നാഗരാജുവിൻ്റെ കസേര തെറിച്ചു; സ്പർജൻ കുമാർ തിരുവനന്തപുരം കമ്മിഷണറാകും; നടപടി സർക്കാരിൻ്റെ അതൃപ്തിയെ തുടർന്ന്

തുടർച്ചയായി സർക്കാർ പരിപാടികൾ അവഗണിച്ചുപോന്ന ഐജി സി.എച്ച്.നാഗരാജുവിനോട് സർക്കാരിന് കടുത്ത അതൃപ്തിയെന്ന് മാധ്യമ സിൻഡിക്കറ്റ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ അദ്ദേഹത്തിൻ്റെ കസേരയിളകി. നാഗരാജുവിനു പകരം ഐജി സ്പർജൻ കുമാർ കമ്മിഷണറാകും. നാഗരാജുവിനെ തീർത്തും അപ്രധാനമായ പോലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപറേഷൻ്റെ ചുമതലയിലേക്ക് ആണ് മാറ്റിയിരിക്കുന്നത്.

ഇവരെ കൂടാതെ മറ്റു അഞ്ച് സിപിഎസ് ഉദ്യോഗസ്ഥർക്കും മാറ്റമുണ്ട്. ഡിജിപി റാങ്കുകാരനായ ഡോ.സഞ്ജീബ് കുമാർ പട്ജോഷിയെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ്റെ അന്വേഷണ വിഭാഗത്തിലേക്ക് നിയമിച്ചു. പി.പ്രകാശിനെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഐജിയായി നിയമിച്ചു. ഇവയുൾപ്പെടെ ഐപിഎസ് തലത്തിൽ ആകെ ഏഴ് മാറ്റങ്ങളാണ് ആഭ്യന്തരവകുപ്പ് നടത്തിയിരിക്കുന്നത്.

തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ സിഎച്ച് നാഗരാജു തുടർച്ചയായി സർക്കാർ പരിപാടികൾ അവഗണിക്കുന്നതായും ഇത് ശരിയല്ലെന്നും ഡിജിപി മുന്നറിയിപ്പ് നൽകിയിരുന്നു. ജൂൺ ഏഴിന് നടന്ന സർക്കാർ വകുപ്പുകളുടെ പ്രോഗ്രസ് കാർഡ് അവതരിപ്പിക്കുന്ന ചടങ്ങിലേക്ക് കമ്മിഷണർക്ക് ക്ഷണം ഉണ്ടായിരുന്നു. ഇതിൽ നാഗരാജു എത്താത്തത് ഔദ്യോഗിക കേന്ദ്രങ്ങൾ ശ്രദ്ധിക്കുകയും പോലീസ് ഉന്നതരുടെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇക്കഴിഞ്ഞ 23ന് പുതിയ മന്ത്രിയുടെ സത്യപ്രതിജ്ഞ നടന്നപ്പോഴും കമ്മിഷണർ എത്തിയില്ല.

Also read: സർക്കാർ പരിപാടികൾ തുടരെ അവഗണിച്ച് തിരുവനന്തപുരം കമ്മിഷണർ; ഐപിഎസ് ഉന്നതർക്ക് ഡിജിപിയുടെ മുന്നറിയിപ്പ്

ഇതേ ചടങ്ങിനെത്തിയ വിദ്യാഭ്യാസമന്ത്രിയെ പ്ലസ് ടു സീറ്റ് വിഷയത്തിൽ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ തടഞ്ഞത് കൂടിയായപ്പോൾ കമ്മിഷണറുടെ അഭാവം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ഇതോടെയാണ് ഡിജിപി ഇടപെടേണ്ട സാഹചര്യം ഉണ്ടായത്. ഐജി റാങ്കിലുള്ള സിഎച്ച് നാഗരാജുവിനെ നേരിൽ വിളിച്ചുവരുത്തി താക്കീത് ചെയ്തതിന് പുറമെ ഔദ്യോഗികമായി മുതിർന്ന ഐപിഎസുകാർക്കെല്ലാം ചേർത്ത് ‘അഡ്വൈസറി’ നോട്ട് അയക്കുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ച് ഡിജിപിയുടെ മുന്നറിയിപ്പ് നോട്ടിൻ്റെ പകർപ്പ് സഹിതം ഇന്ന് രാവിലെയാണ് മാധ്യമ സിൻഡിക്കറ്റ് റിപ്പോർട്ട് ചെയ്തത്.

മന്ത്രി ഒ.ആർ.കേളുവിൻ്റെ സത്യപ്രതിജ്ഞയ്ക്ക് കമ്മിഷണർക്ക് ഔപചാരിക ക്ഷണം ഉണ്ടായിരുന്നു. ക്ഷണം ഇല്ലെങ്കിലും സ്വന്തം അധികാര പരിധിയിൽ നടക്കുന്ന സർക്കാർ പരിപാടി എന്ന നിലയിൽ പങ്കെടുക്കാനും വേണ്ടിവന്നാൽ സുരക്ഷാകാര്യങ്ങൾ ഏകോപിപ്പിക്കാനും സിറ്റി പോലീസ് കമ്മിഷണർക്ക് ഉത്തരവാദിത്തമുണ്ട്. തുടർച്ചയായി അതിൽ വീഴ്ച വരുന്നതാണ് ഡിജിപിയുടെ ഇടപെടലിലേക്ക് നയിച്ചത്. സിറ്റി പോലീസുമായി ബന്ധപ്പെട്ട ദൈനംദിന കാര്യങ്ങളിൽ കമ്മിഷണർ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല എന്ന വിലയിരുത്തൽ പോലീസ് ഉന്നതതലത്തിൽ മുൻപുതന്നെ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ സർക്കാരിൻ്റെ അതൃപ്തി കൂടിയായതാണ് കമ്മിഷണർക്ക് വിനയായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top