്ക് വേണ്ടി എഴുതുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത.

കുമ്പാരീസ് അടക്കമുള്ള നിരവധി ചിത്രങ്ങളില്‍ സംഗീത സംവിധായകനായ സിബു സുകുമാരനാണ് സംഗീതമൊരുക്കുന്നത്. അഞ്ജലി അമീര്‍, പ്രീതി ക്രിസ്റ്റീന പോള്‍, എം എ റഹിം, വിനീത് മോഹന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ആര്യആദി ഇന്റര്‍നാഷണലിന്റെ ബാനറിലുള്ള ചിത്രത്തിന്‍റെ സഹനിര്‍മ്മാതാക്കള്‍ എം.എ. ജോഷിയും മഞ്ജിത്തുമാണ്.

Logo
X
Top